April 2, 2023 Sunday

ഇരുനൂറ് വർഷം പഴക്കമുള്ള ക്ഷേത്രം പാക് സർക്കാർ ഹിന്ദുക്കൾക്ക് തിരിച്ചു നല്കി

Janayugom Webdesk
ന്യൂഡൽഹി
February 20, 2020 12:20 pm

വിഭജനകാലത്ത് അധീനതയിലായതും ഇരുനൂറ് വർഷം പഴക്കമുള്ളതുമായ ക്ഷേത്രം പാക് സർക്കാർ ഹിന്ദുക്കൾക്ക് തിരികെ നല്കി. 1947ൽ വിഭജനകാലത്ത് സർക്കാർ അധീനതയിലായതായിരുന്നു ക്ഷേത്രം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഴോബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാലുമുറികളുള്ള ക്ഷേത്രമാണ് ഫെബ്രുവരി എട്ടിന് ഹിന്ദു സമുദായത്തിന് തിരികെ നല്കിയത്. മൂന്ന് പതിറ്റാണ്ടോളമായി സ്കൂളായി പ്രവർത്തിക്കുകയായിരുന്നു ഇവിടം. കഴിഞ്ഞ വർഷം സ്കൂൾ മറ്റൊരിടത്തേയ്ക്ക് മാറ്റിയതിനാൽ അടഞ്ഞുകിടക്കുകയായിരുന്ന ക്ഷേത്രം ലോക്കൽ ഡപ്യൂട്ടി കമ്മിഷണരുടെ സാന്നിധ്യത്തിലാണ് തിരിച്ചുനല്കിയത്.

ഇന്ത്യയിൽ മുസ്ലിം പള്ളികൾ പിടിച്ചെടുക്കാൻ സംഘപരിവാറുകാർ കോപ്പുകൂട്ടുകയും പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒഴിവാക്കാൻ ഭരണകൂടം ശ്രമിക്കുകയും ചെയ്യുമ്പോഴാണ് സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കുന്ന വാർത്തകൾ പാകിസ്ഥാനിൽ നിന്നെത്തുന്നത്. വിഭജനകാലത്ത് ഹിന്ദുക്കൾ പലായനം ചെയ്തതിനെ തുടർന്ന് പല ക്ഷേത്രങ്ങളും സർക്കാർ അധീനതയിലാവുകയും സ്കൂളുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയാക്കി മാറ്റുകയും ചെയ്തിരുന്നു. പാകിസ്ഥാനിൽ നടന്ന സർവേപ്രകാരം ഇത്തരത്തിൽ 428 ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് 2019 ഏപ്രിലിൽ സാമുദായിക സൗഹാർദം വളർത്തുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുമെന്ന് സർക്കാർ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ വളരെ പൗരാണികമായ ക്ഷേത്രങ്ങൾ സർക്കാർ തിരിച്ചു നൽകിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്യുന്നു.

സിയാൽകോട്ടിൽ ആയിരം വർഷം പഴക്കമുള്ള, 72 വർഷമായി അടഞ്ഞുകിടക്കുന്ന ക്ഷേത്രം കഴിഞ്ഞ വർഷം ജൂലൈയിൽ തിരികെ നല്കുകയും പ്രാർഥന ആരംഭിക്കുകയും ചെയ്തു. പെഷവാറിലെ പ്രസിദ്ധമായ ഗോരക്നാഥ് ക്ഷേത്രം പുതുക്കിപ്പണിയുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 160 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കോടതി ഉത്തരവിനെ തുടർന്ന് 2011ൽ തുറന്നുവെങ്കിലും 2012 ൽ അക്രമത്തെതുടർന്ന് അടഞ്ഞുകിടക്കുകയാണ്. ഈ ക്ഷേത്രം പുതുക്കിപ്പണിയുമെന്നാണ് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

ആഘോഷപൂർവം നടന്ന ചടങ്ങിൽവച്ചാണ് ഫെബ്രുവരി എട്ടിന് ഴോബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാലുമുറികളുള്ള ക്ഷേത്രത്തിന്റെ താക്കോലുകൾ ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക് കൈമാറിയതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. മൗലാനാ ഖകാറാണ് പ്രാദേശിക ഹിന്ദു പഞ്ചായത്ത് ചെയർമാൻ സലേം ജാനിന് താക്കോൽ കൈമാറിയതെന്ന് റിപ്പോർട്ടിലുണ്ട്. ചടങ്ങിലുണ്ടായിരുന്ന ഡപ്യൂട്ടി കമ്മിഷണർ സലീം താഹ ക്ഷേത്രം തിരികെ നല്കുന്നതിൽ വന്ന കാലതാമസത്തിന് ഹിന്ദുസമുദായാംഗങ്ങളോട് മാപ്പ് പറഞ്ഞതായും വാർത്തയിലുണ്ട്. കെട്ടിടം പഴയ ക്ഷേത്രത്തിന്റെ മാതൃകയിലേയ്ക്ക് മാറ്റുമെന്നും അദ്ദേഹം ഉറപ്പുനല്കി. ബാബറി മസ്ജിദ് ഹിന്ദു സമുദായത്തിന് നല്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായ പശ്ചാത്തലത്തിൽ ഈ നടപടിക്ക് ഏറെ പ്രാധാന്യമുണ്ട്.

Eng­lish Sum­ma­ry; Pak govt hands over 200-Year-old tem­ple to Hindus

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.