Web Desk

December 22, 2019, 4:13 pm

സമൂഹമാധ്യമങ്ങളിലൂടെ മതനിന്ദ പ്രചരിപ്പിച്ചു: പ്രഫസർക്ക് വധശിക്ഷ

Janayugom Online

ലഹോർ: മതനിന്ദാപരമായ ഫെയ്സ്ബുക് പോസ്റ്റിട്ടതിന് പാക്കിസ്ഥാനില്‍ പ്രഫസർക്കു വധശിക്ഷ. ബഹാവുദ്ദിൻ സക്കറിയ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലിഷ് സാഹിത്യവിഭാഗം വിസിറ്റിങ് ലക്‌ചറർ ജുനൈദ് ഹഫീസിനാണു (33) വധശിക്ഷ വിധിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാൻ നഗരത്തിലാണു സർവകലാശാല. 2013 മാർച്ച് 13നാണ് മതനിന്ദാപരമായ പോസ്റ്റിട്ടതിന് ജുനൈദിനെ അറസ്റ്റ് ചെയ്തത്. 2014ല്‍ കേസില്‍ വിചാരണ ആരംഭിച്ചു.

പാക്കിസ്ഥാൻ ശിക്ഷാനിയമം സെക്‌ഷൻ 295–സി പ്രകാരമാണു വധശിക്ഷ. സെക്‌ഷൻ 295–ബി പ്രകാരം ജീവപര്യന്തം തടവും 295–എ പ്രകാരം 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടി ശിക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ചല്ലാതെ ഓരോ ശിക്ഷയും പ്രത്യേകം അനുഭവിക്കണം. നിയമപരമായ ആനുകൂല്യങ്ങളൊന്നും ലഭ്യമാക്കാതിരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.വിധിയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. വിധി നീതിന്യായ വ്യവസ്ഥിതിയുടെ തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും അത്യധികം നിരാശാജനകമാണെന്നും അത്ഭുതപ്പെടുത്തുന്നതാണെന്നും ആംനെസ്റ്റി വക്താവ് റാബിയ മെഹമൂദ് പറഞ്ഞു. പ്രതികാരത്തിന്റെയും വ്യക്തിസ്പർധകളുടെയും ഭാഗമായും പാക്കിസ്ഥാനിൽ മതനിന്ദാനിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാറുണ്ടെന്നു മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

you may also like this video

നേരത്തേ ഈ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടന്നിരുന്നു. പാക്കിസ്ഥാനിൽ നിലവിൽ നാൽപതോളം പേർ മതനിന്ദയ്ക്കു വധശിക്ഷ കാത്ത് ജയിലിലുണ്ട്. ഇതുവരെ വധശിക്ഷകളൊന്നും നടപ്പാക്കിയിട്ടില്ല. മതനിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ വനിതയായ അസിയ ബീബിയെ കഴിഞ്ഞ വർഷം സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. അത്യധികം ദൗര്‍ഭാഗ്യകരം എന്നാണ് വിധിയെ ഹഫീസിന്റെ അഭിഭാഷകന്‍ആസാദ് ജമാല്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.  സര്‍ക്കാര്‍ ഉടന്‍ ഹഫീസിനെ മോചിപ്പിക്കുമെന്നും അവര്‍ ആവശ്യപ്പെട്ടു.