‘പടയൊരുക്കം’ തടയാൻ വന്നവരെ പണം നൽകി ഒതുക്കി

Web Desk
Posted on November 03, 2017, 1:34 pm

കാസർകോട്: രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ‘പടയൊരുക്കം ’ ജാഥയെ തൃക്കരിപ്പൂരിൽ തടയാനൊരുങ്ങിയ ജനങ്ങളെ 50,000 രൂപ നൽകി അതിൽ നിന്നും പിന്തിരിപ്പിച്ചു. തൃക്കരിപ്പൂർ കടപ്പുറം മത്സ്യതൊഴിലാളി സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ചവർക്കാണ് തുക നൽകിയത്.

ഇത് ആദ്യ ഗഡുവാണെന്നും ബാക്കി തുക പിന്നീട് നൽകാമെന്നും ഉന്നത കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം ഇവർ സംഘടിതരായി ഉമ്മൻ ചാണ്ടിയെ കണ്ട് തങ്ങളുടെ പണം തിരികെ ലഭിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ കെപിസിസി യിലേക്ക് കാസർകോട് ജില്ലയിൽ നിന്നും നിശ്ചയിക്കപ്പെട്ട കെ വി ഗംഗാധരൻ പ്രസിഡന്റായ സഹകരണ സംഘത്തിലാണ് മൽസ്യത്തൊഴിലാളികൾ പണം നിക്ഷേപിച്ചത്. സംഘം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. തങ്ങളുടെ നിക്ഷേപത്തുക നഷ്ടപ്പെട്ടതോടെ കെ വി ഗംഗാധരനും സംഘവും നടത്തുന്ന പടയൊരുക്കം തടയുമെന്ന് നാട്ടുകാർ ഭീഷണി മുഴക്കി.

‘കളങ്കിതർ’ ജാഥയിൽ ഉണ്ടാവില്ലെന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ പ്രസ്താവന നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജാഥ ഗംഗാധരൻ ഉൾപ്പെടെയുള്ളവർ നയിക്കുന്നതെന്നും പണം നഷ്ടപ്പെട്ടവർ ചോദിച്ചു. ഉപ്പളയിൽ ജാഥയുടെ ഉൽഘാടനത്തിനുശേഷം മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് പി സി രാമന്റെ ഭവനം സന്ദർശിക്കാൻ പോയ ഉമ്മൻ ചാണ്ടിയെ പയ്യന്നൂരിൽ വച്ച് കണ്ട് ഇവർ നേരിട്ട് നിവേദനം നൽകി. ഫലം ഉണ്ടാകാതിരുന്നപ്പോൾ, രമേശ് ചെന്നിത്തല തൃക്കരിപ്പൂരിലെത്തുമ്പോൾ സംഘടിതമായി തങ്ങൾ പണം ആവശ്യപ്പെടുമെന്ന് നാട്ടുകാർ പറഞ്ഞതോടെയാണ് രാത്രിയിൽ 50000 രൂപ നൽകിയത്. നാട്ടുകാരുടെ ബാക്കി തുക പിന്നീട് നൽകാമെന്നും പടയൊരുക്കത്തിൽ തടസ്സമുണ്ടാകരുതെന്നും നേതാക്കൾ അഭ്യർഥിച്ചു.

ബാങ്ക് പ്രശ്നത്തിൽ ഇതോടെ താൽകാലിക പരിഹാരം ഉണ്ടായെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസും ഫ്ളക്സ് ബോർഡും ചെയ്യിച്ചതിന്റെ 15000 രൂപ ഇതുവരെ നൽകാതെ പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഡിസിസി ഭാരവാഹികളും വഞ്ചിച്ചുവെന്ന് പ്രസ് ഉടമ രമേശ് ചെന്നിത്തലക്ക് പരാതി നൽകി. ചെറുവത്തൂരിലെ സ്വകാര്യ പ്രസ് ഉടമയാണ് പടയൊരുക്കം ജാഥ നയിക്കുന്ന രമേശ് ചെന്നിത്തലക്ക് തൃക്കരിപ്പൂരിലെ സ്വീകരണ പരിപാടിക്കിടെ പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 15000 രൂപയുടെ നോട്ടീസും ഫ്‌ളക്‌സുമാണ് പ്രസില്‍ നിന്നും അടിച്ചത്. ഒരു രൂപ പോലും നല്‍കിയിരുന്നില്ല. നിരവധി തവണ ബ്ലോക്ക് കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും പണം നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും പരാതിയിൽ പറഞ്ഞു.