ദൂരെ ദൂരെയുള്ള രണ്ട് ചെറുപ്പക്കാർ. പരസ്പരം ഒരിക്കലും കാണാത്തവർ. ഒരാൾ പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി പട്ടാമ്പി താലൂക്കിലെ പടിഞ്ഞാറങ്ങാടിയിലും മറ്റേയാൾ കൂടിയേറ്റ ഭൂമിയായ വയനാട്ടിൽ കർണാടക അതിർത്തിയോട് ചേർന്ന പുൽപ്പള്ളിയ്ക്കടുത്ത ഇരുളം എന്ന മുളങ്കാടുകളുടെ സംഗീതം മുഴങ്ങുന്ന കൊച്ചു ഗ്രാമത്തിലും. അവർ ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നവരായിരുന്നു. നാടകത്തെ ഏറെ സ്നേഹിച്ചവരായിരുന്നു. സ്വന്തം ഗ്രാമത്തിലെ കലാപ്രതിഭകളായിരുന്നു. നാട്ടുകാരുടെ അഭിമാന ഭാജനങ്ങളായിരുന്നു. അതിലൊരാൾ നാടക പ്രവർത്തനവുമായി മഞ്ഞുപുതച്ച താമരശേരി ചുരവും താണ്ടി വയനാടിനോട് ചേർന്ന തമിഴ്‌നാട് അതിർത്തിയിലെ അയ്യങ്കൊല്ലിയിലെ പള്ളി മുറ്റത്തെത്തുകയാണ്. അവിടെവച്ച് ആ ചെറുപ്പക്കാരൻ മറ്റേ ചെറുപ്പക്കാരനെ കണ്ടു മുട്ടുകയാണ്. അപ്പോൾ അവിടെ ഒലിവിലകൾ പൊഴിയുന്നുണ്ടായിരുന്നു. നാടകഭ്രമം വെറും ഭ്രമമല്ലെന്ന് പരസ്പരം പറഞ്ഞു പറഞ്ഞങ്ങനെ അവർ സുഹൃത്തുക്കളായി. കാൽ നൂറ്റാണ്ട് പിന്നിട്ട ആ സൗഹൃദം ഇന്ന് നാടകമറിയുന്ന നാടാകെ പാട്ടായിരിക്കുന്നു. അതെ അവർ നാടക ലോകത്തിന് നവോന്മേഷം പകരുന്നു; ഹേമന്ത്കുമാറും രാജേഷ് ഇരുളവും.
കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പ്രൊഫഷണൽ നാടക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോഴും ആ സൗഹൃദത്തിന്റെ ആഘോഷമായി അതു മാറുകയാണുണ്ടായത്. ഹേമന്ത് കുമാർ‑രാജേഷ് ഇരുളം കൂട്ടുകെട്ടിൽ അരങ്ങിലെത്തിയ വള്ളുവനാട് ബ്രഹ്മ അവതരിപ്പിച്ച വാഴ്വേമായം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഹേമന്ത് കുമാർ തന്നെ രചന നിർവഹിച്ച ചങ്ങനാശേരി അണിയറയുടെ ഡ്രാക്കുളയിലൂടെ നല്ല നാടക സംവിധായകനായി രാജേഷ് ഇരുളവും. വാഴ്വേ മായത്തിന്റെ രചനയിലൂടെ ഹേമന്ത് കുമാർ രണ്ടാമത്തെ നല്ല രചയിതാവായി. വാഴ്വേ മായത്തിലെ പ്രകടനത്തിന് ജോൺസൺ ഐക്കര ഈ വർഷത്തെ നല്ല നടനുമായി. വാഴ്വേ മായത്തിലൂടെ ഹിമ ഷിൻജോ ഏറ്റവും മികച്ച ഗായികയുമായി. വാഴ്വേമായം, വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്നീ നാടകങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ അനിൽ മാളയും ഒന്നാമനായി. തിരുവനന്തപുരം സാഹിതി തിയറ്റേഴ്സ് അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടകവും പിറന്നത് ഹേമന്ത് കുമാർ‑രാജേഷ് ഇരുളം കൂട്ടുകെട്ടിലാണ്. വാഴ്വേമായം, ഡ്രാക്കുള, മുച്ചീട്ട് കളിക്കാരന്റെ മകൾ എന്നീ നാടകങ്ങളുടെ ശബ്ദലേഖനം നിർവഹിച്ച രാജേഷ് ഇരുളം മികച്ച ശബ്ദലേഖകനുള്ള പുരസ്കാരവും കരസ്ഥമാക്കി.
ഡ്രാക്കുള നാടകത്തിന്റെ വസ്ത്രാലങ്കാരത്തിന് വക്കം മാഹിനും തെരഞ്ഞെടുക്കപ്പെട്ടു
*********************
വിദ്യാലയ ജീവിതത്തിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, കഥാപ്രസംഗം, കഥാരചന, കാർട്ടൂൺ, മിമിക്രി എന്നിവയിൽ ജില്ലാതലത്തിൽ മത്സരിക്കുമായിരുന്ന ഹോമന്ത്കുമാറിനെ ബാല്യ കാല സൂഹൃത്ത് അയൂബ് ചോലയിൽ ഓർത്തെടുക്കുന്നുണ്ട്. അന്ന് മുതിർന്ന കുട്ടികളുടെ കൂടെ നാടകത്തിൽ അഭിനേതാവായും ഹേമന്തുണ്ടായിരുന്നു. സ്കൂൾ നാടകങ്ങളെഴുതിയാണ് നാടക രചനയുടെ തുടക്കം. പാതയോരത്തു നിന്ന് അല്പമകലെയായിരുന്ന വൈദ്യുതി എത്താത്ത വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്കകവും വായിച്ചിരിക്കുന്ന ഹേമന്തെന്ന കുട്ടിയുടെ ചിത്രം വരച്ചിടുന്നു അയൂബിന്റെ വാക്കുകൾ.
രജകൻ, പരകായപ്രവേശം, വെയിൽ, ലക്ഷ്മി അഥവ അരങ്ങിലെ അനാർക്കലി, കുറിയേടത്ത് താത്രി, കരുണ, രാധേയനായ കർണൻ, സൂര്യമന്ത്രം, കോങ്കണ്ണൻ, ഉച്ചപ്രാന്തൻ, പരകായ പ്രവേശം, മായാദർപ്പൺ, വേനലവധി, പാട്ട് പാടുന്ന വെള്ളായി, രണ്ട് നക്ഷത്രങ്ങൾ തുടങ്ങിയവയാണ് മികച്ച നാടകങ്ങൾക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡുകൾ ലഭിച്ച ഹേമന്തിന്റെ മറ്റ്നാടകങ്ങൾ.
ഉപ്പുകൂറ്റൻ, അകവൂർ ചാത്തൻ, ഫൂലൻ ദേവി, കരിങ്കുട്ടി, ആങ്ങളത്തെയ്യം, കോതാമൂരി, പേരറിവാളൻ ബോൺ ഡെത്ത് 1991, അരിങ്ങോടർ, പാഠം ഒന്ന് ജീവിതം, ചായമക്കാനി, അനിയന്റെ ചേട്ടൻ, ചിലനേരങ്ങളിൽ ചിലർ, എട്ടുനാഴികപ്പൊട്ടൻ, യാത്രകൾ തീരുന്നിടത്ത്, ഇത് പൊതുവഴിയല്ല, കാലമാടൻ, അരപ്പട്ട കെട്ടിയ നഗരത്തിൽ, നാലുവരിപ്പാത കുരുത്തി, കരുണ, പഞ്ചമിപെറ്റ പന്തിരുകുലം, വെളിച്ചം തുടങ്ങിയ നൂറിലധികം നാടക രചനകൾ.
മികച്ച രചയിതാവിനുള്ള ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ. പേര് അറിവാളൻ ബോൺ ഡെത്ത് 1991, അരങ്ങിലെ അനാർക്കലി, രണ്ട് നക്ഷത്രങ്ങൾ തുടങ്ങിയ നാടക പുസ്തകങ്ങൾ.
വടകര വരദയുടെ അമരക്കാരനായ പൗർണമി ശങ്കറോടൊപ്പമാണ് ഹേമന്ത്കുമാർ വയനാട് ജില്ലയിൽ ബൈബിൾ നാടകം ചെയ്യാനെത്തിയത്. അവിടെ വച്ചാണ് രാജേഷ് ഇരുളത്തെ പരിചയപ്പെടുന്നത്. പിന്നീട് വള്ളുവനാട് നാദം അവതരിപ്പിച്ച ഹേമന്ത്കുമാറിന്റെ രജകൻ എന്ന നാടകത്തിന് ദീപസംവിധാനമൊരുക്കുവാൻ രാജേഷ് ചുരമിറങ്ങുകയും ആ വർഷത്തെ ദീപസംവിധാനത്തിന് ഉൾപ്പടെ നിരവധി സംസ്ഥാന അവാർഡുകൾ രജകൻ നേടുകയും ചെയ്തു. അപ്പോത്തിക്കരി, കൊത്ത്, നൊണ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ രചിച്ചതും ഹേമന്ത്കുമാറാണ്. ഇന്ദ്രൻസ് നായകനായെത്തിയ നൊണ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് രാജേഷ് ഇരുളമാണ്.
*************************
ഹേമന്ത്കുമാറിന്റെ ശബ്ദം മുഴങ്ങി യവനിക ഉയരുമ്പോൾ അന്യവൽക്കരിക്കപ്പെട്ടവരുടെ മെറ്റാവേഴ്സിലെ അവഞ്ചേഴ്സിനെ പോലെ ബഷീർ തീർത്ത കഥാപാത്രങ്ങൾ നമുക്ക് മുന്നിൽ അങ്ങനെ തലയുയർത്തി നിൽക്കുകയാണ്. ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മുത്തപ്പയും സൈനബയും ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും മൂരാച്ചിപ്പോലീസും എട്ടുകാലി മമ്മൂഞ്ഞും.
സാഹിതി അവതരിപ്പിച്ച മുച്ചീട്ട് കളിക്കാരന്റെ മകൾ ബഷീറിന്റെ കഥയുടെ തനിമയൊട്ടും ചോരാതെ എന്നാൽ വരികൾക്കിടയിൽ മഹാനായ എഴുത്തുകാരൻ ആക്ഷേപഹാസ്യ-
ത്തിന്റെ വില്ലിൽ കുലച്ചു-വെച്ചിരുന്ന വാക്ശരങ്ങളുടെ സ്വതന്ത്രമായ തൊടുക്കലാണ്.
അനുവാചകരെ സ്വയംവിമർശനത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നുണ്ട് ഹേമന്തിന്റെ രചന. അതി മനോഹരമായ കാവ്യശില്പം പോലെയൊരു നാടകം. ദൃശ്യസുന്ദരമായ രംഗഭാഷയും നർമ്മം മേമ്പൊടി ചേർത്ത ചിന്തയ്ക്ക് ചിന്തേരിടുന്ന വാക്പ്രയോഗങ്ങളും വിസ്മയിപ്പിച്ചും ചിരിപ്പിച്ചും അനുവാചകനെ ചേർത്തുപിടിക്കുന്നു.
*********
പതിനഞ്ചാം നൂറ്റാണ്ടിൽ വല്ലാജിയയുടെ രാജകുമാരനായിരുന്ന വ്ലാദ് ദി ഇമ്പേലർ എന്നറിയപ്പെട്ടിരുന്ന വ്ലാദ് മൂന്നാമൻ എന്ന യഥാർത്ഥ മനുഷ്യനും 1897 ൽ ബ്രാം സ്റ്റോക്കർ എഴുതിയ നോവലിലെ രക്തദാഹിയായ ഡ്രാക്കുള എന്ന കഥാപാത്രവും പരസ്പരം ലയിച്ചു ചേർന്ന് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഹേമന്തിന്റെ രചനയിൽ മുന്നിൽത്തെളിയുന്നു.
ഒരു രക്തദാഹിയുടെ കഥ ഉത്തരാധുനിക കാലത്തു പോലും മൂല്യവത്തായ ആശയപ്രകരണമായി മാറുന്നത് അതീന്ദ്രീയമായ രചനാവൈഭവത്തിന്റെ പ്രതിഫലനമാകുന്നത് ഹേമന്ത്കുമാറിന്റെ തൂലികയുടെ സവിശേഷതയാണ്.
പഴയ കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ വെറും അക്കാദമിക അഭ്യാസമായി വിരസമായ നേർ മൊഴിമാറ്റ സംഭാഷണങ്ങൾ കൊണ്ട്, അതുല്യമായ ജീവിത കഥകൾ പറഞ്ഞ ഷേക്സ്പിയറെ പോലും കാഴ്ചക്കാർക്കു മുമ്പിൽ കോമാളിയാക്കുന്ന അഭിനവ പകർത്തെഴുത്തുകാരിൽ നിന്ന് ഹേമന്ത് വ്യത്യസ്തനാകുന്നത് അങ്ങനെയാണ്.
ഹേമന്തിന്റെ രചനാകൗശലം രാജേഷ് ഇരുളമെന്ന ശബ്ദപ്രകാശ താള ഉപാസകനായ
അതുല്യ പ്രതിഭയുടെ കൈവഴക്കത്തിൽ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നുണ്ട്. .
വായനയിൽ നാം സ്വയം പടുത്ത ദൃശ്യവിതാനങ്ങൾ പൊതുവേ ഏകതാനമായ പ്രൊഫഷണൽ നാടക വേദിയെ പ്രകമ്പനം കൊള്ളിക്കുമാറ് കാഴ്ചപ്പൂരം തീർക്കുന്നുണ്ട്. സാധാരണ, ഇല്ലത്തു നിന്നും പുറപ്പെട്ടു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന പരിതാപത്തിൽ കെട്ടുകാഴ്ചകളായി മാറുന്ന പീരിയോഡിക്ക് മെലോഡ്രാമകളെ രാജേഷിന്റെ ഡ്രാക്കുള തിരുത്തിപ്പടുത്തിരിക്കുന്നു.
പ്രൗഢ ഗംഭീരമായ സംഗീതത്തിന്റെ അകമ്പടിയിൽ അതിമനോഹര ദൃശ്യ വിന്യാസങ്ങളുടെ താളഗരിമയിൽ ഡ്രാക്കുള പുതിയ കാലത്തിന്റെ നാടക സങ്കല്പങ്ങൾക്ക് മാറ്റുകൂട്ടി യവനികയും കടന്ന് പുറത്തേയ്ക്ക് പാദമൂന്നിയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് 2024 ലെ ഏറ്റവും മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം രാജേഷ് ഇരുളത്തിന് ഡ്രാക്കുള സമ്മാനിച്ചത്.
***********
ഹേമന്ത്കുമാർ രാജേഷ് ഇരുളം കൂട്ടുകെട്ടിൽ രൂപമെടുത്ത മൂല്യവത്തായ നാടകങ്ങൾക്കിയിൽ മറ്റൊരു ധീരപരീക്ഷണമാണ് വള്ളുവനാട് ബ്രഹ്മയുടെ വാഴ്വേമായം. 2024 ലെ കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച നാടകം, മികച്ച രണ്ടാമത്തെ രചന, മികച്ച നടൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായിക, മികച്ച ശബ്ദലേഖനം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി പ്രൊഫഷണൽ നാടകം രംഗത്ത് നടത്തിയ ആ പരീക്ഷണം വിജയകരമായിരിക്കുന്നു.
**************************
എൻ എൻ പിള്ള, തോപ്പിൽ ഭാസി, പി ജെ ആന്റണി, ഒ മാധവൻ, തിക്കോടിയൻ, കെ ടി മുഹമ്മദ് തുടങ്ങിയ മഹാരഥൻമാരായ നാടക പ്രതിഭകൾക്കു ശേഷം പ്രൊഫഷണൽ നാടകങ്ങളെ ദൃശ്യചാരുതയോടെ ഹൃദയാവർജകമായ ജീവിതമുഹൂർത്തങ്ങളെ കൂട്ടിയിണക്കി സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ സധൈര്യം അവതരിപ്പിക്കവാൻ ഹേമന്ത്കുമാർ- രാജേഷ് ഇരുളം കൂട്ടുകെട്ടിന് സാധ്യമാകുന്നുണ്ട് എന്നതാണ് ഓരോ തവണയും ഈ പ്രതിഭകളെ തേടിയെത്തുന്ന പുരസ്കാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
കുവൈറ്റ്, മലേഷ്യ, അബുദാബി തുടങ്ങിയ രാജ്യങ്ങളിൽ പ്രവാസി കലാകാരൻമാരുടെ ക്ഷണം സ്വീകരിച്ചെത്തി അവരുടെ കൂട്ടായ്മയ്ക്കായി നാടകങ്ങളൊരുക്കി നൽകിയിട്ടുണ്ട് ഹേമന്തും രാജേഷും. ഹേമന്ത്കുമാറിന്റെ രചനയിൽ രാജേഷ് ഇരുളം രംഗഭാഷയൊരുക്കിയ കാഞ്ഞിരപ്പള്ളി അമല അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന തച്ചൻ എന്ന ബൈബിൾ നാടകവുമായി 2025 സെപ്റ്റംബർ മാസം മുതൽ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ പര്യടനം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.