ഭീകരാക്രമണ സാധ്യത; രാജ്യത്ത് അതിജാഗ്രതാ നിര്‍ദ്ദേശം

Web Desk
Posted on September 09, 2019, 10:26 am

ന്യൂഡല്‍ഹി: ഇന്ത്യ ഭീകരപട്ടികയില്‍ പെടുത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരാക്രമണ പദ്ധതിക്കായി പാക്കിസ്ഥാന്‍ തുറന്നുവിട്ടതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അധിക സൈനികവിന്യാസവും നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സൈനികോദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കത്തെ മുതലെടുത്താണ് പാകിസ്ഥാന്‍ ആക്രമണങ്ങള്‍ക്കൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും സൈനികാധിപന്‍മാരും യുദ്ധത്തിന് തയ്യാറെന്ന രീതിയില്‍ നിരന്തര പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളും നടന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നത് ഇതിനുപിറകെയാണ്. മസൂദിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 14ന് നടത്തിയ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തില്‍ അസ്ഹറിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു അന്ന് പുറത്തുവന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് അസ്ഹറിനെ ഇന്ത്യന്‍ നിയമസംവിധാനങ്ങളില്‍ നിന്ന് സുരക്ഷിതമാക്കാനായിരുന്നു എന്നാണ് അനുമാനിക്കേണ്ടത്. കഴിഞ്ഞമാസം പാര്‍ലമെന്റ് പാസാക്കിയ യുഎപിഎ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു. മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993‑ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണു പട്ടികയിലുള്ളത്. മസൂദിനെ കഴിഞ്ഞ ദിവസം ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മസൂദ് അസ്ഹറിന്റെ പേരില്‍ അഞ്ച് ഭീകരവാദ കേസുകളാണു നിലനില്‍ക്കുന്നത്.