24 April 2024, Wednesday

Related news

January 26, 2024
January 21, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023
August 20, 2023
August 11, 2023
August 10, 2023
August 2, 2023

ആറന്മുളയിൽ വിമാനത്താവളത്തിനെടുത്ത സ്ഥലത്ത് നെല്‍കൃഷി പുനരാരംഭിക്കും: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
October 13, 2021 10:21 pm

ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരുന്ന സ്ഥലത്ത് പൂർണമായും നെല്‍കൃഷി ആരംഭിക്കുന്നു. ഒക്ടോബർ 27 നകം പദ്ധതിപ്രദേശത്ത് നെൽക്കൃഷി പുനരാരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

നെൽകൃഷി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി, സ്ഥലം എംഎൽഎയും ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണാ ജോർജ്ജ്, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾ എന്നിവരുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. സാങ്കേതിക പ്രശ്നങ്ങൾ എത്രയും വേഗത്തില്‍ പരിഹരിക്കുന്നതിന് യോഗം തീരുമാനമെടുത്തു.

അടുത്ത ഒരു വർഷത്തിനകം ആറന്മുളയിലെ മുഴുവൻ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കുന്നതിനായി രൂപരേഖ തയ്യാറാക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായും കൃഷി വകുപ്പ്, വൈദ്യുതി വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും പഠന റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ചാലുകൾ ആഴംകൂട്ടി ജലനിർഗമനം സുഗമമാക്കുന്നതിനും ബണ്ടുകൾ ബലപ്പെടുത്തുന്നതിനും മന്ത്രി റോഷി അഗസ്റ്റിനും നിര്‍ദ്ദേശിച്ചു. ഈ വർഷത്തെ കൃഷിയ്ക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ 10 ദിവസത്തിനകം നൽകും. പാടശേഖരങ്ങൾക്ക് ആവശ്യമായ വൈദ്യുതി സോളാർ പദ്ധതിയിലൂടെ ഉല്പാദിപ്പിക്കുന്നതിനും അധിക വൈദ്യുതി കെഎസ്ഇബിക്ക് നൽകിക്കൊണ്ട് പാടശേഖര കമ്മിറ്റിക്ക് വരുമാനം ഉണ്ടാക്കുവാനും കഴിയുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.

ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരുന്ന സ്ഥലത്ത് ഭാഗികമായി അഞ്ച് വർഷം മുൻപ് നെൽകൃഷി പുനരാരംഭിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം പൂർണമായും സ്ഥലം കൃഷിയോഗ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി ഒരേ മനസോടെ വിത്ത് വിതയ്ക്കുന്നതിനായി അണിചേരുകയാണ് എല്ലാവരും ചെയ്യണ്ടതെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ട് മുമ്പ് വിമാനത്താവളത്തിന്റെ പേരിൽ ചിലർ മുറവിളി കൂട്ടിയപ്പോൾ ആറന്മുളയിലെ ഹരിതാഭയെല്ലാം ഓർമ്മകളാകുമെന്ന നിലയിലായി. എന്നാൽ നാട് ഒറ്റക്കെട്ടായി നിന്ന് ഇതിനെ പ്രതിരോധിക്കുകയും നീണ്ട സമരങ്ങൾക്കൊടുവിൽ ജനതയുടെ മണ്ണ്, മണ്ണായി തന്നെ തിരികെ ലഭിച്ചിരിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Eng­lish Sum­ma­ry: Pad­dy cul­ti­va­tion to resume at Aran­mu­la : Min­is­ter P Prasad

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.