ചരിത്ര വിജയം നേടിയ എൽ ഡി എഫ് മുന്നണിയുടെ ഭരണ തുടർച്ചയിൽ പി രാജീവിലൂടെ എറണാകുളം ജില്ലക്കും മന്ത്രിയായി. കഴിഞ്ഞ സർക്കാരിൽ ജില്ലയിൽ നിന്നും ഒരു മന്ത്രിയില്ലാതിരുന്നതിനാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ഭരണപരമായ പ്രവർത്തനങ്ങളുടെ ഏകോപനങ്ങൾക്ക് ഓരോ മന്ത്രിമാർക്ക് ചുമതല നൽകുകയായിരുന്നു. ജില്ലയിൽ നിന്നും സി പി ഐ (എം ) ലെ എസ് ശർമ്മ, കെ ജെ മാക്സി, എം സ്വരാജ്, ആൻറണി ജോൺ, സി പി ഐ യിലെ എൽദോ എബ്രഹാം എന്നിവരായിരുന്നു കഴിഞ്ഞ തവണ എൽ ഡി എഫ് പ്രതിനിധികളായി വിജയിച്ചത്. ഇവരിൽ ആരും മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്നതിനാൽ ജില്ലക്ക് ഒരു മന്ത്രിയുടെ കുറവ് അനുഭവപ്പെടാതിരിക്കാൻ പ്രളയ കാലത്ത് ആദ്യഘട്ടത്തിൽ മന്ത്രിമാരായിരുന്ന പ്രഫ സി രവീന്ദ്രനാഥിനും തുടർന്ന് എ സി മൊയ്തീനും മാറിമാറി ചുമതല നൽകിയിരുന്നു .
പിന്നെ കോവിഡ് കാലയളവിൽ വി എസ് സുനിൽകുമാറിനായി ചുമതല. ജില്ലയിൽ തങ്ങി കോവിഡ് ഏകോപന പ്രവർത്തനങ്ങൾ കൃത്യമായി നടത്താനും കൃഷി സജീവമാക്കാനും സുനിൽകുമാർ നടത്തിയ പരിശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സി പി ഐ ( എം ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മുൻ രാജ്യസഭാംഗം കൂടിയായ പി രാജീവ് മന്ത്രിസഭയിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് ജില്ലയിലെ ജനങ്ങൾ കാണുന്നത്. ദീർഘ വീക്ഷണവും ഭരണതന്ത്രജ്ഞതയും കാര്യാ പ്രാപ്തിയുമുള്ള രാജീവിന്റെ ഇടപെടൽ സംസ്ഥാനത്തിനൊപ്പം ജില്ലക്കും പ്രത്യേക പരിഗണന ലഭിക്കുമെന്ന വിശ്വാസവുമുണ്ട്.കളമശ്ശേരി മണ്ഡലത്തിൽ നിന്നും വിജയിച്ച രാജീവ് മന്ത്രിയാകുമ്പോൾ കളമശ്ശേരിക്കാർക്കും അഭിമാന നിമിഷമാണ്. മണ്ഡലം രൂപീകരിക്കപ്പെട്ടപ്പോൾ രണ്ടു തവണയും യു ഡി എഫിലെ വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച മണ്ഡലമാണ്. യു ഡി എഫ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രികൂടിയായിരുന്ന ഇദ്ദേഹത്തിന് പാലാരിവട്ടം പാലം അഴിമതിക്കേസ് സൃഷ്ടിച്ച വിവാദങ്ങളിൽ ഇക്കുറി മുസ്ലിം ലീഗ് സീറ്റ് നൽകിയില്ല.
പകരം ഇബ്രാഹിംകുഞ്ഞിന്റെ മകനെയാണ് സ്ഥാനാർത്ഥിയാക്കിയത്. കളങ്കമില്ലാത്ത കളമശ്ശേരിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് പ്രഖ്യാപിച്ച പി രാജീവിന്റെ വിജയത്തിലൂടെ കളമശ്ശേരി നേടിയ നേട്ടത്തിനുള്ള അംഗീകാരം കൂടിയാണ് രാജീവിന്റെ മന്ത്രിസ്ഥാനം. കളമശ്ശേരിയിൽ പഠനത്തിനെത്തി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി സി പി ഐ (എം) ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള രാജീവിന് ജില്ലയെ കുറിച്ചുള്ള വ്യക്തമായ ധാരണകൾ മുതൽക്കൂട്ടാകും
.
English summary;P Rajeev became a minister from Ernakulam district
you may also like this video;