ശബ്ദമില്ലാത്ത മനോഹര ചിരിയും കാഴ്ചയിൽ മങ്ങിപ്പോയ മനസുകളുടെ കണ്ണുനീരും പ്രവഹിപ്പിക്കുന്നു ദിലിപ്രസാദ് സുരേന്ദ്രന്റെ ‘തമ്പുരാൻ കുന്നിന്റെ സാമൂഹ്യപാഠം’ എന്ന നോവൽ. ഈ നോവലിൽ ഒരു എഴുത്തുകാരന്റെ കൃതഹസ്തതയും ലാളിത്യവും ഭാഷാ വിലാസവും അനുഭവിച്ചറിയാം. ഇതിൽ ബാല്യകാലത്തിന്റെ നിത്യസ്മരണകൾ, ആ കാലത്തെ മറക്കാത്ത ഓർമ്മ സ്പർശനങ്ങൾ പ്രൗഡോജ്വലമായി ധ്വനിക്കുന്നുണ്ട്. ബാല്യം എഴുത്തിന്റെയും വരയുടെയും കഥയുടെയും കവിതയുടെയും വിസ്മയ ലോകത്തിലേക്കുള്ള കവാടം തുറക്കുന്ന ഉത്ഫുല്ലകാലമാണ്. ദിലിപ്രസാദ് ബാല്യകാലത്തു തന്നെ സർഗാത്മകതയുടെ, സാഹിത്യത്തിന്റെ കവാടം തുറന്നു. തൂലിക സർഗാത്മക സാഹിത്യത്തിന്റെ പടവാളാണെന്നു മുമ്പേ നടന്ന സാഹിത്യ നായകരുടെ ചരിത്രഗാഥകളിലൂടെ ദിലിപ്രസാദ് അനുഭവിച്ചറിഞ്ഞുവെന്ന് ‘തമ്പുരാൻ കുന്നിന്റെ സാമൂഹ്യപാഠം’ എന്ന നോവൽ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
നോവലിന്റെ ആമുഖമായി ദിലിപ്രസാദ് സുരേന്ദ്രൻ ‘പാലപ്പൂവിന്റെ ഗന്ധം’ എന്ന ശീർഷകത്തിൽ ഇങ്ങനെ എഴുതുന്നു;
”നിനവിൽ ഗൃഹാതുരത്വം നിറയ്ക്കുന്ന ഓർമ്മകളെ, അതിശയോക്തിയോടെ കേട്ടറിഞ്ഞ പുരാവൃത്തജീവിതങ്ങളെ, സങ്കല്പിച്ചു കൂട്ടിയ കഥകളെ എല്ലാം പെറുക്കിക്കൂട്ടി അടുക്കിവെയ്ക്കുകയാണിവിടെ. ഭൂമിയിലേയ്ക്ക് ഞാന്നുകിടക്കുന്ന വേരുകളിലൂടെ മണ്ണിന്റെ ചോര ഈറ്റിയെടുക്കുന്ന ഭീമാകാരനായ അരയാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വള്ളികളെ തോളിലേറ്റി നിൽക്കുന്ന കാവിലെ മരങ്ങളും പൊഴിഞ്ഞുവീണ കരിയിലകൾക്കിടയിൽ പതുങ്ങിയിരുന്ന് നിലവിളിക്കുന്ന ചീവീടുകളും കുളമാങ്ങ തേടി നടക്കുന്നതിനിടയിൽ അരികിലൂടെ പാഞ്ഞുപോയിരുന്ന കീരികളുമൊക്കെയായിരുന്നു ബാല്യകാല ഭയഹേതുക്കൾ.
അണ്ടൂർക്കോണത്തു നിന്ന് അരിയോട്ടുകോണത്തേത്ത് കൂടുമാറിയപ്പോഴും ഭയം വിട്ടൊഴിഞ്ഞില്ല. പറങ്കിമാവിൻതോട്ടം പോലുള്ള പറമ്പിനുള്ളിലെ മൺകട്ട കെട്ടിയ വീട്ടിലേക്കും ഭയം പലരൂപത്തിൽ കടന്നുവന്നിരുന്നു. നിഴലുകൾ തീർക്കുന്ന ഭയത്തിൽ കുടുങ്ങി ഉറങ്ങാതെ കിടന്ന രാത്രികളാണ് ഏറെയും. ചെവിയിൽ വീഴുന്ന ഓരോ ശബ്ദത്തിനു പിറകിലും ആരുടെയൊക്കെയോ നിഴലുകൾ തിരഞ്ഞതും തല വഴി മൂടിയിരുന്ന പുതപ്പ് നൽകിയ സുരക്ഷിതത്വത്തിൽ ഉറങ്ങിയിരുന്നതുമായ രാവുകൾ.”
നിഴലുകൾ തീർക്കുന്ന ഭയത്തിൽ കുടുങ്ങി ഉറങ്ങാതെ കിടന്ന രാത്രികളിൽ ഈ എഴുത്തുകാരൻ സർഗാത്മകതയുടെ സ്വർഗകവാടങ്ങൾ തുറന്നു. എഴുത്തിൽ അഭിരമിക്കുകയെന്നത് ഭാവനാലോലുപൻമാരായവരുടെ സിദ്ധിവിശേഷമാണ്.
‘പാഥേയം’ എന്ന ഖണ്ഡത്തിൽ എഴുതുന്നു; “ചില കഥകൾ അങ്ങനെയാണ്. അതൊന്നും ആരും പറയാറില്ല. കേൾക്കാറുമില്ല. ഒക്കെ മറവിലേക്ക് മറയും.’ തുടർന്നെഴുതുന്നു; ‘എനിക്ക് അറിയാമല്ലോ, അതല്ലേ ഞാൻ നിനക്ക് പറഞ്ഞുതന്നത്. ഇനി നീയിത് കഥയാക്കി എഴുതണം. വായിക്കുവാൻ വായിച്ചറിയട്ടെ.” പിന്നാലെ ഈ വിധം കുറിക്കുന്നു,
“ഈ കഥയെല്ലാം ആരെങ്കിലും വിശ്വസിക്കുമോ?
കെട്ടുകഥയാക്കി തള്ളിക്കളയും”.
“കളഞ്ഞോട്ടെ എന്നെങ്കിലും മറ്റൊരാൾ തിരഞ്ഞുവരും. അവൻ വായിക്കും. വീണ്ടും ആളുകളോടു പറയും.”
അതേ, എഴുത്തിനെ, സർഗാത്മക സാഹിത്യത്തെ തിരഞ്ഞ് ഏതെങ്കിലും ഒരാൾ എന്നെങ്കിലും തിരഞ്ഞുവന്നു വായിക്കും. എഴുത്തിന് കാവൽ നിൽക്കും. മറ്റുള്ളവർക്ക് പകർന്നു നൽകും. പുതുകാലത്തെ അക്ഷരവസന്തങ്ങളെ സൃഷ്ടിക്കും. നാട്ടിൻപുറത്തിന്റെ വർണഭേദങ്ങളും വിരഹങ്ങളും സന്തോഷങ്ങളും വേദനകളും നൊമ്പരകാഴ്ചകളും ലളിതവും തനിമയുമാർന്നതുമായ ഭാഷയിൽ ഹൃദയസ്പർശിയായി ദിലിപ്രസാദ് സുരേന്ദ്രൻ വായനക്കാരുടെ മാനസങ്ങളിൽ പതിപ്പിക്കുന്നു. അരിയോട്ടുകോണം കർഷകരുടെയും തൊഴിലാളികളുടെയും ഗ്രാമമാണ്. ആ ഗ്രാമീണ പരിച്ചേദം നോവലിൽ അനാവരണം ചെയ്യപ്പെടുന്നു.
‘വണ്ടി അരിയോട്ടുകോണത്ത് നിൽക്കുകയാണെന്ന് തിരിച്ചറിയാനും ഒപ്പം കാഴ്ചൾക്കും കഥകൾക്കുമിടയിൽ പെട്ടതിന്റെ അമ്പരപ്പ് മാറാനും കുറച്ചു സമയമെടുത്തു. പതുക്കെ സമചിത്തത വീണ്ടെടുത്തു ചുറ്റും നോക്കി. ഒരു പാട് നാളുകൾക്കിപ്പുറം നാട് കാണുകയാണ്.
വലതുവശത്ത് മൈൽക്കുറ്റിക്ക് അപ്പുറമുള്ള വലിയ മതിൽ കാഴ്ച മറയ്ക്കുന്നു. അവിടെയുണ്ടായിരുന്ന കടകളുടെ അടയാളങ്ങളൊന്നും ബാക്കിയില്ല. പഞ്ചായത്ത് കിണറിന്റെ പിറകിൽ ഷാപ്പ് നിന്നിരുന്നയിടത്ത് നിറയെ മരങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ്.
നാടുകണ്ടുണരുന്ന കഥാകാരനെ, വീണ്ടും നാടിനെയറിയുന്ന നാട്ടുകാരനെ നാം അറിയുന്നു. പുതിയ സാമൂഹ്യപാഠം വായിക്കുന്നു.
“കാഴ്ചകൾക്കിടയിലേക്കാണ് ഇടതു കൈയിൽ കുടയും വലതുകൈയിൽ ഒരു തേങ്ങയുമായി ഒരാൾ കയറി വന്നത്. ചുളിഞ്ഞുപോയ മുഖത്തെ കുഴിയിലാണ്ട കണ്ണുകളിലെ തിളക്കം എവിടെയോ കണ്ടു മറന്നതാണ്. അയാൾ വണ്ടിയുടെ മനോഹരമായ ചിരി. അകത്തേക്ക് നോക്കി ചിരിച്ചു. ശബ്ദമില്ലാത്ത ‘കാഴ്ചയിൽ കുരുങ്ങിപ്പോയ മനസിനെ വീണ്ടെടുത്ത് പോയകാല ഓർമ്മകളിലാകെ പരതി. അതെ… ഇത് അയാൾ തന്നെയല്ലേ? പ്രണയത്തെ ഭ്രാന്തിലൊളിപ്പിച്ചവൻ? കാലമെത്ര കഴിഞ്ഞിട്ടും അയാൾക്ക് മാത്രം ഒരു മാറ്റവുമില്ല.
കഥയിൽ നിന്നുമിറങ്ങിയ അയാൾ ദാ നടുവഴിയിൽ കാത്തുനിൽക്കുന്നു.”
‘പ്രണയത്തെ ഭ്രാന്തിലൊളിപ്പിച്ച വിരഹികൾ കഥയിൽ നിന്നുമിറങ്ങി നടുവഴിയിൽ കാത്തു നിൽക്കുമ്പോൾ എം ടി യുടെ ഇടവഴിയിലെ മിണ്ടാപൂച്ച എന്ന കഥ നമ്മുടെ മനസിലേക്ക് തിരയടിച്ചെത്തും. പ്രണയം ഭ്രാന്തായി കൊണ്ടു നടന്നവർ എത്രയെത്ര! ഈ നോവൽ പാരായണ ക്ഷമതകൊണ്ടും ഉൾക്കാമ്പുകൊണ്ടും നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നു.
തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം
(നോവല്‍)
ദിലിപ്രസാദ് സുരേന്ദ്രന്‍
സാഹിത്യ പുസ്തകപ്രസാധനം
വില: 250 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.