അത്ഭുത സിനിമ മാമാങ്കത്തിന്റെ ‘അണിയറ രഹസ്യങ്ങൾ’ തുറന്ന് പറഞ്ഞ് എം പദ്മകുമാർ

Web Desk
Posted on November 15, 2019, 12:24 pm

100 കോടിയിലധികം ചെലവു വന്ന വലിയ സിനിമയാണ് ഇത്തവണ എം. പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. 19 വര്‍ഷം മുമ്പ് “അമ്മക്കിളിക്കൂട്” എന്ന നല്ല സിനിമ ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനായത്. അതുവരെ 13 വര്‍ഷത്തോളം ഹരിഹരന്‍, ഐ വി ശശി, ജോമോന്‍, ഷാജൂണ്‍ കാര്യാല്‍, ഷാജികൈലാസ്, രഞ്ജിത്ത് എന്നിവരുടെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഒരു നല്ല സിനിമ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ “അമ്മക്കിളിക്കൂട്” ചെയ്തു. കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ “മാമാങ്കം” അടക്കം 15 സിനിമകള്‍ ചെയ്തു. “മാമാങ്കം“ത്തിനു മുമ്പ് ചെയ്ത സിനിമ നിരവധി അവാര്‍ഡുകളും മുക്തകണ്ഠ പ്രശംസകളും ഏറ്റുവാങ്ങിയ “ജോസഫ്” ആണ്. വര്‍ഗ്ഗം, വാസ്തവം, പരുന്ത്, ശിക്കാര്‍, പാതിരാമണല്‍, തിരുവമ്പാടി തമ്പാന്‍, ഒറീസ എന്നിങ്ങനെ പോകുന്നു എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമകളുടെ പേരിന്റെ നിര.
2000 തീയ്യേറ്ററുകളിലാണ് “മാമാങ്കം” റിലീസ് ചെയ്യുന്നത്. ആദ്യമായിട്ടാണ് ഒരു മലയാള സിനിമയുടെ നിര്‍മ്മാണം 100 കോടിയില്‍ എത്തിനില്‍ക്കുന്നത്.

പൂര്‍ത്തിയാക്കാത്ത തിരക്കഥയുമായി ചെന്നൈയിലേക്ക്
എം പത്മകുമാറിന്റെ സിനിമാ ജീവിതത്തിനു തുടക്കമിട്ട വര്‍ഷം 1987 ആണ്. വിദ്യാഭ്യാസത്തിനു ശേഷം സിനിമ തന്നെയായിരുന്നു പത്മകുമാറിന്റെ മനസ് കീഴടക്കിയത്. കഥകളും കവിതകളും റേഡിയോ നാടകങ്ങളും എഴുതിയിരുന്ന പത്മകുമാര്‍ ഒരു തിരക്കഥ എഴുതാന്‍ തീരുമാനിച്ചു. പകുതി എഴുതിയ തിരക്കഥയുമായി ചെന്നൈയ്ക്കു പോയി. അവിടെചെന്ന് നിര്‍മ്മാതവും സംവിധായകനും ഗാനരചയിതാവും തിരിക്കഥാകൃത്തുമായ ഡോ. ബാലകൃഷ്ണനെ കണ്ടു. തിരക്കഥ കൊടുത്തു വായിച്ചു. അത് പൂര്‍ത്തിയാക്കാന്‍ പറഞ്ഞു. പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു നല്ല സംവിധായകന്‍ പത്മകുമാറില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു മനസിലാക്കിയ ഡോക്ടര്‍ ബാലകൃഷ്ണന്‍ അക്കാര്യം തുറന്നു പറഞ്ഞു. അങ്ങനെ പ്രശസ്ത സംവിധായകനായ ഹരിഹരന്റെ സിനിമയില്‍ സഹസംവിധായകനായി നിര്‍ത്തി എം ടി ഹരിഹരന്‍ ടീമിന്റെ “ആരണ്യകം” എന്ന സിനിമയിലൂടെ എം പത്മകുമാര്‍ നല്ല സിനിമയുടെ ഭാഗമായി. “ആരണ്യകം” കൂടാതെ ഒരു വടക്കന്‍ വീരഗാഥ, ഒളിയമ്പുകള്‍ എന്നീ സിനിമകളില്‍. ഹരിഹരനോടൊപ്പം വര്‍ക്കു ചെയ്തു. അതിനുശേഷം ഐ വി ശശിയുടെ 15 സിനിമകളില്‍ സഹസംവിധായകനായി തുടര്‍ന്ന് ജോമോന്‍, ഷബുണ്‍കാര്യല്‍, ഷാജികൈലാസ്, ര‍ഞ്ജിത്ത് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു.
പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ എന്ന ഗ്രാമത്തിലാണ് പത്മകുമാര്‍ ജനിച്ചത്. ഭാര്യ രവിത ബോംബെക്കാരിയാണ്. മക്കള്‍ ആകാശും അമലും ആകാശ് ഡിഗ്രികഴിഞ്ഞ് പാരീസില്‍ ഒരു കോഴ്സിനു വേണ്ടി പോയിരിക്കുന്നു. അമല്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഇപ്പോള്‍ എറണാകുളത്ത് കുടുംബസമേതം താമസിക്കുന്നു.

? 32 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമായ താങ്കള്‍ക്ക് വഴിതുറന്നത് ആരാണ്.
ബാലകൃഷ്ണന്‍ അദ്ദേഹവുമായി പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് വിശ്വസിക്കുന്നത്. കാരണം സിനിമക്കു വേണ്ടി മദ്രാസില്‍ അലഞ്ഞുനടന്ന ഒരുപാടുപേരെക്കുറിച്ചു കേട്ടിട്ടുണ്ട്. ഒരുപാടുപേര്‍ ഒരുപാടുവര്‍ഷം സിനിമക്കുവേണ്ടി അലഞ്ഞതും ഒടുവില്‍ എങ്ങുമെത്താതെ പോയതുമെല്ലാം ഞാന്‍ നേരിട്ടറിഞ്ഞ കഥകളാണ്. അതുകൊണ്ട് ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. കാരണം അന്നത്തെ താരമൂല്യമുള്ള പ്രശസ്തനായ സംവിധായകനായ ഹരിഹരന്‍ സാറിനൊപ്പമാണ് എന്റെ തുടക്കം. മറ്റുള്ളവരെപ്പോലെ എനിക്ക് അധികം അലയേണ്ടിവന്നിട്ടില്ല. അതുകൊണ്ട് എന്റെ ജീവിത്തിലെ ഏറ്റവും വലിയ കടപ്പാട് ഹരിഹരന്‍സാറിനെ പരിചയപ്പെടുത്തിയ ഡോക്ടര്‍ ബാലകൃഷ്ണനോടാണ്
പൃഥ്വിരാജിനെ നല്ല നടനാക്കിയ സിനിമ

? തിരക്കഥ എഴുതിത്തുടങ്ങിയ താങ്കള്‍ എത്രാമത്തെ സിനിമ മുതലാണ് സ്വന്തം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത്.
അമ്മക്കിളിക്കൂടിനു ശേഷം “വര്‍ഗം” എന്ന സിനിമ സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു. അതിനു ശേഷം “വാസ്തവം.’ ഈ ചിത്രത്തിലെ അഭിനയത്തിനാണ് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് പൃഥീരാജിനു കിട്ടിയത്. പിന്നെ ലാലേട്ടനോടൊപ്പം ശിക്കാര്‍, മമ്മൂക്കയോടൊപ്പം ‘പരുന്ത്’ തിരുവമ്പാടിതമ്പാന്‍’ ഒറീസ ജോസഫ് ഇങ്ങനെ 14 സിനിമകള്‍! ഇപ്പോള്‍ ‘മാമാങ്ക’ ത്തോടെ പതിനഞ്ചു സിനിമയായി.

? എന്താണ് ‘മാമാങ്കം’ സിനിമയുടെ പ്രത്യേകത.
‘മാമാങ്ക’ ത്തിന്റെ പ്രത്യേകത എന്നു പറയുന്നത്, അതൊരു ചരിത്ര സിനിമയാണ്. സാധാരണ ഒരു സോഷ്യല്‍ മൂവിപോലെ എളുപ്പത്തില്‍ ചിത്രീകരിക്കാവുന്ന ഒന്നല്ല. ഒരുപാടു തയ്യാറെടുപ്പുകളും റിസര്‍ച്ചും ആവശ്യമാണ് അന്നത് തെകാലഘട്ടത്തിലുള്ള ആടയാഭരണങ്ങള്‍ വേഷവിധാനങ്ങള്‍, മേക്കപ്പ്, വിഗ്ഗ് തുടങ്ങിയവ വളരെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കേണ്ടതാണ്. പിന്നെ വീടുകളും കൊട്ടാരങ്ങളും ‘മാമാങ്കം’ നടക്കുന്ന സ്ഥലവും വളരെ വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് തയ്യാറാക്കിയത്. അതില്‍ തന്നെ സിനിമയ്ക്ക് വേണ്ടി ചില കാര്യങ്ങള്‍ മാറ്റേണ്ടതായി വന്നിട്ടുണ്ട് എങ്കില്‍ പോലും പരമാവധി ചരിത്രത്തോടു നീതി പുലര്‍ത്തിക്കൊണ്ടു തന്നെയാണ് ഈ സിനിമ ചെയ്തത്. ഇതിലെ ഓരോ ചെറിയ ഷോട്ടുപോലും സമയമെടുത്താണ് ചിത്രീകരിച്ചത്. അന്നത്തെ ലൈറ്റിംഗ് പാറ്റേണില്‍ വ്യത്യാസമുണ്ടായിരുന്നു. നിലവിളക്കിന്റെ വെളിച്ചത്തിലായിരുന്നു പല വീടുകളും ഉണ്ടായിരുന്നത്. അതുകൊണ്ട് സമയമെടുത്തും സൂക്ഷ്മതയോടെയുമാണ് ‘മാമാങ്കം’ ചെയ്തത്.

മാമാങ്കത്തിന്റെ മുഖ്യ ആകര്‍ഷണം മമ്മൂട്ടി
ഈ സിനിമയില്‍ മമ്മുക്ക എത്തിയശേഷമാണ് ഞാന്‍ എത്തുന്നത്. സന്ദര്‍ഭവശാല്‍ ഞാന്‍ ഈ സിനിമയിലേക്ക് സംവിധായകനായി വരികയായിരുന്നു. ഇതിന്റെ തുടക്കത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ സംവിധാനച്ചുമതല ഏറ്റെടുത്തശേഷം പൂര്‍ണമായും എന്റെ രീതിയിലുള്ള സിനിമയായിട്ടാണ് ചിത്രീകരിച്ചത്.
ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം മമ്മൂക്കതന്നെയാണ്. വടക്കന്‍ വീരഗാഥയ്ക്കും പഴശിരാജക്കും ശേഷം മമ്മൂക്ക ചെയ്യുന്ന ചരിത്രകഥാപാത്രം ചെയ്യുന്ന സിനിമയാണ് ‘മാമാങ്കം’
വടക്കന്‍ വീരഗാഥ ചരിത്രവും മിത്തും ചേര്‍ന്ന ഒന്നായിരുന്നെങ്കില്‍ പഴശിരാജ പൂര്‍ണമായും ചരിത്രം തന്നെയായിരുന്നു. ‘മാമാങ്കം’ ചരിത്രത്തില്‍ മിത്തിന്റെ അംശം കലര്‍ന്ന സിനിമയാണ്.
മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല. അതാണ് സത്യം. മറ്റൊരു നടനെ വച്ച് ഈ സിനിമ ചെയ്യുന്ന കാര്യം എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. അത്രത്തോളം ഈ സിനിമയെപ്പറ്റി ആലോചിക്കാന്‍ പോലും കഴിയില്ല. അത്രത്തോളം ഈ സിനിമയും കഥാപാത്രവുമായി അദ്ദേഹം ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും നൂറുശതമാനം ഇതൊരു മമ്മൂട്ടി ചിത്രം തന്നെയാണ്.

? ‘മാമാങ്കം’ ചെയ്യുന്നതിനുമുമ്പ് പ്രേക്ഷകരെ അമ്പരപ്പിച്ച സിനിമയാണ് താങ്കള്‍ സംവിധാനം ചെയ്ത ‘ജോസഫ്’ ജോസഫിനെക്കുറിച്ച്.
‘ജോസഫ്’ എന്റെ ജീവതത്തിലെ വഴിത്തിരിവായ സിനിമയാണ് മറ്റു ഒരുപാടു സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ നല്ല സിനിമകള്‍ ഉണ്ട്, ചീത്ത സിനിമകളും ഉണ്ടാവാം. ജനങ്ങള്‍ ഇഷ്ടപ്പെട്ട സിനിമകള്‍ ഉണ്ട്, നിരാകരിച്ച സിനിമകള്‍ ഉണ്ട്. എന്നാല്‍ ജോസഫിന്റെ ഒരു പ്രത്യേകത, ആ സിനിമക്ക് ഒരു താരത്തിന്റെ പിന്‍ബലം ഇല്ലായിരുന്നു. യാതൊരു പബ്ളിസിറ്റിയും ജോസഫിനുണ്ടായിരുന്നില്ല. അങ്ങനെ ഒരു സാധാരണ സിനിമ പ്രേക്ഷകരില്‍ എത്തിച്ച് വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ട്. മികച്ച തിരക്കഥ, നിര്‍മ്മാതാവും നടനുമായ ജോജുവിന്റെ അഭിനയം പ്രധാനപ്പെട്ട ഘടകമായിരുന്നു. ഒരു നിര്‍മ്മാതാവായി ഈ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തത് ജോജുവാണ്. അല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇത്രവേഗം പ്രേക്ഷകരില്‍ എത്തിക്കാന‍െ കഴിയുമായിരുന്നില്ല. മികച്ച കഥയുണ്ടെങ്കില്‍ താരങ്ങളില്ലാതെ നല്ലൊരു സിനിമ ഉണ്ടാക്കാന്‍ കൂട്ടായ്മയിലൂടെ തെളിയിച്ച സിനിമയാണ് ‘ജോസഫ്’.

? 32 വര്‍ഷമായി സിനിമയില്‍ ജീവിക്കുന്ന സംവിധായകനെന്ന നിലയില്‍ മലയാള സിനിമ നേരിടുന്ന വെല്ലുവിളികള്‍
ഞാനീ പറയുന്നത് എന്റെ വൃക്തിപരമായ അഭിപ്രായം മാത്രമാണ്. മലയാള സിനിമ നേരിടുന്ന പ്രധാന വെല്ലുവിളി ഏറ്റവും കുറഞ്ഞ വിപണന രീതിയാണ്. മാര്‍ക്കറ്റിംഗില്‍ രക്ഷപ്പെട്ടാലെ സിനിമക്കു് നിലനില്‍പുണ്ടാകൂ. മറ്റു ഭാഷാചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയും തകര്‍ത്ത് ഓടുകയും വലിയ വിഭാഗം ജനങ്ങളുടെ സപ്പോര്‍ട്ട് കിട്ടുകയും ചെയ്യുമ്പോള്‍ മലയാള സിനിമയ്ക്ക് അത്തരം സപ്പോര്‍ട്ട് പുറത്തു നിന്നും ലഭിക്കുന്നില്ല, മലയാളികള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നമ്മുടെ സിനിമക്കു പ്രസക്തി. മലയാള സിനിമയിലേക്ക് മറ്റു ഭാഷയിലെ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രം മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. അതിനു ‘മാമാങ്കം’ പോലെ വലിയ ബഡ്ജറ്റിലുള്ള മലയാളത്തിന്റെ നേറ്റിവിറ്റിയില്‍ ഒതുങ്ങി നില്‍ക്കാത്ത സിനിമകള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. അതേസമയം വന്‍ ബഡ്ജറ്റില്‍ സിനിമ, ചെയ്യുന്നതിനു നമുക്കു പരിമിതികള്‍ ഏറെയുണ്ട്. അതുകൊണ്ട് വലിയ സിനിമകള്‍ മലയാളത്തിനു പ്രായോഗികമല്ല, അതുകൊണ്ട് പരിമിതകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു സിനിമ ചെയ്യാനുള്ള സ്വപ്നങ്ങള്‍ മാത്രമാണ് നമുക്കുള്ളത്.

സിനിമക്ക് രാഷ്ട്രീയമുണ്ടോ ?
സിനിമക്ക് വൃക്തമായ രാഷ്ട്രീയമുണ്ട്, ഉണ്ടാകണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍’ സിനിമക്ക് വൃക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാകണം. ഇതിനര്‍ഥം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചുവടുപിടിച്ചുള്ള കാഴ്ചപ്പാടോ സിനിമയോ അല്ല. പൊതുവെ, നമ്മുടെ രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അതിനകത്ത് ഉണ്ടാകണം. മനുഷ്യരെ നേര്‍വഴിക്കു നയിക്കാന്‍ കഴിയുന്ന എന്തെങ്കിലും ചിത്രീകരിച്ചിരിക്കണം, ഒരു ചെറിയ മെസേജെങ്കിലും നല്‍കാന്‍ കഴിഞ്ഞാന്‍ അത്രത്തോളം നന്നായി എന്നു വിചാരിക്കുന്ന സംവിധായകനാണ് ഞാന്‍.
ലോകത്തിലുള്ള മനുഷ്യരും, പ്രത്യേകിച്ച് മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് സിനിമയായതുകൊണ്ടാണ് ഞാനെന്റെ അഭിപ്രായം പറഞ്ഞത്.

? പത്മകുമാറിന്റെ രാഷ്ട്രീയം
ഞാന്‍ രാഷ്ട്രീയ നേതവോ രാഷ്ട്രീയ പ്രവര്‍ത്തകനോ ഒന്നുമല്ല, എങ്കിലും എനിക്കു വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ഞാനത് എന്റെ സിനിമയിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയല്ല ഞാന്‍ സിനിമ ചെയ്തത് ഇനി ചെയ്യുന്നതും. അങ്ങനെ വിചാരിക്കുന്നത് ശരിയുമല്ല എന്ന വിശ്വാസക്കാരനാണ്. എങ്കിലും ഒരു പരിധിവരെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്റെ സിനിമയില്‍ പ്രതിഫലിച്ചേക്കാം. ഒന്നു നിര്‍ത്തി പത്മകുമാര്‍ തുടര്‍ന്നു.
സിനിമ നമ്മുടെ വൃക്തി ജീവിതത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നല്ല. ജീവിതം തന്നെയാണ് സിനിമ. അതുകണ്ടു തന്നെ നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലും അംശങ്ങള്‍ സിനിമയില്‍ ഉണ്ടായെന്നിരിക്കും. അതു നമ്മുടെ സ്വാതന്ത്ര്യമാണ്. തീര്‍ച്ചയായും ഏതു സിനിമാക്കാരനായാലും അത് ശരിയാണോ തെറ്റാണോ എന്തായാലും രാഷ്ട്രീയപരമായ കാഴ്പപ്പാട് ഉണ്ടാകണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

? ‘ശിക്കാര്‍’ സിനിമയില്‍ മോഹന്‍ലാലും ‘പരുന്തി’ ല്‍ മമ്മൂട്ടിയും ആയിരുന്നു നായകന്മാര്‍ അതേസമയം’ തിരുവമ്പാടി തമ്പാനില്‍ ജയറാം ആയിരുന്നു.
മിക്കപേരേയും ഞാന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ‘തിരുവമ്പാടി തമ്പാന്‍’ ആനകളുമായി ബന്ധപ്പെട്ട കഥയായിരുന്നു. ജയറാമിനു ആനകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ശരിക്കും ഒരു ആനപ്രേമി. അതുകൊണ്ടു തന്നെ ആനകളുമായി ബന്ധമുള്ള കഥ ആയതിനാല്‍ ജയറാമിനു നല്ലതുപോലെ പെര്‍ഫോം ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. ആനപ്രേമികളായ തൃശൂരിലെ പ്രശസ്തമായ ക്രിസ്ത്യന്‍ തറവാടാണ് തിരുവമ്പാടി. ശക്തന്‍ തമ്പുരാന്‍ തൃശൂര്‍ ഭരിച്ചിരുന്ന കാലത്ത് വിളിച്ചു വരുത്തിയ അറുപത്തിനാല് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഒന്നാണ് ‘തിരുവമ്പാടി തറവാട്’. ഈ തറവാട്ടിലെ തിരുവമ്പാടി മാത്തന്‍തരകന്റെ മകനാണ് ‘തിരുവമ്പാടി തമ്പാന്‍’. ഇരുവരുടേയും ആത്മബന്ധമാണ് നര്‍മത്തില്‍ പൊതിഞ്ഞ് ചിരിയിലും ചിന്തയിലും ചിത്രീകരിച്ചത്. അപ്പന്റേയും മകന്റേയും ആഘോഷം നിറഞ്ഞ ജീവിതത്തിലുണ്ടാകുന്ന അപകടകരമായ സാഹചര്യമായിരുന്നു ‘തിരുവമ്പാടി തമ്പാനി’ ലെ ഇതിവൃത്തം’ ഈ സിനിമയിലെ കഥാപാത്രത്തിനു യോജിച്ച നടന്‍ ജയറാം ആയിരുന്നു എന്ന എന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു സിനിമയുടെ വിജയം.
പഴയ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ അവസരം വന്നാല്‍
പഴയ സിനിമ റീമേക്ക് ചെയ്യുന്നതിനോട് എനിക്കു താല്‍പര്യമല്ല. അതു മോശമായതുകൊണ്ടല്ല. നീലത്താമര, രതി നിര്‍വേദം തുടങ്ങിയ സിനിമകള്‍ റീമേക്കു ചെയ്തവയാണ്. എന്നാല്‍ പുതിയ കഥകള്‍ ചിത്രീകരിക്കാനാണ് എനിക്കിഷ്ടം, റീമേക്കിനോടുള്ള എതിര്‍പ്പുകൊണ്ടല്ല, റീമേക്കു ചെയ്യുമ്പോള്‍ അതിന്റെ അന്തഃസത്ത നശിക്കും എന്ന് അഭിപ്രായമുണ്ട്.
റീമേക്കു ചെയ്തു വിജയിച്ച സിനിമകളും ഇവിടെ കുറവാണ്. ഒരു മികച്ച സി നിമ ചെയ്യാനാണ് എനിക്കിഷ്ടം. അതിനു പുതിയ കഥകള്‍ ആവശ്യത്തിലേറെ ഇവിടെ ഉണ്ട്.
എം പത്മകുമാര്‍ പറഞ്ഞു നിര്‍ത്തി.

തയാറാക്കിയത്: പല്ലിശേരി