നെൽവയൽ ഉടമകൾക്ക് റോയൽറ്റി : 40 കോടി രൂപ അനുവദിച്ചു

Web Desk

തിരുവനന്തപുരം:

Posted on June 01, 2020, 8:37 pm

സംസ്ഥാനത്ത് നെൽവയലുകൾ കൃഷിയോഗ്യമാക്കി സംരക്ഷിക്കുന്ന വയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന് സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ഇടതുപക്ഷ സർക്കാരിന്റെ പ്രകടന പത്രികയിൽ കാർഷിക മേഖലയിൽ പറഞ്ഞിരുന്ന ഒരു വാഗ്ദാനം കൂടിയാണ് ഇതിലൂടെ നിറവേറ്റുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു.

പ്രകൃതിദത്തമായ ജലസംഭരണികൾ എന്ന നിലയിൽ നെൽവയലുകൾ സംരക്ഷിക്കേണ്ട ചുമതല ഉടമകൾക്കുണ്ട്. തങ്ങളുടെ നെൽവയലുകൾ കൃഷിയോഗ്യമാക്കുന്നതിലൂടെ വയൽ ഉടമകൾ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയുമാണ് സംരക്ഷിക്കുന്നത്. ഈ മഹത്തായ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് റോയൽറ്റി എന്ന നിലയിൽ നൽകുന്നത്.

ഹെക്ടർ ഒന്നിന് 2000 രൂപ നിരക്കിലാണ് നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നത്. രണ്ട് ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾക്കായിരിക്കും ആദ്യ വർഷം റോയൽറ്റി ലഭിക്കുക. ഇപ്പോൾ അനുവദിച്ചിട്ടുള്ള 40 കോടി രൂപയ്ക്ക് പുറമേ, വർഷം തോറും റോയൽറ്റി നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

കേരളത്തിൽ അവശേഷിക്കുന്ന നെൽവയലുകൾ പൂർണമായും സംരക്ഷിക്കുന്നതിനും ഇനി ഒരിഞ്ചുപോലും തരിശിടാതെയും നെൽവയലുകളുടെ വിസ്തൃതി വർധിപ്പിച്ചും കേരളത്തിന്റെയും പ്രകൃതിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും നെല്ലുൽപ്പാദനം ഗണ്യമായി വർധിപ്പിക്കുന്നതിനുമാണ് സംസ്ഥാന കൃഷി വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. ഭരണത്തിന്റെ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഉപഹാരമാണ് റോയൽറ്റിയെന്നും കൂടുതൽ പേർ നെൽകൃഷിയിലേക്ക് വരണമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: Pad­dy field own­ers get roy­al­ty: Rs 40 crore allot­ted

YOU MAY ALSO LIKE THIS VIDEO