പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 26 വരെ ഉയർന്നത്, കൊല്ലപ്പെട്ടവരുടെ ഭാര്യമാരുടെ കുഴപ്പംകൊണ്ടാണെന്ന് ബിജെപി എംപി റാം ചന്ദർ ജംഗ്ര. ആക്രമിക്കാൻ വന്നവരോട് സ്ത്രീകൾ ഝാൻസി റാണിയുടെ ധൈര്യവും പോരാട്ടവീര്യം കാണിക്കണമായിരുന്നു. എങ്കിൽ മരണസംഖ്യ ഇത്രയും ഉയരില്ലായിരുന്നു എന്നാണ് ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപിയായ ജംഗ്രയുടെ അഭിപ്രായം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി.
ഭിവാനിയിലെ പൊതുവേദിയിൽ പ്രസംഗിക്കുന്ന സമയത്ത് ജംഗ്ര നടത്തിയ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ജീവന് വേണ്ടി അപേക്ഷിക്കുന്നതിന് പകരം തീവ്രവാദികളോട് പോരാടണമായിരുന്നു. കമ്പോ വടിയോ എന്തെങ്കിലുമെടുത്ത് ടൂറിസ്റ്റുകൾ ഭീകരരെ വളഞ്ഞിട്ട് അടിക്കണമായിരുന്നു. എങ്കിൽ പരമാവധി അഞ്ചോ ആറോ പേരേ മരിക്കുമായിരുന്നുള്ളൂ. മൂന്ന് ഭീകരരെയും അവിടെവച്ചു തന്നെ കൊല്ലാനും സാധിക്കുമായിരുന്നുവെന്നും ജംഗ്ര പറയുന്നു.
ജംഗ്രയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കുറ്റകരമായ പരാമര്‍ശമാണ് രാം ചന്ദര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ സിങ് ഹൂഡ പ്രതികരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ മാനം കവരുകയാണ് ബിജെപി എംപി. നാണക്കേടും അപമാനകരവുമായ പരാമര്‍ശമാണിത്. കൊല്ലപ്പട്ടവരുടെ കുടുംബങ്ങളെ അപമാനിക്കുന്ന രീതി ബിജെപി തുടരുകയാണ്. ഇത് നിര്‍ത്തലാക്കണമെന്നും ഹൂഡ എക്‌സ് പോസ്റ്റില്‍ പറയുന്നു.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. സ്ത്രീകളെ ബഹുമാനിക്കുന്നതിന് പകരം ബിജെപി അവരെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സ്ത്രീ വിരുദ്ധ മനോഭാവമുള്ള അഴുക്കുചാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപി മാപ്പുപറയണമെന്നും ബിജെപി അദ്ദേഹത്തെ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനു മുൻപ് മധ്യപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് വിജയ് ഷായും പഹൽഗാം ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പ്രവർത്തിച്ച സൈനികയായ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തി വെട്ടിലായിരുന്നു. ഈ കേസില്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.