Thursday
21 Mar 2019

ഇടുക്കിയില്‍ പി ജെ ജോസഫ് യുഡിഎഫ് സ്വതന്ത്രന്‍: കോണ്‍ഗ്രസ്സില്‍ ധാരണ

By: Web Desk | Thursday 14 March 2019 10:22 PM IST


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനെ യുഡിഎഫ് പൊതുസ്വതന്ത്രനായി ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്സില്‍ ധാരണ. എ, ഐ വേര്‍തിരിവ് സമൂലം നിഴലിക്കുന്ന ജില്ലയില്‍ ഗ്രൂപ്പ് പോരിന് തെരഞ്ഞെടുപ്പു കാലത്തു പോലും അറുതികാണാനാകാത്തതും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത ഇല്ലായ്മയും പി ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിയായി. ഇടുക്കിയില്‍ സീറ്റുമോഹികളായി മുന്‍ നിരയില്‍ ഇടിച്ചു നിന്നത് ഐ ഗ്രൂപ്പില്‍ നിന്ന് ജോസഫ് വാഴയ്ക്കനും എ ഗ്രൂപ്പില്‍ നിന്ന് ഡീന്‍ കുര്യാക്കാസും ഹൈക്കമാന്‍ഡ് ഇടപെടല്‍ പ്രതിക്ഷിച്ച് മാത്യു കുഴല്‍നാടനുമായിരുന്നു. ഇവര്‍ക്ക് വിജയ സാധ്യത തീരെ ഇല്ല എന്ന തിരിച്ചറിവിലായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ഇടുക്കിയിലെ യുഡിഎഫ് നേതൃത്വം അവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ ഒളിച്ചിരുന്ന ഐ ഗ്രൂപ്പ് ചതി മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി ഇതിന് വഴിങ്ങിയതുമില്ല.

ഇടഞ്ഞ് പുറത്തേക്ക് ഓങ്ങി നില്‍ക്കുന്ന ഐ ഗ്രൂപ്പ് നേതാവ് ഇ ജെ ആഗസ്തിയും ഒന്നിലും തൃപ്തരല്ലാതെ നില്‍ക്കുന്ന ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടിയും ജില്ലയില്‍ നിന്നുള്ള കെ പി സി സി.ട്രേഡ് യൂണിയന്‍ ഭാരവാഹികളും ഉള്‍പ്പെടെ ഇടുക്കിയിലെ നേതൃത്വം പാര്‍ട്ടിയെ ചെറുപുറ്റുകളില്‍ തളച്ചിരിക്കുന്നു. ഇതില്‍ നിന്നുള്ള മോചനത്തിനായി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വിശ്വസ്തന്‍ ഇടുക്കി ഡി സി സി മുന്‍ റോയ് കെ പൗലോസിനെ ജോസഫിന് അടുത്ത് അയച്ചിരുന്നു. ഇടുക്കി സീറ്റ് വാഗ്ദാനവും നല്‍കി. തുടര്‍ന്നാണ് ജോസഫ് പഴയ ഗ്രൂപ്പ് പുനര്‍ജ്ജീവിപ്പിക്കാനുള്ള നീക്കം സജീവമാക്കി തിരുവനന്തപുരത്ത് എത്തിയതും കോണ്‍ഗ്രസ്സ് നേതാക്കളെ കണ്ടതും. ഇതിന്റെ ബാക്കിയായാണ് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോഴിക്കോടു നടന്ന സംസാരത്തില്‍ ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രനായി പി ജെ ജോസഫിനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ധാരണയായത്.അന്തിമ തീരുമാനം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.

ഇത്തരം പശ്ചാത്തലം തിരിച്ചറിഞ്ഞാണ് ഇന്ന് ശുഭകരമായൊരു വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ജോസഫ് പറഞ്ഞതും വൈകുന്നേരം രാഹുല്‍ ഗാന്ധിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാണാന്‍ പുറപ്പെട്ടതും.

ജോസഫ് ഗ്രൂപ്പ് പുനര്‍ജ്ജനിയിലൂടെ വീണ്ടും കേരള കോണ്‍ഗ്രസ്സ് വീണ്ടും പിളരുമ്പോള്‍ മാണിയെ അനുനയിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കു കഴിയുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നു. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനുള്ള തടസ്സം ഒഴിയുമ്പോള്‍ മാണിയും തൃപ്തനാകും.

Related News