പാക് അധീന കശ്മീരില്‍ ഭൂചലനം: 22 മരണം ; 300 പേര്‍ക്ക് പരിക്ക്

Web Desk
Posted on September 24, 2019, 9:12 pm

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 22 മരണം. 300 ലധികംപേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വൈകിട്ട് 4.31 നാണ് ഭൂചലനമുണ്ടായത്. എട്ട് മുതല്‍ 10 സെക്കന്റ് ദൈര്‍ഘ്യം മാത്രം നീണ്ടുനിന്ന ഭൂമികുലുക്കത്തിന്റെ തീവ്രത 5.8 രേഖപ്പെടുത്തി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ശ്രീനഗറില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഉള്‍പ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലെ ജെഹ്‌ലും മേഖലയിലാണ് പ്രഭവകേന്ദ്രമെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാകേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂ മിര്‍പുര്‍ ജില്ലയിലും പാക് പഞ്ചാബിലുമാണ് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ന്യൂ മിര്‍പുരില്‍ റോഡുകള്‍ നെടുകെ പിളര്‍ന്നു. വീടുകളും പള്ളികളും തകര്‍ന്നുവീണു.
വടക്കന്‍ പാകിസ്ഥാനിലെ ഇസ്ലാമാബാദ്, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ ഭൂചലനത്തെ തുടര്‍ന്ന് 10 സെക്കന്‍ഡ് ആടിയുലഞ്ഞതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ്, ലാഹോര്‍, ഖൈബര്‍ പഖ്തൂണ്‍ മേഖല എന്നിവയുള്‍പ്പെടെ പാകിസ്ഥാനിലെ നിരവധി പട്ടണങ്ങളില്‍ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.
മിര്‍പൂരില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീഴുകയും ചെയ്തു. ഈ അപകടത്തില്‍ 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പാകിസ്ഥാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് പാക് സൈനിക മേധാവി നിര്‍ദേശിച്ചു.
പാകിസ്ഥാനിലെ പ്രധാന ജലസംഭരണിയായ മാംഗ്ല അണക്കെട്ട് മിര്‍പൂരിലാണ് സ്ഥിതിചെയ്യുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിനോട് അനുബന്ധിച്ച വൈദ്യുതനിലയം ഭൂചലനത്തെതുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. അതേസമയം അപ്പര്‍ ജെഹ്‌ലും കനാല്‍ ഭൂചലനത്തില്‍ തകര്‍ന്നതോടെ നിരവധി ഗ്രാമങ്ങളില്‍ വെള്ളംകയറി.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്ത് എവിടെയും ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹി, ചണ്ഡീഗഢ്, കശ്മീര്‍, ഡെറാഡൂണ്‍, നോയിഡ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഇറങ്ങി ഓടി.