കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്ഥാന്റെ ആവശ്യം തള്ളി

Web Desk
Posted on February 19, 2019, 10:31 pm

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാന് വന്‍ തിരിച്ചടി. കേസ് നീട്ടിവയ്ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. കേസ് ബോധപൂര്‍വ്വം വൈകിപ്പിക്കാനുള്ള പാക് ശ്രമമാണ് തിരിച്ചടിയേറ്റുവാങ്ങിയത്.
അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാനും മുതിര്‍ന്ന അഭിഭാഷകന്‍ ഖവാര്‍ ഖുറേഷിയുമാണ് പാക്കിസ്ഥാനുവേണ്ടി ഹാജരായത്. കുല്‍ഭൂഷണിനെ ചാരപ്രവര്‍ത്തനത്തിനായി പാകിസ്ഥാനിലേക്ക് അയച്ചതില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാണെന്ന് മന്‍സൂര്‍ ഖാന്‍ വാദിച്ചു. പാകിസ്ഥാന്‍ ഭരണഘടനപ്രകാരം നിയമപരമായ നടപടികളാണ് കുല്‍ഭൂഷന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്നും മന്‍സൂദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ബലൂചിസ്ഥാനില്‍ ആക്രമണം നടത്താന്‍ ഇന്ത്യ നിയോഗിച്ച ചാരനായിരുന്നു കുല്‍ഭൂഷണ്‍ ജാദവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണന്നും ഇന്ത്യയുടെ കരങ്ങള്‍ ശുദ്ധമല്ലെന്നും തെറ്റായ വിവരങ്ങളാണ് കോടതിയെ ബോധിപ്പിച്ചതെന്നും ഖവാര്‍ ഖുറേഷി വാദിച്ചു.
പാകിസ്ഥാന്‍ പ്രതിനിധിയായ ജഡ്ജ് വിചാരണ കേള്‍ക്കുന്നതിന് എത്തിയിരുന്നില്ല. രോഗബാധിതനായി ചികിത്സയിലായതാണ് ഇതിനുള്ള കാരണമെന്നും അതുകൊണ്ട് വിചാരണ മാറ്റിവയ്ക്കണമെന്നുമുള്ള പാകിസ്ഥാന്റെ ആവശ്യം ഐസിജെ അംഗീകരിച്ചില്ല. ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്നാണ് കുല്‍ഭൂഷണെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. തുടര്‍ന്ന് സൈനിക കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു.