സപ്തവര്‍ണങ്ങളില്‍ സിദ്ധാര്‍ഥിന്റെ ചിത്രവിസ്മയം

Web Desk
Posted on January 03, 2018, 10:50 pm

ഷിബിന ജോബ്
കൊച്ചി: നിഷ്‌കളങ്ക മനസ്സില്‍ വിരിഞ്ഞ ഈ ചിത്ര വിസ്മയം അനുപമവും ആസ്വാദ്യകരവുമാക്കുന്നത് ഒട്ടേറെ സവിശേഷതകള്‍ കൊണ്ടാണ്. പ്രകൃതിയുടെ താളവും പ്രതീക്ഷകളുടെ ഭാവവുമെല്ലാം വര്‍ണങ്ങളില്‍ ചാലിച്ച് കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന സിദ്ധാര്‍ഥ് എന്ന പതിനാറുകാരന്‍ ഓട്ടിസം ബാധിച്ച കുട്ടിയാണ്.
അസാധാരണമായ വൈഭവത്തോടെ രചിച്ച തന്റെ ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും നിറഞ്ഞ നിമിഷങ്ങളാണ് സിദ്ധാര്‍ഥ് കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. രണ്ടു വയസ്സിലേ ചിത്ര രചനയില്‍ താല്പര്യം കാണിച്ച സിദ്ധാര്‍ഥിനെ മാതാപിതാക്കളാണ് ചിത്ര രചനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. എട്ട് വയസ്സു മുതല്‍ സിദ്ധാര്‍ഥ് വടുതലയിലുള്ള ചിന്‍മയ വിദ്യാലയത്തിലെ അധ്യാപകരായ ലിപുവിന്റെയും രാജീവന്റെയും ശിക്ഷണത്തിലാണ് ചിത്രരചന അഭ്യസിച്ചു വരുന്നത്. വാട്ടര്‍ കളര്‍ ഉപയോഗിച്ചാണ് ചിത്രങ്ങളിലേറെയും. 47 ചിത്രങ്ങളാണ് റിമൈസെന്‍സ് ഓഫ് ആന്‍ ആസ്ബഗെര്‍സ് മൈന്‍ഡ് എന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ 15 ചിത്രങ്ങള്‍ തീം അടിസ്ഥാനത്തിലാണ്. ശാരീരിക ക്ഷമത കുറഞ്ഞ ഒരു കുട്ടി വരച്ച ചിത്രങ്ങളാണെന്ന് കണ്ടാല്‍ തോന്നാത്ത തരത്തിലുളള കലണ്ടര്‍ പെയിന്റിങും പ്രദര്‍ശനത്തില്‍ ഉണ്ട്. ഇരുള്‍ നിറഞ്ഞ ജീവിതത്തെ ഇരുനിറത്തിനാല്‍ തന്റെ പെന്‍സില്‍ ഡ്രോയിങ്ങുകളായി ആണ് അവതരിപ്പിച്ചിട്ടുള്ളത്. പൂക്കളും മരങ്ങളും ജന്തുജാലങ്ങളുമെല്ലാം സിദ്ധാര്‍ഥിന്റെ ബ്രഷില്‍ അനുപമമായി വിരിയുന്നു. ഒരു ട്രെയിനിന്റെ ബോഗിയെന്നു തോന്നിപ്പിക്കുന്ന നീണ്ടുകിടക്കുന്ന എലിപ്പെട്ടിയില്‍ അകപ്പെട്ടുപോയ എലി തിരക്കേറിയ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ആദ്യമായി കിട്ടിയ സമ്മാനം, വിശപ്പുള്ള ശലഭപ്പുഴുകള്‍ എന്നിങ്ങനെ തന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന സ്മൃതികളാണ് പെന്‍സില്‍ ഡ്രോയിങ്ങുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ചിത്ര രചനയല്ലാതെ സംഗീതത്തിലും സിദ്ധാര്‍ത്ഥ് തന്റെ കഴിവ് തെളിച്ചിട്ടുണ്ട്. കീബോര്‍ഡ് വായനയാണ് ഏറെ പ്രിയം. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്. തന്റെ ചിത്രങ്ങള്‍ കാണികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിദ്ധാര്‍ഥ്. അപൂര്‍വം പേര്‍ക്കുള്ള മറ്റൊരു സിദ്ധി കൂടി സിദ്ധാര്‍ഥിനുണ്ട്. അപാരമായ ഓര്‍മ ശക്തിയാണ് അത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏതൊരു തീയതിയും പറഞ്ഞാല്‍ അത് ഏതു ദിവസം ആയിരുന്നെന്നു സിദ്ധാര്‍ഥ് പറയും. പ്രദര്‍ശനം കാണാന്‍ വരുന്നവര്‍ക്ക് ഇത് പരീക്ഷിക്കാം. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗാലറിയില്‍ പ്രദര്‍ശനം ജനുവരി 7 വരെയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ നടക്കുന്ന പ്രദര്‍ശനം സൗജന്യമാണ്.
ഒരു ഓട്ടിസ്റ്റിക് മനസ്സ് കണ്ടെത്തിയ 40 ല്‍ പരം ചിത്രങ്ങളുടെ ഈ പ്രദര്‍ശനം തീര്‍ച്ചയായും സിദ്ധാര്‍ഥിനെ കുറിച്ച് മാത്രമല്ല മറിച്ച് വിഭിന്ന ശേഷിയുള്ള ഒരാള്‍ എന്ന വാക്കിന്റെ ശരിയായ അര്‍ഥവും കാഴ്ച്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കും.
ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ഡോ. മുരളി തുമ്മാരുകുടിയുടെയും ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ഡോക്ടറായ ജയശ്രീയുടെയും മകനാണ് സിദ്ധാര്‍ഥ്.