റിലീസായാലും ഇല്ലെങ്കിലും പത്മാവതി പണംവാരും

Web Desk
Posted on November 23, 2017, 9:12 pm

ചിത്രത്തിന് 300 കോടിയുടെ ഇന്‍ഷുറന്‍സ് 

ന്യൂഡല്‍ഹി: നൂറ്റമ്പത് കോടി മുടക്കിയ പത്മാവതി റിലീസായാലും ഇല്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമൊന്നും വരില്ലെന്ന് സൂചന. വിവാദ ചിത്രത്തിന് വമ്പന്‍ തുകയുടെ ഇന്‍ഷുറന്‍സുണ്ട് എന്നതാണ് കാര്യം. 300 കോടിയുടെ ഇന്‍ഷുറന്‍സോടെയാണ് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ഒരുക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയുടെ രണ്ട് തരത്തിലുള്ള ഇന്‍ഷുറന്‍സാണ് ചിത്രത്തിനുള്ളത്. ആകെ 300 കോടിയുടെ ഇന്‍ഷുറന്‍സ്. ചിത്രം പൂര്‍ത്തിയാകുന്നതിന് മുമ്പ് തടസപ്പെടാനിടയായാല്‍ 150 കോടിയും ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞ് പ്രദര്‍ശനം തടസപ്പെട്ടാല്‍ 150 കോടിയുമാണ് ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക. ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ രണ്ടാമത്തെ ഇന്‍ഷുറന്‍സിനാണ് ഇനി ബന്‍സാലി ചിത്രത്തിന് അര്‍ഹതയുള്ളത്. ആകെ മുടക്കുന്ന തുകയുടെ ഒരു ശതമാനം വരെയാണ് പ്രീമിയമായി അടയ്ക്കുന്നത്.

പത്മാവതിക്ക് ഒന്നരക്കോടി വീതം ആകെ മൂന്ന് കോടി രൂപയാണ് രണ്ട് ഇന്‍ഷുറന്‍സിന്റെയും പ്രീമിയമായി അടച്ചിരിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ കാരണം ഷൂട്ടിങ് തടസ്സപ്പെടുക, സെറ്റിലെ അപകടങ്ങള്‍ തുടങ്ങിയവയെല്ലാം ഒന്നാമത്തെ ഇന്‍ഷുറന്‍സ് പരിധിയില്‍വരും. രണ്ടാമത്തെ ഭാഗമാണ് വിതരണരംഗത്തെ നഷ്ടംനികത്താനുള്ളത്. രാജ്യത്തെ 14 മേഖലകളായി തിരിച്ച് വരുമാനം വിലയിരുത്തിയ ശേഷമാണ് ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നത്.

1999 ല്‍ സുഭാഷ് ഘായിയുടെ ‘താല്‍’ ആണ് ഇന്‍ഷുറന്‍സോടെ ഇന്ത്യയില്‍ ആദ്യമിറങ്ങിയ ചിത്രം. പിന്നീട് 2009 ല്‍ രാജ്യത്ത് പക്ഷിപ്പനി പടര്‍ന്നതോടെ പലയിടത്തും തിയേറ്ററുകള്‍ അടച്ചിടേണ്ടിവന്നതോടെ വിശാല്‍ ഭരദ്വാജിന്റെ ‘കമീനെ’, രാംഗോപാല്‍ വര്‍മ്മയുടെ ‘ആഗ്യാത്’ എന്നീ ചിത്രങ്ങള്‍ക്ക് അപ്രതീക്ഷിതമായി നഷ്ടം ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെയാണ് ഇന്‍ഷുറന്‍സിന്റെ സാധ്യതകള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. പത്മാവതിയുടെ സെറ്റില്‍ കര്‍ണി സേന സംവിധായകനെ ആക്രമിച്ച സംഭവത്തോടെയാണ് ബന്‍സാലിയും സംഘവും ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്.  എന്നാല്‍ ചിത്രം റിലീസായെങ്കില്‍ മാത്രമേ ബന്‍സാലിക്ക് ഇന്‍ഷുറന്‍സ് അവകാശപ്പെടാന്‍ കഴിയൂ എന്ന് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ചിത്രം സര്‍ക്കാര്‍ നിരോധിക്കുകയാണെങ്കില്‍ പണം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരല്ലെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.