പ്രധാനമന്ത്രിയ്ക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ

Web Desk
Posted on October 27, 2019, 5:24 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. സൗദി സന്ദര്‍ശനത്തിനായാണ് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ അനുമതി തേടിയത്. എന്നാൽ ഇതു സംബന്ധിച്ചുള്ള അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു. പാക് തീരുമാനം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി അറിയിച്ചു.

ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പാകിസ്ഥാൻരെ നടപടി. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ആരംഭിക്കുന്നത് നാളെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്കുമായിട്ടാണ് പ്രധാനമന്ത്രി സൗദിയിലേക്ക് പോകുന്നത്. അതേസമയം പാക്കിസ്ഥാൻ അപേക്ഷ നിരസിച്ച കാര്യത്തിൽ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇത് മൂന്നാം തവണയാണ് ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെയുമാണ് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍ ഇതിന് മുന്‍പ് പ്രകോപനം സൃഷ്ടിച്ചത്. സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പോകുന്നതിന് മോദിക്കും, രാം നാഥ് കോവിന്ദിന് സെപ്റ്റംബറില്‍ തന്നെ ഐസ്‌ലന്‍ഡിലേക്ക് പോകുന്നതിനുമാണ് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചത്.