മാർച്ച് 31 വരെ സർക്കാർ മോറോട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ പിആർഎസ് ലോൺ എടുത്ത കർഷകർക്കെതിരെ നടപടി സ്വീകരിച്ച ചില ബാങ്കുകളുടെ നടപടി പിൻവലിക്കാനും മോറോട്ടോറിയത്തിന്റെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി നെല്ല് സംഭരണത്തിന് നിലവിലുളള പിആർഎസ് ലോൺ പദ്ധതി തുടരാനും തീരുമാനം. നെല്ല് സംഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ച് ഭക്ഷ്യ മന്ത്രി പി തിലോത്തമന്റേയും കൃഷി മന്ത്രി വിഎസ് സുനിൽകുമാറിന്റേയും നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെയും ബന്ധപ്പെട്ട വകുപ്പ് തലവൻമാരുടെയും യോഗത്തിലാണ് തീരുമാനം. നെല്ല് സംഭരിച്ച വകയിൽ ലഭിക്കാനുളള കേന്ദ്ര സർക്കാർ വിഹിതം യഥാസമയം ലഭിക്കാത്തതിനെ തുടർന്ന് കർഷകരുടെ അക്കൗണ്ടിൽ ലോൺ തിരിച്ചടവ് നടത്തുന്നതിൽ തടസ്സം നേരിട്ടിരുന്നു.
ലോൺ തിരിച്ചടയ്ക്കുന്നതിന് സർക്കാരും സപ്ലൈകോയും ഗ്യാരണ്ടി നൽകിയിട്ടുളളതിനാൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നയാതൊരു നടപടിയും ബാങ്കുകൾ സ്വീകരിക്കരുതെന്ന് യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് നിർദ്ദേശ പ്രകാരം കർഷകരിൽ നിന്നും തുക ഈടാക്കുന്നതിന് ചില ബാങ്കുകൾ നോട്ടീസ് അയയ്ക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 20 വരെ മോറോട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലുളള കാർഷിക ലോണുകൾ നിഷ്ക്രിയ ആസ്തികളാക്കി മാറ്റാനും പുതിയ ലോൺ നിരസിക്കാനുമുളള ചില ബാങ്കുകളുടെ തീരുമാനം പുന:പരിശോധിക്കുന്നതിനും തീരുമാനമായി. കർഷകരുടെ അക്കൗണ്ടിൽ ഒടുക്കുവാനുളള പണം സർക്കാർ തലത്തിൽ കണ്ടെത്തി ഉടൻ അടയ്ക്കുന്നതിന് നടപടിയെടുക്കും. ഭക്ഷ്യവകുപ്പ് സെക്രട്ടറി പി വേണുഗോപാൽ, സപ്ലൈകോ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ കെ എൻ സതീഷ്, സഹകരണ വകുപ്പ് രജിസ്ട്രാർ ജയശ്രീ, എഫ് സിഐ ജനറൽ മാനേജർ രാജു, സംസ്ഥാനതല ബാങ്കിംഗ് സമിതി ചെയർമാൻ, വിവിധ ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
English Summary: Paddy procurement: PRS loan scheme will continue
You may also like this video