Tuesday
18 Jun 2019

നസീറിനെ പി ജയരാജന്‍ സന്ദര്‍ശിച്ചു

By: Web Desk | Monday 20 May 2019 8:28 PM IST


കോഴിക്കോട്: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും വടകര ലോകസഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ പി ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് അജ്ഞാതസംഘം സി ഒ ടി നസീറിനെ ആക്രമിച്ചത്. സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നു ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി അംഗമായിരിക്കുമ്പോഴും പിന്നീടും നസീറുമായി നല്ല ബന്ധമാണുള്ളതെന്നു ജയരാജന്‍ പറഞ്ഞു.
നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെ തലശ്ശേരി ഠൗണിലെ കയ്യാത്ത് വച്ചാണ് നസീര്‍ ആക്രമിക്കപെട്ടത്. ബൈക്കിലെത്തിയ മൂന്നുപേരാണു തന്നെ ആക്രമിച്ചതെന്നു നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സി ഒ ടി നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സി ബി ഐ അന്വേഷിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. അക്രമം യാദൃച്ഛികമല്ല, ആസൂത്രിതമാണ്. പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ നസീറിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ അക്രമിച്ചതിന് പിന്നില്‍ സി പി എം തന്നെയാണന്നു കെ മുരളീധരന്‍ എം എല്‍ എ ആരോപിച്ചു. സി പി എം എത്ര കൈകഴുകിയാലും വധശ്രമത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു പിന്മാറാനാവില്ലെന്ന് നസീറിനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. പ്രതികള്‍ ആരാണെന്ന് അറിയാമെന്നു നസീര്‍ അറിയച്ചതായും മുരളീധരന്‍ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞടുപ്പിന്റെ എക്സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വതത്തിലുള്ള സഖ്യം ഇന്ത്യ ഭരിക്കുമെന്നും കൂട്ടിച്ചേര്‍ത്തൂ.

Related News