യുഎന്നിലെ പാകിസ്ഥാന്‍ പരാതിയില്‍ ബിജെപി മുഖ്യമന്ത്രിയുടെ വാചകങ്ങളും

Web Desk
Posted on August 29, 2019, 12:36 pm

ന്യൂയോര്‍ക്ക്: കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ച ശേഷം ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് കാട്ടി പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിനെതിരെയും പരാമര്‍ശം.
ഏഴ് പേജുള്ള കത്ത് പാക് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരിയാണ് എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് ഘട്ടാര്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വധുക്കളെ അവിടെ നിന്ന് ഇവിടേക്ക് കൊണ്ടുവരാമെന്നായിരുന്നു ഘട്ടാറിന്റെ പരാമര്‍ശം. എന്നാല്‍ ഇത് തമാശ പറഞ്ഞതാണെന്ന് പിന്നീട് മുഖ്യമന്ത്രി വിശദീകരിച്ചു.
കത്തില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് രാഹുല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവിലും കശ്മീരിലും ലഡാക്കിലും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും സുതാര്യത പുലര്‍ത്തണമെന്ന നിര്‍ദേശവും രാഹുല്‍ മുന്നോട്ട് വച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ പാക് കത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ് ദിവസം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതൊരു മലക്കം മറിച്ചിലാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. നിരുത്തരവാദപരമായ പരാമര്‍ശങ്ങളിലൂടെ കോണ്‍ഗ്രസ് നേതാവ് രാജ്യത്തെ അപമാനിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം.