KASARAGOD BUREAU

തൃക്കരിപ്പൂര്‍

October 25, 2020, 7:15 pm

പി കുഞ്ഞമ്പു തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവ്‌

Janayugom Online

നിര്‍മ്മാണ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും തൃക്കരിപ്പൂര്‍, പടന്ന,വലിയപറമ്പ പഞ്ചായത്തുകളില്‍ സി പി ഐ കെട്ടിപടുക്കുന്നതിലും മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ച നേതാവാണ്‌ കഴിഞ്ഞ ദിവസം നിര്യാതനായ പി കുഞ്ഞമ്പു. തൃക്കരിപ്പൂര്‍ പോലുള്ള ഒരു പ്രദേശത്ത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കുഞ്ഞമ്പു വഹിച്ച ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം വാക്കുകള്‍ക്കതീതമാണ്‌. നിര്‍മ്മാണ തൊഴിലാളി മേഖലയില്‍ എഐടിയുസിക്ക്‌ ശക്തമായ സംഘടന ഉണ്ടാക്കുകയും അതിന്റെ സംസ്ഥാന കമ്മറ്റിയംഗമായും പ്രവര്‍ത്തിക്കുകയും ചെയ്‌തു. യുവാക്കളായ ഒരുപാടു പേരെ പാര്‍ട്ടിയിലെക്ക്‌ കൈപിടിച്ചു കൊണ്ടുവന്നതിനൊപ്പം സ്വന്തം കുടുംബത്തെയും പാര്‍ട്ടി കുടുംബമാക്കുന്നതില്‍ പ്രത്യേകം താല്‍പ്പര്യമെടുത്തു. നടക്കാവിലെ ജനശക്തി ക്ലബ്ബിനെതിരെ ചില തല്‍പ്പര കക്ഷികള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ മുന്നില്‍ നിന്ന്‌ പട നയിക്കാനും മൈത്താണി ചൂരിക്കാടന്‍ കൃഷ്‌ണന്‍ നായരുടെ പേരില്‍ വായനശാല ഉണ്ടാക്കി അതിനൊരു നല്ല കെട്ടിടവും ചന്ദ്രപ്പന്റെ നാമധേയത്തില്‍ സാംസ്‌കാരിക കേന്ദ്രവും ലൈബ്രറിയും ഉണ്ടാക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ലൈബ്രറി കൗണ്‍സിലില്‍ ദീര്‍ഘ കാലം അംഗമായും വൈക്കത്ത്‌ ക്ഷീര സംഘം കൊണ്ടുവരുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചു.
സാംസ്‌ക്കാരിക ബഹുജന സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചു. താലൂക്ക്‌ ആശുപത്രിവികസന സമിതി, കാര്‍ഷിക വികസന സമിതിയിലെല്ലാം സജീവമായി ഇടപെട്ടു. സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്‌ സ്വന്തം പേരിനൊപ്പം ചേര്‍ത്ത്‌ സിപിഐകുഞ്ഞമ്പു എന്ന സഹൃദയനായ രാഷ്ട്രീയ നേതാവായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പി കുഞ്ഞമ്പുവിന്റെ മരണം രാഷ്ട്രീയസാംസ്‌കാരിക മേഖലയ്‌ക്ക്‌ നികത്താനാവാത്ത നഷ്ടം തന്നെയാണ്‌.


എഐടിയുസി തൃക്കരിപ്പൂര്‍ മണ്‌ഡലം പ്രസിഡണ്ട്‌, ബി കെ എം യു തൃക്കരിപ്പൂര്‍ മണ്ഡ്‌ഡലം പ്രസിഡന്റ്‌, നിര്‍മ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം ഭരണ സമിതി അംഗം, വൈക്കത്ത്‌ ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണ സമിതിയംഗം, ആത്മ നീലേശ്വരം, പടന്ന കൃഷിഭവന്‍ എ ഡി സി മെമ്പര്‍, തൃക്കരിപ്പൂര്‍ താലൂക്ക്‌ ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. പഴയകാല പാര്‍ട്ടി നേതാവ്‌ പരേതനായ പയങ്ങപ്പാടന്‍ കണ്ണന്‍ പുതിയേടത്ത്‌ കുഞ്ഞാതി എന്നിവരുടെ മകനാണ്‌ പി കുഞ്ഞമ്പു. പാര്‍ട്ടിയെ കെട്ടിപടുക്കുന്നതില്‍ തന്റെ പിതാവ്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പി കുഞ്ഞമ്പവും തുടരുകയായിരുന്നു. 64 പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ യില്‍ ഉറച്ചു നിന്ന കണ്ണന്റെ കുടുംബം തൃക്കരിപ്പൂര്‍ മേലയില്‍ ഒറ്റയ്‌ക്ക്‌ നിന്ന്‌ പൊരുതിയാണ്‌ പാര്‍ട്ടി കെട്ടിപ്പടുത്തിയത്‌. പിതാവിന്‌ ശേഷവും അതേ പാത പിന്തുടര്‍ന്ന്‌ പാര്‍ട്ടിയെയും ട്രേഡ്‌ യൂണിനെയും സാംസ്‌കാരിക സംഘടനകളെയും വളര്‍ത്തുന്നതില്‍ പി കുഞ്ഞമ്പുവിന്റെ പ്രവര്‍ത്തനം എന്നും ഓര്‍മ്മിപ്പിക്കുന്നതാണ്‌. പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറി മുതല്‍ മണ്‌ഡലം സെക്രട്ടറിയേറ്റംഗം വരെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിര്‍മ്മാണ തൊഴിലാളി മേഖലയില്‍ തൊഴിലാളികളുടെ ഓരോ ആവശ്യങ്ങള്‍ക്കും നേടിയെടുക്കുന്നതിന്‌ നിര്‍മ്മാണ തൊഴിലാളി വെല്‍ഫെയര്‍ ബോര്‍ഡ്‌ ഓഫീസില്‍നിരന്തരം സന്ദര്‍ശകനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ക്ഷേമനിധി ഓഫീസിലുള്ളവര്‍ക്ക്‌ ഒരു സുപരിചിത മുഖമാണ്‌ പി കുഞ്ഞമ്പുവിന്റെ . തൃക്കരിപ്പൂരില്‍ പാര്‍ട്ടി ഓഫീസും ചൂരിക്കാന്‍ വായനശാല ആന്റ്‌ ഗ്രന്ഥാലത്തിന്‌ സ്വന്തമായൊരു കെട്ടിടം നിര്‍മ്മിക്കുന്നതിലും എല്ലാവരെക്കാളും മുന്‍ പന്തിയിലായിരുന്ന കുഞ്ഞമ്പു. ജനയുഗം പുനപ്രസിദ്ധീകരണം മുതല്‍ ഇങ്ങോട്ട്‌ തൃക്കരിപ്പൂര്‍മേഖലയില്‍ ഏജന്റ്‌ എന്ന നിലയില്‍ വിതരണത്തിനും ജനയുഗം വരിക്കാരെ ചേര്‍ക്കുന്നതിനും സജീവമായിരുന്നു.