Tuesday
19 Mar 2019

മതനിന്ദക്കേസില്‍ ജയില്‍ വിമുക്തയാക്കപ്പെട്ട പാക്കിസ്ഥാനി യുവതി പുറത്തുകടക്കാനാവാതെ

By: Web Desk | Thursday 8 November 2018 2:46 PM IST


മതനിന്ദക്കേസില്‍ ജയില്‍ വിമുക്തയാക്കപ്പെട്ട പാക്കിസ്ഥാനി യുവതി പുറത്തുകടക്കാനാവാതെ ജയിലില്‍തുടരുന്നതായി റിപ്പോര്‍ട്ട്. വധശിക്ഷയോടുപൊരുതി എട്ടുവര്‍ഷമായി ജയിലില്‍കഴിയുന്ന അസിയ ബീവിയുടെ അഭിഭാഷകന്‍ രാജ്യത്തുനിന്നും പലായനം ചെയ്തുകഴിഞ്ഞു. പാക് സുപ്രീംകോടതി അസിയയെ സ്വതന്ത്രയാക്കിയത് അന്താരാഷ്ട്രഇടപെടലുകളെ തുടര്‍ന്നാണ്. എന്നാല്‍ ഇവരെ ജയിലില്‍നിന്നും പുറത്ത് കടത്തിയാല്‍ വധിക്കാന്‍ നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. വിധി പുനപരിശോധിച്ച് അസിയക്ക് വധശിക്ഷനല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
അസിയയുമായി ബന്ധപ്പെട്ട് മോചനത്തിന് പരിശ്രമിച്ച അന്താരാഷ്ട്ര സംഘടനകള്‍ വിവിധ രാജ്യങ്ങളില്‍ ഇവര്‍ക്ക് രാഷ്ട്രീയാഭയത്തിന് ശ്രമിക്കുന്നുണ്ട്. അസിയക്കും കുടുംബത്തിനും എവിടെപോയാലും രക്ഷയില്ലെന്ന് തീവ്രവാദസംഘടനകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും പുറത്തുകടന്നാല്‍ അജ്ഞാതയായി ജീവിക്കാമെന്നാണ് കരുതുന്നത്. 2009ല്‍ കൃഷിയിടത്തില്‍ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അമുസ്‌ളിം വെള്ളം എടുക്കേണ്ട എന്ന് സ്ത്രീകള്‍ നിലപാട് എടുക്കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. പ്രവാചകനെ അസിയ നിന്ദിച്ചു എന്ന് അവിടത്തെ ഒരു ഇമാം അറിയിച്ചതുമായി ബന്ധപ്പെട്ടാണിതുണ്ടായത്. കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ അസിയക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ ഇടപെടലുണ്ടായി. 2010ല്‍ പോപ്പ് ബനഡിക്ട് 16-ാമന്‍ അസിയുടെ മോചനം ആവശ്യപ്പെടുകയും 2015ല്‍ പോപ്പ് ഫ്രാന്‍സിസ് അസിയയുടെ മകളെ ആശ്വസിപ്പിക്കുകയും ചെയ്തു.
പാക്കിസ്ഥാന് തീവ്രമുസ്ലിം മുഖംമൂടിമാറ്റി പരിഷ്‌കൃതവേഷം കാട്ടാനുള്ള അവസരമായി ഇതുമാറി. കഴിഞ്ഞ ബുധനാഴ്ച അസിയയുടെ വധശിക്ഷ ഇളവുചെയ്തതിനെത്തുടര്‍ന്ന അസാധാരണമായ സംഘര്‍ഷം പാക്കിസ്ഥാനില്‍ ഉടലെടുത്തിട്ടുണ്ട്. ചില തീവ്രവാദഗ്രൂപ്പുകള്‍ പട്ടാളമേധാവികള്‍ക്കും ജഡ്ജിക്കും എതിരെ വരെ വധശിക്ഷ പ്രഖ്യാപിച്ചു.അധികൃതര്‍ അസിയയെ പുറത്തുകടത്തിക്കഴിഞ്ഞുവെന്നുവരെ പ്രചരണമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ഏജന്‍സികള്‍ ഇതുനിഷേധിച്ചു. അസിയയുടെഭര്‍ത്താവ് ആഷിഖ്മസി യുഎസും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളോട് അഭയം ചോദിച്ചിരുന്നു. ഇറ്റലിയും ഫ്രാന്‍സുമടക്കം രാജ്യങ്ങള്‍ അഭയം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അസിയയുടെ അഭിഭാഷകന്‍ സെയ്ഫ് ഉല്‍ മുലൂഖ് ശനിയാഴ്ച വധഭീഷണിയെത്തുടര്‍ന്ന് നെതര്‍ലന്‍ഡിലേക്കു കടന്നു.