അജിത് കൊളാടി

July 11, 2021, 5:14 am

പ്രതിബദ്ധതയുടെ ശക്തിയും സൗന്ദര്യവും

Janayugom Online

ഡോക്ടർ പി കെ വാരിയർ നമ്മെ വിട്ടുപിരിഞ്ഞു. ഒരു മാസം മുമ്പ് നൂറു വയസായിരുന്നു ആ മഹാപ്രതിഭക്ക്. പി കെ വാരിയർ സുന്ദരനായിരുന്നു. മനുഷ്യമഹത്വം തന്നെയാണ് ഇവിടെ സൗന്ദര്യം. മതേതര മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. യഥാർത്ഥ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു ഡോ. പി കെ വാരിയർ. ഉയർന്ന ചിന്തയും, വിനയത്തോടെയുള്ള പെരുമാറ്റവും സത്യസന്ധതയും ഉത്തരവാദിത്തബോധവും, സ്നേഹ ശീലവും അദ്ദേഹത്തിന് ജനങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടികൊടുത്തു. നാട്യങ്ങളോടും, കാപട്യങ്ങളോടും സന്ധിചെയ്യുന്ന സമൂഹത്തിൽ, അദ്ദേഹം അതിനെതിരെ പ്രവർത്തിച്ചു, സംസാരിച്ചു. ജാതിമത ചിന്തകളില്ലാതെ എല്ലാവരേയും ഉൾക്കൊണ്ടു. ചലനാത്മകമായ മനസായിരുന്നു അദ്ദേഹത്തിന്റേത്. മഹാത്മാക്കൾ എല്ലാറ്റിനേയും ഒന്നായി കാണും. അദ്ദേഹത്തിന് ലോകം കുടുംബം ആയിരുന്നു.

തന്റെ പക്കൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ മനസിൽ മാത്രമല്ല, സുഹൃത്തുക്കളുടെ മനസിലും, പരിചയപ്പെടുന്നവരുടെ മനസിലും എപ്പോഴും ആശ്വാസം പകരുന്ന ഒരനുഭൂതിയായി അവശേഷിക്കുന്നു അദ്ദേഹം. അത്തരത്തിലുള്ള അന്യാദൃശമായ വ്യക്തിത്വം ആയിരുന്നു പി കെ വാരിയരുടേത്. എങ്ങും സുഗന്ധം പടർത്തിയ ജീവിതം. ഒരു മനുഷ്യൻ ഈ ലോകത്തേക്കു വരുമ്പോൾ തന്റെ പൂർവികരുടെ ഒരു തുടർകണ്ണിയായിട്ടു വരാറുണ്ട്. നമ്മുടെ കടമ പൂർവികർ സൃഷ്ടിച്ച കണ്ണിക്കപ്പുറത്തു സമൂഹത്തിൽ സ്വന്തം ജീവിതത്തിന്റെ മറ്റൊരു സുശക്തമായ കണ്ണി ഉണ്ടാക്കുക എന്നതാണ്. അങ്ങനെ ജീവിക്കുമ്പോൾ സമൂഹ ചരിത്രത്തിന്റെ അധൃഷ്യമായ ഒരു ശൃംഖല സൃഷ്ടിക്കപ്പെടുന്നു. അതിനെയാണ് പാരമ്പര്യം എന്നു പറയുന്നത്. അത് ഒരു സംസ്കാരമായി മാറും. അദ്ദേഹം ജീവിതത്തിലുടനീളം ഉത്കൃഷ്ടമായ ഒരു സംസ്കാരം വളർത്തിയെടുത്തു. സ്നേഹത്തിന്റെയും കരുണയുടെയും, സഹജീവി സ്നേഹത്തിന്റെയും, അറിവിന്റെയും, ശുശ്രൂഷയുടെയും മാനവികതയുടെയും സംസ്കാരം.

നിസംഗനും, സ്ഥിരമതിയും, ലളിതജീവിത തല്പരനുമായിരുന്നു പി കെ വാരിയർ. വലിയ ലക്ഷ്യത്തിനു വേണ്ടി, വർത്തമാനകാല ജീവിതത്തിലെ ആസക്തികളെ, പരിത്യജിക്കാനുള്ള, മാനസികമായ അർപ്പണബോധം അദ്ദേഹത്തിനുണ്ടായിരുന്നു. വൈദ്യശാലയിലെ മുഖ്യ ഭിഷഗ്വരനായ അദ്ദേഹം, ജീവിതത്തിന്റെ മഹത്വം അറിഞ്ഞു. ഊണിലും ഉറക്കത്തിലും ഇരിപ്പിലും നടപ്പിലും ജനസേവനം മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളു. ദൈവത്തെ ഭജിക്കേണ്ടത് ഇങ്ങനെയാണെന്ന് ഗീത പറയുന്നു. പി കെ വാരിയർ നടത്തിയ ഈ സാധുഭജനം അദ്ദേഹത്തെ ദൈവത്തിന്റെ പ്രിയപ്പെട്ടവനാക്കിയിരിക്കാം. ബുദ്ധിയേയും ഹൃദയത്തേയും വൈദഗ്‌ധ്യത്തേയും ബന്ധിപ്പിക്കാൻ തന്നെ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളോടുള്ള പ്രതിബദ്ധതയെ പാലമായി ഉപയോഗിച്ചു എന്നതാണ് പി കെ വാരിയരുടെ വൈശിഷ്ട്യം.

ജ്ഞാനത്തിനും, വിജ്ഞാനത്തിനും അപ്പുറത്തുള്ളതാണ് സംജ്ഞാനം. അടുത്തിരിക്കുന്നവനെ കാണുന്നതാണ് സംജ്ഞാനം. അതുണ്ടാക്കുമ്പോൾ നമ്മുടെ ലോകം വലുതാകുന്നു. അദ്ദേഹത്തിന്റെ മനസ് വിശാലമായിരുന്നു. തിന്മയെ നന്മകൊണ്ടു മാത്രമേ നേരിടാൻ സാധിക്കു എന്ന യാഥാർത്ഥ്യം പൂർണമായും ഉൾക്കൊള്ളാനും, അതനുസരിച്ചുള്ളൊരു ജീവിതശൈലി അനുവർത്തിക്കാനും പരമാവധി ശ്രമിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. മൃദുല മാനസികവശം എന്നും പി കെ വാരിയരുടെ ദൗർബല്യമായിരുന്നു. ഉദിക്കുന്ന സൂര്യനെ നോക്കി, വന്ദനം പറയുന്ന, അതേ മാനസികഭാവത്തോടെ അസ്തമിക്കുന്ന സൂര്യനോട് വിടപറയാനും ഇദ്ദേഹത്തിനറിയാമായിരുന്നു. തളരാത്ത ശുഭാപ്തിവിശ്വാസത്തിന്റെയും, കിടയറ്റ സർഗവൈഭവത്തിന്റെയും, സത്യസന്ധതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. പ്രവൃത്തിയെ ആത്മാർപ്പണമായി കണക്കാക്കിയ മനുഷ്യൻ. സാമൂഹ്യ പ്രതിബദ്ധതയുടെ സത്യവാങ്മൂലം മനസിൽ എപ്പോഴും സൂക്ഷിച്ചു. മനുഷ്യജാതിയിൽ മാത്രം വിശ്വസിച്ചു. നീതിധർമ്മ പൂർവമായ ജീവിതത്തിൽ വിശ്വാസമർപ്പിച്ചു. നീതിധർമ്മം വിജ്ഞാനത്തിൽ നിന്ന് പിറവി കൊള്ളുന്നതാണെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു.

ആര്യവൈദ്യശാല അന്താരാഷ്ട്ര പ്രശസ്തിയാർജിച്ചത് ഇദ്ദേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതൃപാടവം കൊണ്ടാണ്. എപ്പോഴും കൂട്ടായ പ്രവർത്തനത്തിലൂടെ കൂടുതൽ വിജയം കൈവരിച്ചു. കാലത്തിനും ദേശത്തിനും അപ്പുറം അലയടിക്കുന്ന മനുഷ്യമനസിന്റെ ആഴങ്ങളിൽ ഈ അന്വേഷകൻ മുങ്ങി തപ്പി. ആ മുങ്ങിത്തപ്പലിലാണ് മഹത്തരമായ ജീവിതത്തിന്റെ നിധി കണ്ടെത്തിയത്. സ്നേഹം, മാനവികത എന്നീ ഗുണങ്ങളുടെ ഉദാരകേദാരമായിരുന്നു പി കെ വാരിയർ. രാഷ്ട്രം പത്മപുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചത്, മഹാപ്രതിഭയുടെ, അസാമാന്യ ഗുണങ്ങൾക്കും, മനുഷ്യമഹത്വം ഉയർത്തിപ്പിടിച്ച ജീവിതത്തിനും ഉള്ള ആദരവാണ്. മഹാമനീഷി, പി കെ വാരിയർ പ്രതിബദ്ധതയുടെ, ശക്തിയും, സൗന്ദര്യവുമാണ്. അനുപമ കൃപാനിധിയായിരുന്നു അദ്ദേഹം.