Janayugom Online
പി ജയരാജന്‍ വടകരയില്‍ പര്യടനത്തില്‍

മറക്കില്ലാരും ‘പാഴായ ആ പത്തു വര്‍ഷങ്ങള്‍’

Web Desk
Posted on March 26, 2019, 7:59 pm

പി പി അനില്‍കുമാര്‍

കോഴിക്കോട്: പാഴായ ആ പത്ത് വര്‍ഷങ്ങള്‍ മറക്കരുതെന്നാണ് കടത്തനാട്ടിലെ വോട്ടര്‍മാര്‍ക്കുമുമ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഓര്‍മ്മപ്പെടുത്തല്‍. 2009 മുതല്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അലംഭാവം ഒരു മണ്ഡലത്തെ എത്രമേല്‍ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടുവെന്ന് എല്‍ ഡി എഫ് അക്കമിട്ട് നിരത്തുമ്പോള്‍ യു ഡി എഫ് വിയര്‍ക്കുകയാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥിത്വത്തിലെ ആശങ്ക വിട്ടൊഴിയാതെ യു ഡി എഫ് ക്യാമ്പുകള്‍ പതറുകയാണ്. ഒരു ഘട്ടത്തില്‍ വടകരയില്‍ കനത്ത പരാജയം ഭയന്ന് മത്സരിക്കാന്‍ ആരെയും കിട്ടാത്ത അവസ്ഥയില്‍ വരെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയും ബൂത്തു തലത്തില്‍ വരെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി ബഹുദൂരം മുന്നേറിയപ്പോഴാണ് കെ മുരളീധരനെ കോണ്‍ഗ്രസ് നേതൃത്വം വടകരയിലേക്ക് കെട്ടിയിറക്കിയത്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിത്വം തുടരുമ്പോള്‍ വയനാടിനൊപ്പം വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ കഴിയാത്തത് സ്ഥാനാര്‍ത്ഥി മുരളീധരനെ മാത്രമല്ല യു ഡി എഫ് അണികളേയും കുഴയ്ക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ പരിഗണിക്കുകയാണെങ്കില്‍ വടകരയില്‍ ടി സിദ്ദിഖിനെ നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്ത പരന്നത് കോണ്‍ഗ്രസ് അണികളെ ഒട്ടൊന്നുമല്ല വലയ്ക്കുന്നത്.

മുരളീധരന്റെ കൊട്ടിഘോഷിച്ചുള്ള വരവിനുശേഷം പിന്നീടിങ്ങോട്ടുള്ള സ്വീകരണങ്ങളെല്ലാം ശുഷ്‌കമായിരുന്നുവെന്ന് യു ഡി എഫ് അണികള്‍ തന്നെ വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചുവരെഴുത്തും പോസ്റ്റര്‍ പ്രചാരണവുമെല്ലാം മന്ദഗതിയിലാണ്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും പ്രചാരണം ഊര്‍ജ്ജിതമല്ല.

വടകരയില്‍ മത്സരിക്കുന്ന സിപിഎം നേതാവ് പി ജയരാജനെതിരെ യു ഡി എഫ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അവരെത്തന്നെ തിരിഞ്ഞു കുത്തുകയാണ്. ഒരു തിരുവോണദിവസം സ്വന്തം കുടുംബത്തിനുമുന്നില്‍ വെട്ടേറ്റുകിടന്ന ജയരാജന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമായിരുന്നു. ആര്‍ എസ് എസ് അക്രമങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയായ പി ജയരാജന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഐ ആര്‍ പി സി (ഇനീഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍) ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തിനു തന്നെ മാതൃകയാണ്. കണ്ണൂര്‍ ജില്ല അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സൊസൈറ്റി ആണ് ഐ ആര്‍ പി സി. ഇതിനു കീഴിലുള്ള ആശ്രയ എന്നത് 24 മണിക്കൂറും ജാഗരൂകമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ്. അതിന്റെ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സഹായത്തോടെ നടന്നുതുടങ്ങിയ പാനൂരിലെ മുന്നൂറിലേറെപ്പേരുടെ ജീവിതങ്ങള്‍ അതിന് തെളിവാണ്.

രോഗികള്‍ക്ക് മാത്രമല്ല, അപകടത്തില്‍ പെട്ടോ, ഒറ്റക്കോ ആയിപ്പോകുന്ന ഏതൊരാളെയും സഹായിക്കുക എന്ന ഉദ്ദേശ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ആശ്രയ. ഇതെല്ലാം വോട്ടര്‍മാര്‍ക്കുമുമ്പില്‍ ചര്‍ച്ചയാകുമ്പോള്‍ യു ഡി എഫും ബി ജെ പിയുമെല്ലാം കുറച്ചൊന്നുമല്ല ഉഴലുന്നത്.

വടകരയിലെ വികസന മുരടിപ്പും മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് വടകരയിലെ പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. താരതമ്യേന ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക വഴി യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചു നല്‍കുകയാണ് ബി ജെ പി തന്ത്രം എന്നതും മണ്ഡലത്തില്‍ പരക്കെ ചര്‍ച്ചയാകുമ്പോള്‍ ഇതിന് മറുപടിനല്‍കാന്‍പോലും ഇരുകൂട്ടര്‍ക്കും കഴിയാത്ത അവസ്ഥയാണ്.
അസംബ്ലി മണ്ഡലങ്ങളിലൂടെയുള്ള സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ രണ്ടാംഘട്ടം ഏതാണ്ട് പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഇടതുമുന്നണി. ചുട്ടുപൊള്ളുന്ന വെയിലിനെപോലും അവഗണിച്ച് ഓരോ സ്വീകരണ കേന്ദ്രങ്ങളും ജനനിബിഡമാകുകയാണ്.

കേരളം ഇതിന് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കൈപിടിച്ചുയര്‍ത്തിയ മല്‍സ്യത്തൊഴിലാളികള്‍, പകലന്തിയോളം പാടത്ത് പണിചെയ്ത് മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍, രാപ്പകലില്ലാതെ തറികളില്‍ ജീവിതത്തിന്റെ ഊടും പാവും നെയ്യുന്ന നെയ്ത്തു തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ഒഴുകിയെത്തുകയാണ്.

എല്ലാ കേന്ദ്രങ്ങളിലും ചെറു പ്രസംഗത്തിലൂടെ വോട്ടഭ്യര്‍ത്ഥിക്കുന്ന ജയരാജന്‍ വോട്ടര്‍മാരിലേക്കിറങ്ങി അവരുമായി സൗഹൃദം പങ്കുവെയ്ക്കുന്നു. തുടര്‍ന്ന് അടുത്ത പര്യടന കേന്ദ്രത്തിലേക്ക്. വടകര ഇത്തവണ ഇടതുപക്ഷം വീണ്ടടുക്കുമെന്നുതന്നെയാണ് ഓരോ സ്വീകരണവും തെളിയിക്കുന്നത്.