Saturday
16 Feb 2019

ഞാൻ ഇറങ്ങിപ്പോയില്ല: പി ജയരാജൻ

By: Web Desk | Monday 13 November 2017 1:40 PM IST

കണ്ണൂര്‍:  സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോയി എന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകന്‍ മുതല്‍ ഉയര്‍ന്ന ഘടകങ്ങളിലെ സഖാക്കളടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയരാണ്. സിപിഎം പ്രവര്‍ത്തകനായ എന്നെ സംബന്ധിച്ചിടത്തോളം എന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ട്.  ആ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതും. ബ്രാഞ്ച് കമ്മിറ്റി മുതല്‍ മുകളിലോട്ടുള്ള ഏത് പാര്‍ട്ടി ഘടകത്തിലും വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാവാറുള്ളതാണ്. ഏത് പാര്‍ട്ടി പ്രവര്‍ത്തകനും സ്വയം വിമര്‍ശനം നടത്തുകയും വേണം. വിമര്‍ശനമില്ലെങ്കില്‍ പാര്‍ട്ടിയില്ല. അത് ഈ പാര്‍ട്ടിയുടെ സവിശേഷതയാണ്.
കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഘടകം ഇന്ത്യയിലെ മൊത്തം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാണ്. അതില്‍ വിശേഷിച്ച് അധികാരങ്ങളൊന്നുമില്ല. സിപിഎമ്മിന്റെ നയങ്ങളും നിലപാടുകളുമാണ് കണ്ണൂര്‍ ഘടകവും പിന്തുടരുന്നത്. അതില്‍ നിന്ന് വേറിട്ടൊരു നയമോ പരിപാടിയോ കണ്ണൂര്‍ ഘടകത്തിനില്ല .
സംഗീത ആല്‍ബം ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ല അതുമായി ബന്ധപ്പെട്ട് ആരും എന്നോട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വയം മഹത്വവൽക്കരിക്കാൻ ജയരാജൻ ശ്രമിക്കുന്നുവെന്നും പാർട്ടിയ്ക്ക് അതീതനായി വളരാൻ നോക്കുന്നുവെന്നും സിപിഐ എം സംസ്ഥാന സമിതിയിൽ ജയരാജനെതിരെ വിമർശനം ഉണ്ടായതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജയരാജനെ പുകഴ്ത്തുന്ന ഡോക്യുമെന്ററിയും നൃത്തശില്പവും,വിഡിയോയും ഫ്ലെക്സുകളും പുറത്തിറങ്ങിയതിനെത്തുടർന്നാണ് ആരോപണം ഉണ്ടായത്. ഇതിനു മറുപടി പറഞ്ഞ ശേഷം ജയരാജൻ ഇറങ്ങിപോയെന്നാണ് വാർത്തകൾ വന്നത്.

വിവാദത്തിനിടയാക്കിയ വിഡിയോ