സംഝോധ എക്‌സ്പ്രസ് നിര്‍ത്തി; ഗുലാംനബിയെ ശ്രീനഗറില്‍ തടഞ്ഞു

Web Desk
Posted on August 08, 2019, 3:54 pm

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യപാക് ബന്ധം ഉലഞ്ഞതോടെ സംഝോധ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി. ഇതിന് പിന്നാലെ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പുറത്താക്കിയിരുന്നു. കൂടാതെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തിവയ്ക്കാനും കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനും ദേശീയ സുരക്ഷാ സമിതി തീരുമാനമെടുത്തിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇതിനുപുറമെ വ്യോമമേഖലയും പാകിസ്ഥാന്‍ അടച്ചു. സെപ്റ്റംബര്‍ അഞ്ച് വരെ അടച്ചിടാനാണ് തീരുമാനമെടുത്തിരിക്കുന്നത്. അതിനിടെ നിരോധനാജ്ഞ നിലനില്‍ക്കുന്ന കശ്മീരിലെത്തിയ കോണ്‍ഗ്രസ് രാജ്യസഭാ കക്ഷിനേതാവ് ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഗുലാംനബി ആസാദ് ഡല്‍ഹിയിലേക്ക് മടങ്ങി.