കശ്മീര്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ വിതരണം ചെയ്ത ചൈനീസ് ഗ്രനേഡുകള്‍

Web Desk
Posted on April 18, 2019, 11:34 am

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയുന്നു. പാകിസ്ഥാന്‍ വിതരണം ചെയ്തുവരുന്ന ചൈനീസ് നിര്‍മ്മിത ഗ്രനേഡുകളാണ് കശ്മീര്‍ തീവ്രവാദികള്‍ ഇന്ത്യയ്ക്കുനേരെ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ഒളിയാക്രമണങ്ങള്‍ തടയുന്നതിനുള്ള ഇന്ത്യയുടെ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കാശ്മീരിലെ തീവ്രവാദ സംഘങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വന്‍തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും എത്തിച്ച് കൊടുക്കുന്നതായി ഏജന്‍സി വ്യക്തമാക്കി.
ജനുവരിയില്‍മാത്രം 70 ചൈനീസ് ഗ്രനേഡുകള്‍ കശ്മീരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തോക്കുകളും ഷെല്ലുകളും ഉള്‍പ്പടെ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ്

ജാക്കറ്റുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള എപിഐകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ 15 മാസത്തിനിടെ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങള്‍ തീവ്രവാദികള്‍ നടത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രിയും തീവ്രവാദികള്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

ഗ്രനേഡ് ആക്രമണങ്ങള്‍ നടത്താന്‍ പ്രത്യേകിച്ച് പരിശീലനത്തിന്റെ ആവശ്യമില്ലാത്തതിനാലാണ് പാകിസ്ഥാനും തീവ്രവാദികളും ഗ്രനേഡ് ആക്രമണം നടത്തുന്നതെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. ആയിരങ്ങളോ പതിനായിരങ്ങളോ നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികളെ തീവ്രവാദികള്‍ ഇത്തരം ആക്രമണം നടത്താന്‍ വിലയ്ക്കുവാങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുള്ളതായും ഏജന്‍സി വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കുപിന്നിലെ തീവ്രവാദബന്ധം കണ്ടെത്താന്‍ എളുപ്പമല്ലെന്നതുകൊണ്ടാണത്.

പാകിസ്ഥാന്‍ വഴിയോ നേപ്പാള്‍ വഴിയോ മാത്രമാണ് ഇത്തരം ആയുധങ്ങള്‍ കടത്താന്‍ കഴിയുകയുള്ളൂ. നേപ്പാള്‍ അതിര്‍ത്തിയും ജമ്മുകശ്മീരും തമ്മില്‍ ബന്ധമില്ല. അതിനാല്‍ തന്നെ പാകിസ്ഥാന്‍ വഴി ആയുധക്കടത്ത് നടത്താനാണ് സാധ്യതയേറെയെന്ന് റിട്ടയേര്‍ഡ് കേണല്‍ സഞ്ജീവ് കുമാര്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.