Janayugom Online
pakisthan election- janayugam

പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Web Desk
Posted on July 25, 2018, 9:18 am

ഇസ്ലാമാബാദ്: രാഷ്ട്രീയ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമിടെ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.  രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാത്രി എട്ട് മണിയോടെ ആദ്യഫലങ്ങൾ അറിയാനാവും. പാകിസ്ഥാന്‍ മുസ്ലിംലീഗ്- നവാസ് സ്ഥാനാര്‍ത്ഥിയും ന​വാ​സ് ഷെരീഫിന്റെ സ​ഹോ​ദ​ര​നുമായ ഷഹബാസ് ഷെരീഫ്, തെ​ഹ്​​രീക് ഇ- ഇ​ന്‍​സാ​ഫ്​ പാ​ര്‍​ട്ടി നേ​താ​വ് ഇമ്രാ​ന്‍ ഖാ​ന്‍, പാ​കി​സ്ഥാന്‍ പീ​പ്പിള്‍സ്​ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ബി​ലാ​വ​ല്‍ ഭൂട്ടോ എന്നിവരാണ് സുപ്രധാന സ്ഥാനാര്‍ത്ഥികള്‍.

പാകിസ്ഥാന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തിരഞ്ഞെടുപ്പ് കാലമായിരുന്നു ഇത്. കഴി‌ഞ്ഞ ദിവസം ലാഹോറിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരു സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. ജൂലായ് 13ന് ബലൂചിസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിക്കുനേരെയുണ്ടായ ഐസ് എസ്  ചാവേറാക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പിലേക്ക് ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പാകിസ്ഥാന്‍ മുസ്ലിംലീഗ്- നവാസും പട്ടാളവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ, പട്ടാളം തിരഞ്ഞെടുപ്പില്‍ തെ​ഹ്​​രീക് ഇ- ഇ​ന്‍​സാ​ഫ്​ പാ​ര്‍​ട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന.

3.70 ലക്ഷം സൈനികരെയാണ് രാജ്യമെങ്ങും സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ തന്നെ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നാഷണല്‍ അസംബ്ലിയിലെ 272 സീറ്റുകളലേക്ക് 3459 സ്ഥാനാര്‍ഥികളും നാലു പ്രവിശ്യാ നിയമസഭകളലേക്കുള്ള 577 സീറ്റുകളലേക്ക് 8396 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. കനത്ത സുരക്ഷയിലാണ് പോളിംഗ് കേന്ദ്രങ്ങളെല്ലാം.