എൻ അനിൽ ബിശ്വാസ്

വൈക്കം

August 19, 2020, 8:32 am

സഖാവിന്റെ ജന്മഗൃഹത്തിൽ ചെങ്കൊടി ഉയരും

Janayugom Online

എൻ അനിൽ ബിശ്വാസ്

സഖാവ് എന്ന ഒറ്റവാക്കിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മഗൃഹത്തിൽ ഇനി ചെങ്കൊടി ഉയരും. കൃഷ്ണപിള്ള ജനിച്ച വൈക്കം കാരയിലെ പറൂപ്പറമ്പ് പുരയിടം കമ്മ്യൂണിസ്റ്റ് പാർട്ടി വിലയ്ക്ക് വാങ്ങിയതോടെ പുതിയൊരു ചരിത്രം പിറവികൊള്ളുകയാണ്.

ഇവിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം അനാവരണം ചെയ്യുന്ന സ്മാരകവും വിശാലമായ ലൈബ്രറിയും സ്ഥാപിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് സഖാവിന്റെ ജന്മനാട് ഏറ്റുവാങ്ങിയത്.

മൈലേഴത്ത് മണ്ണംപള്ളിൽ നാരായണൻ നായരുടെയും പാർവതിയുടെയും മകനായി 1906 ഓഗസ്റ്റ് 19നാണ് പി കൃഷ്ണപിള്ള ജനിച്ചത്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ഇന്നത്തെ വില്ലേജ് ഓഫീസർക്ക് തുല്യമായ പാർവത്യക്കാരൻ എന്ന ചുമതല വഹിച്ചിരുന്നയാളാണ് അദ്ദേഹത്തിന്റെ അച്ഛൻ. സഹോദരങ്ങൾ പലരും ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഒരു സഹോദരനും സഹോദരിയും മാത്രമാണ് അവശേഷിച്ചിരുന്നത്. വൈക്കം മടിയത്തറ സ്കൂളിലാണ് കൃഷ്ണപിള്ള അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നേടിയത്. സഖാവിന്റെ പതിമൂന്നാം വയസിൽ അമ്മയും പതിനാലാം വയസിൽ അച്ഛനും മരണമടഞ്ഞു.

ജീവിതായോധനത്തിനായി സഖാവ് കൃഷ്ണപിള്ള നിരവധി തൊഴിലുകൾ ചെയ്തു. ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളിയായും വൈക്കത്ത് ചായക്കട നടത്തിപ്പുകാരനായും സൈക്കിൾ കടക്കാരനായും നാടകനടനായും പലപല തൊഴിലുകൾ. പിന്നീടെപ്പോഴോ ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്ന വൈക്കത്തുനിന്നും ഉത്തരേന്ത്യയിലെ പ്രയാഗ(അലഹബാദ്)യിൽ എത്തി. അവിടെവച്ചാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.

ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയ അദ്ദേഹം മുഴുവൻ സമയ ഹിന്ദി പ്രചാരകനായാണ് തിരികെ കേരളത്തിൽ എത്തുന്നത്. 1936ൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപം കൊണ്ടപ്പോഴും അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സഖാവ് ആയിരുന്നു. 1939ൽ കണ്ണൂർ ജില്ലയിൽ കോട്ടയം താലൂക്കിലെ പിണറായിയിൽ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രവർത്തകരുടെ രഹസ്യസമ്മേളനം ചേർന്ന് സഖാവ് കൃഷ്ണപിള്ള സെക്രട്ടറിയായി രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സിപിഐയുടെ കേരള ഘടകമായി മാറുന്നത്.

ഒളിവ് ജീവിതത്തിനിടയിൽ വൈക്കത്തെത്തിയ സഖാവ് പൊലീസ് പിടിയിലായി. കന്യാകുമാരി ജില്ലയിലെ ശൂചീന്ദ്രത്തിനടുത്തുള്ള എടലക്കുടി സബ് ജയിലിലായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. ഇവിടെവച്ച് പരിചയപ്പെട്ട തങ്കമ്മ 1942 മാർച്ചിൽ അദ്ദേഹത്തിന്റെ ജീവിതസഖിയായി. സിപിഐയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത സഖാവ് കൃഷ്ണപിള്ള സമ്മേളന പ്രസീഡിയത്തിലും അംഗമായിരുന്നു. ഈ സമരതീഷ്ണതകളുടെ കാലഘട്ടത്തിലാണ് 1948ൽ അപ്രതീക്ഷിതമായി ആ വിപ്ലവസൂര്യൻ പൊലിഞ്ഞത്.

ഓഗസ്റ്റ് 19ന് ആലപ്പുഴ ജില്ലയിലെ മുഹമ്മ കണ്ണാർകാട്ട് ചെല്ലിക്കണ്ടത്ത് വീട്ടിലെ ഒളിത്താവളത്തിൽ വച്ചാണ് പാമ്പുകടിയേറ്റു സഖാവ് വിടപറയുന്നത്. മണ്ണംപള്ളിയിൽ ഇന്നവശേഷിക്കുന്ന കൃഷ്ണപിള്ളയുടെ പിതൃസഹോദരിയുടെ ചെറുമകളായ മണ്ണംപള്ളിൽ രാജമ്മയ്ക്ക് ഇന്നും സഖാവിനെക്കുറിച്ച് ദീപ്തമായ ഓർമകളാണുള്ളത്. വളരെ സൗഹൃദത്തോടെയും സ്നേഹത്തോടെയും ഇടപെട്ടിരുന്ന കൃഷ്ണപിള്ളയെക്കുറിച്ച് പറയുമ്പോൾ ഈ അമ്മയ്ക്ക് ഇന്നും അഭിമാനവും ആവേശവുമാണ്.

നന്ത്യാട്ട് ഭാഗത്ത് അനിയൻ നാണപ്പനുമായി ചേർന്ന് ചായക്കട നടത്തിയിരുന്നതും സൈക്കിൾ കടയുമെല്ലാം ഇവർ ഇന്നും ഓർക്കുന്നു. പിന്നീട് നാട്ടിൽനിന്നുപോയ കൃഷ്ണപിള്ള രണ്ടുമൂന്നു പ്രാവശ്യം വന്നതേ ഓർമയുള്ളൂ. വിവാഹം കഴിഞ്ഞെത്തിയത് ഭാര്യ തങ്കമ്മയുമൊത്തായിരുന്നു. പിന്നീട് കേൾക്കുന്നത് സഖാവിന്റെ മരണവാർത്തയാണ്. അന്നത്തെ ഫോട്ടോകൾ അച്ചടിച്ചുവന്ന പത്രങ്ങൾ അനുജൻ നാണപ്പൻ വീട്ടിൽകൊണ്ടുവന്ന് അമ്മയെ കാണിച്ചതും അന്നുയർന്ന കൂട്ടക്കരച്ചിലുകളും രാജമ്മയുടെ ഓർമകളിൽ ഇന്നുമുണ്ട്.

സഖാവിനെക്കുറിച്ചുവന്ന പുസ്തകങ്ങളും പത്രങ്ങളുമെല്ലാം ഇന്നും ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഈ അമ്മയ്ക്ക് സഖാവിന്റെ ജന്മഗൃഹം കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തമാക്കിയതറിയുമ്പോഴുള്ള ആത്മനിർവൃതി അനിർവചനീയമാണ്. ഈ അമ്മയുടെ വികാരമാണ് കൃഷ്ണപിള്ള ദിനം കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റുകളുടെയും മനസ്സിൽ നിറക്കുന്നത്.