ഇന്ത്യ നാവികാതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്ഥാന്‍

Web Desk
Posted on March 05, 2019, 10:35 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ പാക് നാവികാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാന്‍. പാക് നാവിക സേനാ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. തെളിവായി വീഡിയോ ദൃശ്യവും പാകിസ്ഥാന്‍ പുറത്തുവിട്ടു. അതേസമയം പാകിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യ പാടെ തള്ളി.

2016ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പാക് ആരോപണം. അതേസമയം, എപ്പോഴാണ് സംഭവമെന്നോ, ഏവിടെയാണ് അതിര്‍ത്തി ലംഘനത്തിനുള്ള ശ്രമം നടന്നതെന്നോ എങ്ങനെയാണ് തടഞ്ഞതെന്നോ അടക്കമുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.

ബലാകോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യാ- പാക് പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെയാണ് നാവിക സേനാ അന്തര്‍വാഹിനി തടഞ്ഞെന്ന പാകിസ്ഥാന്റെ വാദം. പാകിസ്ഥാന്‍ സമാധാനമാഗ്രഹിക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ ആക്രമിക്കാതിരുന്നതെന്നും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

ഇത്തരത്തിലൊരു ശ്രമവും നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ നാവികസേനാ അധികൃതര്‍ വ്യക്തമാക്കി. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണ്. വീഡിയോ 2016ല്‍ ചിത്രീകരിച്ചതാണെന്ന് സംശയിക്കുന്നുണ്ടെന്നും പ്രതിരോധവൃത്തങ്ങള്‍ പറയുന്നു. 1971 ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തിലാണ് ഇതിന് മുന്‍പ് ഇരു രാജ്യങ്ങളുടെയും നാവിക സേന ഏറ്റുമുട്ടിയത്.

അതേസമയം, ഇന്ത്യയെ കടല്‍ മാര്‍ഗം ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിക്കുന്നതായി രഹസ്യ റിപ്പോര്‍ട്ടുകളുള്ളതായി നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു. ഇന്ത്യയെ അസ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് ഭീകരരെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ പേരെടുത്തു പറയാതെയായിരുന്നു നാവികസേന മേധാവിയുടെ മുന്നറിയിപ്പ്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്‍ഡോ-പസിഫിക് റീജിയണല്‍ ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭീകരവാദത്തിന് ആഗോള സ്വഭാവം കൈവന്നതോടെ ആക്രമണത്തിനുള്ള സാധ്യതയും വര്‍ധിച്ചു. രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭീകരപതിപ്പാണ് ഇന്ത്യ നേരിടുന്നത്. അതാണ് ജമ്മുകശ്മീരില്‍ നാം കണ്ടത്. മുംബൈ ഭീകരാക്രമണത്തിന് മത്സ്യബന്ധന ബോട്ട് തട്ടിയെടുത്താണ് ഭീകരര്‍ രാജ്യത്ത് എത്തിയതെന്നും സുനില്‍ ലാംബ ഓര്‍മ്മിപ്പിച്ചു.