Janayugom Online
എറണാകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് മാന്നുള്ളിപാടം കോളനിയിലെത്തിയപ്പോള്‍

സ്‌നേഹത്തണല്‍ തീര്‍ത്ത് നാടിന്റെ വികാരമായി

Web Desk
Posted on April 14, 2019, 10:06 pm

ആര്‍ ഗോപകുമാര്‍

കൊച്ചി: പോളിംഗ് ബൂത്തിലേക്കുള്ള സമയദൂരം കുറഞ്ഞുവരുമ്പോള്‍ വോട്ടര്‍മാരുടെ മനസില്‍ എറണാകുളത്തു രാജീവ് തന്നെയെന്ന ആവേശമാണ് നിറയുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിരാലംബയായ ഒരമ്മയെ ചികിത്സയ്ക്കായി കൊണ്ടുവന്ന പൊതുപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചു, എറണാകുളം ജനറല്‍ ആശുപത്രി എന്തൊരു മാറ്റമാണിത്. ആ മാറ്റം ഈ പൊതുപ്രവര്‍ത്തകന്‍ തങ്ങളുടെ അടുത്തുവരുമ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. അവരുടെ വാക്കുകളില്‍, നോട്ടത്തില്‍ പോലും ആ സ്‌നേഹം നിറയുന്നു… കനിവ് ഭവന പദ്ധതിയായി, ജൈവ ജീവിതമായി, ഡയാലിസിസ് സെന്ററുകളായി, പാലിയേറ്റീവ് കെയറായി… മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തനരംഗമാക്കിയ എറണാകുളത്തിന്റെ മണ്ണില്‍നിന്ന് വോട്ടു ചോദിക്കുമ്പോള്‍ പി രാജീവിനു കരുത്താകുന്നതും ഈ സ്‌നേഹവായ്പ്പാണ്.
പതിവിലും നേരത്തെയാണ് കളമശേരിയിലെ വീടായ ‘കിളിക്കൂട്ടി‘ല്‍നിന്ന് പര്യടനത്തിനായി രാജീവ് യാത്ര ആരംഭിച്ചത്. പതിവ് വ്യായാമത്തിനു സമയം കിട്ടുന്നില്ലെങ്കിലും പത്രവായനയ്ക്ക് സമയം കണ്ടെത്തി. സൂക്ഷ്മ വായനക്കു സമയമില്ലെങ്കിലും പതിവു പത്രങ്ങളിലൂടെ ഓട്ടപ്രദക്ഷിണം. അപ്പോഴേക്കും ഭാര്യ വാണി കേസരി പേരയില തിളപ്പിച്ച വെള്ളവും പഴങ്ങളും വെള്ളരിയും വാഹനത്തില്‍വച്ചു. പുറപ്പെടാന്‍ നേരം മക്കള്‍ ഹൃദ്യയും ഹരിതയും കാറിനടുത്തെത്തി അച്ഛനെ യാത്രയാക്കി. നേരെ ഇടക്കൊച്ചിയിലേക്ക്. ലോകാരോഗ്യ വാരാഘോഷത്തിന്റെ സമാപനമായി യോഗാഭ്യാസ പ്രകടനം കണ്ണങ്ങാട്ടു പാലത്തിനു സമീപത്തെ വേദിയില്‍. 10 മിനിട്ട് അവരോടൊപ്പം. അപ്പോഴേക്കും പര്യടനവാഹനമെത്തി. പൂക്കളും ചെടികളും പച്ചക്കറികളുംകൊണ്ട് അലങ്കരിച്ച തുറന്നവാഹനം. ആദ്യ സ്വീകരണ കേന്ദ്രമായ നേവല്‍ ബേസിലെത്തുമ്പോള്‍ സമയം എട്ട് ആകുന്നേയുള്ളൂവെങ്കിലും കപ്പല്‍ശാലയിലെ തൊഴിലാളികളടക്കം നൂറുകണക്കിനുപേര്‍ തടിച്ചുകൂടിയിരിക്കുന്നു, പഴങ്ങളും പച്ചക്കറികളും ഇളനീരുമൊക്കെയായി. ചുരുക്കം വാക്കുകളില്‍ നന്ദി പറഞ്ഞ് വാത്തുരുത്തിയിലേക്ക്. തമിഴ്‌നാട്ടുകാര്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന വാത്തുരുത്തി രാജീവിനെ ഹൃദയത്തിലേറ്റുവാങ്ങി. അപ്പോഴേക്കും പരിചമുട്ട് കലാകാരന്‍ ബൈജു ആശാനും സംഘവുമെത്തി. റയില്‍ പാളത്തിനു സമാന്തരമായ വഴിയിലൂടെ ‘നോക്കുവിന്‍ ജനങ്ങളെ നവരത്‌നം തിളങ്ങുന്നു… പുതുമഹാരാജന്‍ ഇതാ വരുന്നൂ…’ പാട്ടിനൊപ്പം താളമിട്ട് പരിചമുട്ടുമായി അവര്‍ രാജീവിനെ ആനയിച്ചു.
തേവരയില്‍ ചിത്രകലാ റിട്ട. അധ്യാപകന്‍ കുട്ടംപറമ്പില്‍ പീറ്റര്‍ സേവ്യറുടെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണം. അവിടെ രണ്ട് അതിഥികള്‍ രാജീവിനെ കാത്തുനിന്നു. തിരുവല്ല സ്വദേശി ഫിന്നിയും പാലക്കാട് സ്വദേശി വിപിനും. ഇരുവരും രാജീവിന്റെ ഫേസ് ബുക്ക് സുഹൃത്തുക്കള്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍നിന്ന് പുലര്‍ച്ചെ രണ്ടിനാണ് അവര്‍ നെടുമ്പാശേരിയിലെത്തിയത്. ഒരു ദിവസമെങ്കിലും സഖാവിനൊപ്പം പ്രവര്‍ത്തിക്കണമെന്ന ആശയിലാണ് വിമാനം പിടിച്ചത്. പ്രഭാത ഭക്ഷണത്തിനായി അവരെയും രാജീവ് ക്ഷണിച്ചു. കഴിക്കാനിരുന്നപ്പോള്‍ ഡ്രൈവറും സഹായിയും സഖാക്കളും ഒപ്പമുണ്ടെന്ന് രാജീവ് ഉറപ്പുവരുത്തി. കൂത്തുപറമ്പ് സമരകാലത്ത് രാജീവിനെ അറസ്റ്റ് ചെയ്ത റിട്ട. എസ്പി മാര്‍ട്ടിന്‍ കെ മാത്യുവും അവിടെയെത്തി. നാലഞ്ചു സ്വീകരണവേദി പിന്നിട്ടപ്പോള്‍ ലഭിച്ച വിഭവങ്ങള്‍ ഒരു വാഹനം നിറഞ്ഞു. ഒരു ചാക്ക് അരിയും അരച്ചാക്ക് പയറും പലവ്യഞ്ജനങ്ങളുമടക്കം. മട്ടുമ്മലില്‍ ചാനിയമുറിയിലെ 75 പിന്നിട്ട അന്നാമ്മ പാത്രംനിറയെ കൊഴുക്കട്ടയാണ് രാജീവിനായി കരുതിയത്. ഒരു കൊഴുക്കട്ട അന്നാമ്മയുടെ വായില്‍വച്ച് ഒന്ന് രാജീവും കഴിച്ചു. കുട്ടിക്കാലത്ത് ഓശാനത്തലേന്ന് അയല്‍വീടുകളില്‍നിന്നെത്തുന്ന കൊഴുക്കട്ടക്കായി കാത്തിരുന്ന നാളുകളാണ് രാജീവ് ഓര്‍ത്തത്. ഇത്തരം പകര്‍ച്ചകളിലൂടെയാണ് നാട്ടില്‍ മതസൗഹാര്‍ദം വളര്‍ന്നതെന്നും ആ സൗഹാര്‍ദം ഇല്ലായ്മ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും രാജീവ് പറഞ്ഞു. മാനുള്ളിപ്പാടം കോളനിയില്‍ രാജീവിനെ സ്വീകരിക്കാന്‍ സ്ത്രീകളടക്കമുള്ളവരുടെ നീണ്ടനിര. യുവജനങ്ങളുടെ വിപ്ലവാഭിവാദ്യം. സ്വീകരണ വേദികളില്‍ അതതിടത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയും ചുരുങ്ങിയ വാക്കുകളില്‍ മറുപടി. ‘നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും വിശ്വാസത്തിനും പകരം തരാനുള്ളത് എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന ഉറപ്പുമാത്ര’മെന്ന രാജീവിന്റെ മറുപടിക്ക് നിറഞ്ഞ കൈയടി. 12.15 ഓടെ രാവിലത്തെ പര്യടനം പൂര്‍ത്തിയാക്കി രാജേന്ദ്ര മൈതാനിയില്‍ വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് ആരംഭിച്ച ജൈവ വിപണിയുടെ ഉദ്ഘാടനത്തിന്. തേവര സെന്റ്‌തോമസ് മഠത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഉച്ച ഭക്ഷണം.
പര്യടനത്തിനിടയില്‍ ഉദയഭവന്‍ എസ്ഡി കോണ്‍വന്റിലെ അന്തേവാസികളെയും പി രാജീവ് സന്ദര്‍ശിച്ചു. വാത്തുരുത്തി ഐലന്റ്, ചക്കാലക്കല്‍ ജംഗ്ഷന്‍, കസ്തൂര്‍ബ നഗര്‍, റെഡ് ഷൈന്‍ കോളനി, ആലപ്പുഴ ഗേറ്റ് പരിസരം, മാന്നുള്ളിപ്പാടം കോളനി, കണ്ണര്‍ക്കാട്ട് പറമ്പ്, ഗാന്ധിനഗര്‍ സലിം രാജന്‍ റോഡ്, മണികണ്ഠന്‍ തുരുത്ത്, ഉദയനഗര്‍, കമ്മട്ടിപ്പാടം, ഗാന്ധിനഗര്‍ ജംഗ്ഷന്‍, ചെമ്മാത്ത് റോഡ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നാട്ടുകാരും പ്രവര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ സ്ഥാനാര്‍ഥി ഏറ്റുവാങ്ങി. രാത്രി പറഞ്ഞതിലും വൈകി പര്യടനം അവസാനിക്കുമ്പോഴും ഫോണില്‍ സ്‌നേഹസന്ദേശങ്ങളും വിളികളും. … ഞങ്ങളുണ്ട് മുന്നോട്ട് തന്നെ, വിജയം നമുക്കൊപ്പമാണ്.