28 March 2024, Thursday

പത്മരാജന്‍ വിട പറഞ്ഞിട്ട് 32 വര്‍ഷം; തൂവാനത്തുമ്പിയായി ഗന്ധര്‍വ സാന്നിധ്യം

ഡാലിയ ജേക്കബ്
ആലപ്പുഴ
January 23, 2023 10:48 pm

കാലത്തിനപ്പുറത്തേക്ക് മാഞ്ഞിട്ട് 32വർഷമായിട്ടും പത്മരാജൻ തന്റെ സിനിമകളിലൂടെ പടർത്തിയ സൗന്ദര്യത്തിന് മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല. മറക്കാനാവാത്ത കഥാപാത്രങ്ങളെ കോർത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച പത്മരാജന്റെ തിരക്കഥകൾ ജനമനസുകളിൽ ഇന്നും ജീവിക്കുന്നു.
1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജൻ ജനിച്ചത്. ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടനവധി ചെറുകഥകൾ, മുപ്പതിലേറെ നോവൽ, സ്വന്തം തിരക്കഥയിൽ പതിനെട്ടു സിനിമകൾ, കൂടാതെ മറ്റു സംവിധായകർക്കുവേണ്ടി ഇരുപതോളം തിരക്കഥകൾ. എല്ലാ അർത്ഥത്തിലും മലയാളിമനസുകളിൽ തിളങ്ങി നിന്ന വ്യക്തിത്വം തന്നെയായിരുന്നു അദ്ദേഹം. 

പെരുവഴിയമ്പലം എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് എത്തുകയും 1991ല്‍ ഞാൻ ഗന്ധർവൻ എന്ന അവസാന സിനിമ വരെ മലയാളികൾക്ക് മനസിലിട്ട് താലോലിക്കാൻ ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഭരതനുമായുള്ള സൗഹൃദത്തിൽ ഒരുപാട് നല്ല ചിത്രങ്ങൾ വിരിഞ്ഞു. ഭരതന്റേയും കെ ജി ജോർജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. മഴയും പ്രകൃതിയും ഒക്കെ പത്മരാജന്റെ കഥാപാത്രങ്ങൾ ആയിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, ദേശാടനക്കിളികൾ കരയാറില്ല അങ്ങനെ പത്മരാജൻ ചിത്രങ്ങൾ പുതുതലമുറ വരെ നെഞ്ചിലേറ്റി. 

നന്മകളുടെ സൂര്യൻ, കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നക്ഷത്രങ്ങളെ കാവൽ, പ്രതിമയും രാജകുമാരിയും, ഋതുഭേദങ്ങളുടെ പാരിതോഷികം, രതിനിർവേദം, മഞ്ഞുകാലം നോറ്റ കുതിര, ഉദകപ്പോള ഇവയൊക്കെ പത്മരാജന്റെ മഹത്തായ സൃഷ്ടികൾ ആണ്. മലയാളിക്ക് കാൽപ്പനികതയുടെയും ഫാന്റസിയുടെയും വാതിൽ തുറന്നു കൊടുത്ത സംവിധായകനാണ് പത്മരാജൻ. സ്ത്രീ കഥാപാത്രങ്ങൾക്ക് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രാധാന്യം ഉണ്ടായിരുന്നു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.