Web Desk

March 03, 2021, 12:00 pm

മലയാളത്തിന്റെ ഭാവഗായകന്‍ ഇന്ന് 77ന്റെ നിറവ്

Janayugom Online

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ
കണ്ണിലെ കിനാവുകൾ കെടുത്തരുതേ.

മലയാളത്തിന്‍റെ ഭാഗഗായകനെന്നു അറിയപ്പെടുന്ന പി. ജയചന്ദ്രന് ഇന്ന് 77 വയസ് തികയുന്നു. പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പി ജയചന്ദ്രന്‍ 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു.എറണാകുളം ജില്ലയിലെ രവിപുരത്ത്   ഭദ്ലരാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട്  ഇരിങ്ങാലക്കുടയിലേക്ക്  താമസം മാറ്റി.രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.

ഗാനങ്ങളുടെ ഭാവമറിഞ്ഞ് പാടുന്നതിൽ പ്രാവീണ്യമുള്ള ജയചന്ദ്രനെ പൊതുവേ ഭാവഗായകൻ എന്ന പേരിലാണ്  അറിയപ്പെടുന്നത്.കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം ചാക്യാര്‍കൂത്ത് ഇവയോടെല്ലാം കമ്പമുള്ള ഇദ്ദേഹം സ്കൂൾതലത്തിൽ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.1958ലെ സ്കൂൾ യുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കിയ ജയചന്ദ്രൻ അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനക്കാരനായ യേശുദാസുമൊത്ത് യുവജനോത്സവ വേദിയിൽ നടത്തിയ പ്രകടനത്തിന്റെ ചിത്രം പിൽക്കാലത്ത് ഇരുവരും സംഗീതരംഗത്ത് പ്രഗൽഭരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള സംഗീത ലോകത്തെ ഭാവ ഗായകൻ എന്നാണ് പി ജയചന്ദ്രൻ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം ദേശീയ അവാർഡുകളും ഒട്ടേറെ സംസഥാന അവാർഡുകളും നേടിയ ഗായകൻ ആണ്. 1960 കളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത ജീവിതം ഇപ്പോഴും തുടരുകയാണ്.ഗാനഗന്ധര്‍വ്വന്‍ യേശുദാസും ഭാവഗായകന്‍ പി. ജയചന്ദ്രനും പരസ്പര പൂരകങ്ങളായി സമ്പന്നമാക്കിയതാണ് മലയാളത്തിന്‍റെ ഗാനരംഗം.ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ജയചന്ദ്രൻ ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണൽ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.കുഞ്ഞാലിമരയ്ക്കാര്‍ എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനിടയില്‍ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പാടിച്ചു.ഈ ചിത്രം 1967ല്‍ പുറത്തുവരികയും പ്രസ്തുത ഗാനം വളരെ പ്രശസ്തമാകുകയും ചെയ്തു.

1967 ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ “അനുരാഗ ഗാനം പോലെ” എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് “നിൻമണിയറയിലെ” (സി. ഐ. ഡി. നസീർ, 1971), “മലയാള ഭാഷതൻ മാദക ഭംഗി” (പ്രേതങ്ങളുടെ താഴ്‍‌വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക സമ്മാനിച്ചു. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച “നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം എസ് വിശ്വനാഥനായിരുന്നു പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ “രാഗം ശ്രീരാഗം” എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ “ശിവശങ്കര സർവ്വ ശരണ്യ വിഭോ” എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നിറം എന്ന ചിത്രത്തിലെ “പ്രായം നമ്മിൽ” എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു.1985ലെ മികച്ച പിന്നണി ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം ശ്രീനാരായണഗുരു എന്ന ചിത്രത്തിലൂടെ ജയചന്ദ്രന്‍ കരസ്ഥമാക്കി.

തമിഴ്നാട് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായ കലൈമാമണി അവാര്‍ഡ് 1997ല്‍ നേടി. “കിഴക്ക് ചീമയിലെ” എന്ന ചിത്രത്തിലെ ഗാനത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യ സ്വരലയ കൈരളി പുരസ്കാരം 2001ല്‍ നേടിയ അദ്ദേഹം 2008ല്‍ ആദ്യമായി ഹിന്ദി ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ അല്‍ക്കാ യാഗ്നിക്കിനൊപ്പമായിരുന്നു ഇത്.ഏകദേശം ആയിരത്തിലധികം മലയാള സിനിമാഗാനങ്ങൾ പാടിയിട്ടുള്ള ഇദ്ദേഹം പാടിയിട്ടുള്ള മറ്റ് ഭാഷകൾ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയാണ്.1973 മെയ് മാസത്തിൽ തൃശൂർ സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്. പുത്രൻ ഏതാനും സിനിമകളിൽ ഗാനങ്ങൾ‌ ആലപിച്ചിട്ടുണ്ട്.

ENGLISH SUMMARY: p jay­achan­dran’s 77 th birthday

YOU MAY ALSO LIKE THIS VIDEO