പാകിസ്ഥാന് ഇന്ത്യയില്‍ വരാന്‍ ആശങ്കവേണ്ട

Web Desk

മുംബൈ

Posted on July 01, 2020, 11:50 am

അടുത്ത വർഷം നടക്കുന്ന ടി 20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ആശങ്കവേണ്ടെന്ന് മുൻ ക്രിക്കറ്റ് താരമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 2021 ല്‍ ഇന്ത്യയിൽ നടക്കുന്ന ടി 20 ലോകകപ്പില്‍ കളിക്കാൻ വിസ ലഭിക്കുന്നതിന് പാകിസ്ഥാന്‍ ടീമിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്ന് ബിസിസിഐയിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ചോപ്രയുടെ മറുപടി.

പാകിസ്ഥാൻ അത്‌ലറ്റുകൾക്ക് ഇന്ത്യയിൽ വന്ന് കളിക്കാൻ വിസ നിഷേധിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. അതിനാലാണ് രേഖാമൂലമുള്ള ഉറപ്പ് പിസിബി ആവശ്യപ്പെടുന്നത്. 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധത്തിന് വിള്ളൽ സംഭവിച്ചിരുന്നു. പാകിസ്ഥാനുമായുള്ള എല്ലാ കായിക ബന്ധങ്ങളും ഇന്ത്യ ഇതോടെ ഒഴിവാക്കി. 2013 ൽ രണ്ട് ടി 20 യും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയ്ക്കായാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.

ടി 20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുമ്പോഴെല്ലാം സുരക്ഷ പാകിസ്ഥാന് ഒരു പ്രശ്‌നമാകില്ല, അവർക്ക് സുരക്ഷാ ഉറപ്പ് നൽകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു . കൊറോണ വൈറസ് പ്രതിസന്ധി മൂലം സമീപഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും അറിയാത്തതിനാൽ ഇപ്പോൾ ഒന്നും പറയേണ്ട ആവശ്യമില്ലാത്തതിനാലാണ് ബിസിസിഐ ഇപ്പോൾ ഇതിനെക്കുറിച്ച് പ്രതികരിയ്ക്കാത്തത്. ടി 20 ലോകകപ്പിൽ ആദ്യം ചില സ്ഥിരീകരണങ്ങളുണ്ടാകട്ടെ. പിന്നീട് സുരക്ഷയുടെയും മറ്റു നടത്തിപ്പിന്റെയും ആശങ്കകളെല്ലാം പരിഹരിക്കാനാകുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:Pakistan can come to india
You may also like this video