പ്രായം മങ്ങലേല്‍പ്പിക്കാത്ത നിറങ്ങളുടെ ലോകത്ത് പദ്മിനി ടീച്ചര്‍

Web Desk
Posted on July 14, 2019, 10:33 pm

athulyaഅതുല്യ എന്‍ വി 

തിരുവനന്തപുരം: പ്രായാധിക്യത്തിന്റെ അവശതകള്‍ പദ്മിനി ടീച്ചറെ അലട്ടുന്നില്ല.  82-ാം വയസ്സില്‍ ഒരു വിദ്യാര്‍ഥിയുടെ കൗതുകത്തോടെ കലാപഠനം തുടരുന്ന ടീച്ചര്‍ പുതുതലമുറയ്ക്ക് വിസ്മയക്കാഴ്ചയാവുകയാണ്. നീണ്ട 32 വര്‍ഷങ്ങള്‍ അധ്യാപികയായി കുട്ടികള്‍ക്ക് അറിവ് പകര്‍ന്നിട്ടുള്ള ടീച്ചര്‍ കലയെ കൂടുതലറിയാനാണ് തന്റെ 60കളില്‍ വിദ്യാര്‍ഥിയായത്. കുഞ്ഞുനാള്‍ മുതല്‍ തന്റെ ഉള്ളിലുളള കലയെ പ്രഗത്ഭരുടെ ശിക്ഷണത്തില്‍ തേച്ചുമിനുക്കിയപ്പോള്‍ അത് മികവുറ്റ കലാസൃഷ്ടികളായി.  കാഴ്ചക്കാര്‍ക്ക് കലാവിരുന്നൊരുക്കി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മ്യൂസിയം ഓഡിറ്റോറിയത്തില്‍ ടീച്ചര്‍ നടത്തിയ ചിത്ര‑കരകൗശല പ്രദര്‍ശനം ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. പല കാലങ്ങളിലായി വരച്ച അതിമനോഹരമായ നൂറില്‍പരം പെയിന്റിംഗുകളും ക്രാഫ്റ്റ് വര്‍ക്കുകളുമാണ് പ്രദര്‍ശനത്തില്‍ അണിനിരന്നത്.

തുണി, റിബണ്‍, പേപ്പര്‍, ഗ്ലാസ്, ബട്ടണ്‍ ബീഡ്‌സ് പഴയ സിഡി തുടങ്ങി ഇയര്‍ ബഡ്‌സ് കൊണ്ടുവരെ തീര്‍ത്ത ചിത്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരെ അത്ഭുതപ്പെടുത്തി. നിറങ്ങളുടെ ആകര്‍ഷണീയത പൂര്‍ണ്ണമായും ഉപയോഗിച്ചുള്ള ഓയില്‍ പെയിന്റിംഗ്, ചെലവു കുറഞ്ഞ രീതിയില്‍ വരകള്‍ക്ക് നിറം പകരുന്ന ജലച്ഛായ ചിത്രങ്ങള്‍, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പെന്‍സില്‍ ഡ്രോയിംഗ്, ചിത്രകലയിലെ നൂതനവും ക്രിയാത്മകവുമായ 3‑ഡി പെയിന്റിംഗ്, അക്രിലിക് തുടങ്ങി വിവിധ മാധ്യമങ്ങളിലാണ്് ചിത്രങ്ങള്‍. മ്യൂറലും, കോഫിപെയിന്റിംഗും,  തഞ്ചാവൂര്‍ ശൈലിയും, ഗ്ലാസ് പെയിന്റിംഗും, ചിത്രത്തുന്നലുകളും തുടങ്ങി  വൈവിധ്യമാര്‍ന്ന ചിത്രകലയുടെ തലങ്ങളോരോന്നും സ്പര്‍ശിച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. കളിമണ്‍ ഉല്‍പ്പന്നങ്ങള്‍, നോര്‍ത്ത് ഇന്ത്യന്‍ ത്രെഡ് വര്‍ക്ക്, നെറ്റിപ്പട്ടം ആലവട്ടം നിര്‍മാണം,  കുടനിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, കളിക്കോപ്പുകളുടേയും അലങ്കാര വസ്തുക്കളുടെയും നിര്‍മ്മാണം തുടങ്ങി  വിവിധ മേഖലകളില്‍ ടീച്ചര്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. അവയില്‍ പലതും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട് . നിരവധി പേരാണ് പ്രദര്‍ശനം കാണാനും ചിത്രങ്ങള്‍ സ്വന്തമാക്കാനുമായെത്തിയത്.


കോട്ടയം സ്വദേശിനിയായ പദ്മിനി തന്റെ അധ്യാപക ജീവിതം ആരംഭിക്കുന്നത് തിരുവനന്തപുരത്തെ പേരൂര്‍ക്കട സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയായിട്ടാണ്. പിന്നീട് തലസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച പദ്മിനി യുനീസെഫില്‍ കോ-ഓര്‍ഡിനേറ്ററായി വിരമിച്ചു. കുട്ടിക്കാലം മുതല്‍ തയ്യലിലും ക്രാഫ്റ്റിലും താല്‍പര്യം ഉണ്ടായിരുന്ന ടീച്ചര്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷമാണ് ചിത്രകല അഭ്യസിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി ഫ്‌ളോറയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്സിന്റെ ശിഷ്യത്വത്തില്‍ വിവിധ ക്രാഫ്റ്റ് വര്‍ക്കുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം 11 വര്‍ഷമായി വിമന്‍സ് കോളജിലെ കണ്ടിന്യുയിംഗ് എജ്യുക്കേഷന്‍ സബ്‌സെന്ററില്‍ അനിത, ലേഖ എന്നിവരുടെ കീഴില്‍ എംബ്രോയിഡറിയും പഠിച്ചു. രവീന്ദ്രന്‍ പുത്തൂര്‍ ആണ് ചിത്രം വരയില്‍ ടീച്ചറുടെ ഗുരു.
”തന്റെ ജീവിതാഭിലാഷത്തിന്റെ സഫലീകരണമായ വര്‍ക്കുകളുടെ പ്രദര്‍ശനമാണിത്.  ഇതില്‍ സംതൃപ്തിയുണ്ട്. കലാസൃഷ്ടിയില്‍  മുഴകുമ്പോള്‍ പ്രായാധിക്യത്തിന്റെ അവശതകള്‍ താന്‍ അറിയുന്നുപോലുമില്ല.  കയ്യില്‍ സൂചിയും ബ്രഷും പിടിച്ചു തന്നെ  ജീവിതത്തോട് വിട പറയണം എന്നാണ് ആഗ്രഹം.” പദ്മിനി പറയുന്നു. ഭര്‍ത്താവ് ഗോപിനാഥന്‍ ആശാരി 1996ല്‍ മരിച്ചു. പ്രകാശ് പി ഗോപിനാഥും  ദീപാ പി ഗോപിനാഥും ആണ് മക്കള്‍. അമ്മയ്ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കി കൂടെയുള്ള മക്കള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്.
ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നതോടുകൂടി വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങണമെന്ന ചിന്തയില്‍ ജീവിക്കുന്ന അനേകം പേരുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കലാര്‍പ്പണവും കരവിരുതും കൊണ്ട് പ്രായത്തെ മറികടന്ന്  മുന്നോട്ട് പോകുന്ന പദ്മിനി ടീച്ചര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ മികച്ച മാതൃക തന്നെയാണ്.

padmini