പാകിസ്ഥാന്‍ വ്യോമപാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കില്ല

Web Desk
Posted on July 16, 2019, 9:37 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു. ഇന്ന് പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാകിസ്ഥാന്‍ നല്‍കിയതായി വാര്‍ത്താ എജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബാലാക്കോട്ട് അക്രമണത്തിന് പിന്നാലെ നിലവില്‍ വന്ന വിലക്കാണിപ്പോള്‍ പാകിസ്ഥാന്‍ നീക്കിയിരിക്കുന്നത്.

അതിര്‍ത്തിയിലെ വ്യോമസേനാ ബേസുകളില്‍ നിന്നും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമെ വ്യോമപാത തുറക്കുകയുള്ളു എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തിനുപിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നോട്ടാം(നോട്ടീസ് ടു എയര്‍മെന്‍) പുറത്തിറക്കി.

നിരോധനത്തിന്റെ തുടക്കത്തില്‍ പ്രതിദിനം ആറുകോടി നഷ്ടം വന്നതായി എയര്‍ ഇന്ത്യ പറഞ്ഞിരുന്നു.