ലണ്ടനില്‍ പാക് വിദേശകാര്യമന്ത്രിയുടെ പരിപാടിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Web Desk
Posted on February 05, 2019, 11:10 pm

ലണ്ടന്‍: ബ്രിട്ടണില്‍ നടന്ന ആഗോള കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ജനപ്രാതിനിധ്യ സഭാ സമുച്ചയത്തില്‍ നടന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പങ്കെടുത്ത ചടങ്ങിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള രാജ്യാന്തര സമ്മേളനമായിരുന്നു ഇത്. പാകിസ്ഥാനിലെ സര്‍വകക്ഷി പാര്‍ലമെന്ററി സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. പാക് അധിനിവേശ കശ്മീരില്‍ ജനിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്റംഗം റഹ്മാന്‍ ചിഷ്ട്ടിയാണ് പരിപാടിയില്‍ അധ്യക്ഷനായത്.
ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ഖുറേഷി ഒരു പരിപാടിയെ അഭിസംബോധന ചെയ്യുന്നതില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചിരുന്നു. പാക് വംശജരായ ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തവരിലേറെയും. ഖാലിദ് മെഹമ്മൂദ്, ബറോണസ് സയീദ വാഴ്‌സി, ബ്രിട്ടീഷ് സിക്ക് ലേബര്‍ പാര്‍ട്ടി എംപി താന്‍ ധേഷി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പരിപാടിക്കെതിരെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആശങ്ക അറിയിച്ചു. ബ്രിട്ടീഷ് അധികൃതര്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയും ഇന്ത്യ പങ്ക് വച്ചിരുന്നു. അതേസമയം ഖുറേഷി ഔദ്യോഗിക അതിഥിയല്ലെന്നായിരുന്നു ബ്രിട്ടന്റെ വിശദീകരണം. അദ്ദേഹം ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി ബ്രിട്ടണിലെത്തിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കശ്മീര്‍ ജനതയുടെ താത്പര്യങ്ങള്‍ അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് ബ്രിട്ടന്റെ ദീര്‍ഘകാലമായുള്ള നിലപാടെന്നും അധികൃതര്‍ വ്യക്തമാക്കി. പാര്‍ലമെന്റംഗങ്ങള്‍ സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രരാണ്. അവര്‍ക്ക് ആരെക്കാണാനും തീരുമാനമെടുക്കാനും അധികാരമുണ്ടെന്നും ബ്രിട്ടണ്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ കശ്മീര്‍ ഐക്യദാര്‍ഢ്യദിനാചരണത്തോട് അനുബന്ധിച്ച് തന്നെയാണ് ബ്രിട്ടണിലെ പരിപാടിയും നടന്നത് എന്നതും ശ്രദ്ധേയമാണ്. കശ്മീരില്‍ നിന്നുള്ള വിമത ഹിന്ദുക്കള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഒരു പ്രതിഷേധ റാലി നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും അവിടെയുള്ള ഭുരിപക്ഷം ഇന്ത്യാക്കാരും ഇതിനെ എതിര്‍ത്തു. ഇത് അപകടമാണെന്നും തങ്ങള്‍ക്ക് തിരികെ കശ്മീരിലേക്ക് എത്തുന്നതിന് ഇത് ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയും അവര്‍ പങ്ക് വച്ചു.