Web Desk

June 23, 2021, 1:26 pm

90 വയസുള്ള ഓണാട്ടുകരയിലെ കർഷകനെ നേരിട്ടെത്തി ആദരിച്ച്‌ കൃഷിവകുപ്പ്‌ മന്ത്രി പി പ്രസാദ്‌

Janayugom Online

തൊണ്ണൂറ്‌ വയസിന്റെ നിറവിലും രാവിലെ തൂമ്പയുമായി മണ്ണിലിറങ്ങുന്ന ഒരു കര്‍ഷകനുണ്ട്. ആലപ്പുഴ നൂറനാട് സ്വദേശിയായ പുതുശ്ശേരിൽ തെക്കേതിൽ കെ. രാഘവൻ പിള്ള എന്ന കർഷകന്‌ കൃഷി ഒരു തൊഴിലല്ല, ജീവിതമാണ്. ഇദ്ദേഹത്തിന് കൃഷിയില്‍ വിളവിറക്കുന്ന മാസങ്ങളും വിളവെടുപ്പ് കാലവുമേയുള്ളൂ. പുലർച്ചെ തൂമ്പയുമായി ഇറങ്ങുന്ന അദ്ദേഹത്തിന് ഇതിനകം 90 വയസ്‌ പൂർത്തിയായി. ഈ പ്രായത്തിലും ചുറുചുറുക്കോടെയാണ് മണ്ണില്‍ അധ്വാനിക്കുന്നത്. ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ, വാഴ എന്നിവയാണ് വീടിനോട് ചേർന്ന ഭൂമിയിൽ കൃഷിചെയ്യുന്നത്. ഒരു കാലത്ത് പശുവുണ്ടായിരുന്നു. ജോലിഭാരം അമിതമായെന്ന് തോന്നിയത് കൊണ്ടാകാം അതിനെ നാല് വര്‍ഷം മുന്‍പ് വിറ്റത്.

രാഘവൻപിള്ള അപ്പൂപ്പന്‌ സാധാരണ മനുഷ്യര്‍ക്കുള്ള രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടെങ്കിലും അത് കൃഷി ജോലിക്കിടയില്‍ യാതൊരു പ്രശ്നമേ അല്ല. ദിവസവും ഒന്‍പത് ഗുളികകളാണ് കഴിക്കുന്നത്. എന്നിരുന്നാലും പറമ്പിലേക്ക് തുമ്പയും കൊണ്ടൊരു പോക്കാണ്. കൃഷിയോടുള്ള ആത്മാര്‍ത്ഥമായ സ്നേഹമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. പതിനാലാം വയസിലാണ് കൃഷി തുടങ്ങിയത്. കർഷക കുടുംബമായതിനാൽ നാലാം ക്ലാസിൽ പഠനം നിർത്തി. ആദ്യം നെൽകൃഷിയായിരുന്നു. നെല്ല് കൊയ്ത് കറ്റയുമായി ഒന്നര കിലോമീറ്ററോളം ചുമന്നാണ് വീട്ടിൽ കൊണ്ടുവന്നിരുന്നത്. പിന്നെ പച്ചക്കറിക്കു പുറമെ കിഴങ്ങുവർഗ കൃഷിയിലേക്കു കടന്നത്. പോത്തും കാളയുമൊക്കെയായി പണ്ട് കന്നുപൂട്ടിന് പോകുമായിരുന്നു.

ഭക്ഷണരീതിയിലുമുണ്ട് പ്രത്യേകതകള്‍. രാവിലെ ഒൻപതോടെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊൺ, വൈകീട്ട് ചായ, രാത്രി ഒൻപതിനു മുൻപായി ഗോതമ്പുകഞ്ഞി അല്ലെങ്കിൽ ഗോതമ്പ് ദോശ ഇതാണ് പതിവ്. സുനാമി വന്നശേഷം മൽസ്യം ഉപയോഗിക്കുന്നതു നിർത്തിയതായി ചെറുമകൻ സജികുമാർ പറയുന്നു. മറ്റ് മാംസാഹാരങ്ങള്‍ പണ്ടേ കഴിക്കാറില്ല. മൊബൈൽ ഫോണൊന്നും ഉപയോഗിക്കുന്നില്ല. ഏഴു മണിക്കൂർ ഉറങ്ങും. 2018ൽ കർഷകദിനത്തിൽ പാലമേൽ കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തൊള്ളൂറുകളിലും കെ. രാഘവൻ പിള്ള ആരോഗ്യത്തോടെയിരിക്കാൻ കാരണം കൃഷിജീവിതമാണെന്ന് നാട്ടുകാർ പറയുന്നു.

രാഘവൻ പിള്ള അപ്പൂപ്പനെ ആദരിക്കാൻ ബഹുമാനപ്പെട്ട കേരളാ കൃഷിവകുപ്പ്‌ മന്ത്രി പി പ്രസാദ്‌ അവിടെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബവീടിന്റെ അടുത്താണ്‌ പി പ്രസാദിന്റെ പിതാവിന്റെ അട്ത്ത സ്നേഹിതൻ കൂടിയായ രാഘവൻ പിള്ളയുടെയും വീട്‌. ആ ഓർമ്മകളും അവർ ഇരുവരും സന്തോഷത്തോടെ പങ്കുവച്ചു. രാഘവൻ പിള്ളയെപ്പോലെയുള്ള കർഷകർ വരും തലമുറയ്ക്ക്‌ പ്രചോദനമാകണമെന്ന് കൃഷിമന്ത്രി സൂചിപ്പിച്ചു.

പാലമേൽ ഗ്രാമ പഞ്ചായത്തിനെ തരിശ്‌ രഹിതമാക്കണമെന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന പാലമേൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വിനോദിനും രാഘവൻ പിള്ള അപ്പൂപ്പനെക്കുറിച്ച്‌ പറയാൻ നൂറു നാവാണ്‌.

രാഘവൻപിള്ള അപ്പൂപ്പന്‌ പറയാൻ കൃഷി മാത്രമേ ഉള്ളൂ. നല്ലത്‌ കഴിക്കുകയും മറ്റുള്ളവരെക്കൊണ്ട്‌ കഴിപ്പിക്കുകയും ചെയ്യുന്ന 90 വയസുള്ള ഈ കർഷകന്‌ തന്റെ അധ്വാനം സമ്മാനിച്ചത്‌ കണ്മുന്നിൽ വിളഞ്ഞു നിൽക്കുന്ന നാടൻ വിളകൾ തന്നെയാണ്‌. ലാഭ നഷ്ടങ്ങളുടെ കണക്കുകളെടുക്കുകയല്ല, മണ്ണിൽ പണിയെടുക്കണമെന്ന അതേ ചിന്ത മാത്രമാണ്‌ ഇനിയുള്ള കാലമത്രയും എന്ന് അദ്ദേഹം അടിവരയിട്ട്‌ പറയുന്നു.

Eng­lish Sum­ma­ry: Ker­ala Agri­cul­ture Min­is­ter P Prasad pays trib­ute to 90-year-old farmer from Onat­tukara (Nooranad).