ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍. കശ്മീര്‍ വാദം, ജലം പങ്കിടല്‍, വ്യാപരം എന്നിവയുള്‍പ്പെടെയുള്ള ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സന്നദ്ധത അറിയിച്ചു. നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇറാനിലെ ടെഹ്റാനിലെത്തിയപ്പോഴായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രതികരണം കശ്മീർ പ്രശ്നം, ജല പ്രശ്നം ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ വ്യാപാരം, ഭീകരവാദം ചെറുക്കൽ എന്നിവ സംബന്ധിച്ചും അയൽ രാജ്യവുമായി സംസാരിക്കാനും ഞങ്ങൾ തയ്യാറാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ പാകിസ്ഥാന്‍ പ്രതികരിക്കും. ഇന്ത്യ തന്റെ സമാധാന വാഗ്ദാനം അംഗീകരിക്കുകയാണെങ്കിൽ, സമാധാനം ആത്മാർത്ഥമായും ഗൗരവമായും സ്വീകരിക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ചേർന്നുനടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചതു സംബന്ധിച്ച് മുമ്പും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പാക് അധിനിവേശ കാശ്മീർ തിരികെ നൽകുന്നതിലും ഭീകരവാദ വിഷയത്തിലും മാത്രമായിരിക്കും പാകിസ്ഥാനുമായി ചർച്ച നടത്തുകയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു.
ഭീകരതയും ചർച്ചകളും ഒരേ സമയം നടക്കില്ല. ഭീകരതയും വ്യാപാരവും നടക്കില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടക്കുകയാണെങ്കിൽ അത് ഭീകരതയെയും പാക് അധിനിവേശ കാശ്മീരിനെയും കുറിച്ച് മാത്രമായിരിക്കും അദ്ദേഹം അഭിപ്രായപ്പെട്ടു. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏത് ചർച്ചകളും ഒരു ദ്വികക്ഷി വിഷയമായി നിലനിൽക്കണമെന്നും അതിൽ മൂന്നാം കക്ഷിയുടെ പങ്കാളിത്തം ഉണ്ടാകരുതെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരർ 26 പേരെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തു. ഇന്ത്യയുടെ കടുത്ത ആക്രമണത്തിൽ പ്രതിരോധം തീർക്കാൻ സാധിക്കാതെ വന്നതോടെ മെയ് 10‑ന്പാകിസ്ഥാന്‍ വെടിനിർത്തലിനായി ഇന്ത്യയെ സമീപിക്കുകയും സൈനിക തലത്തിലുള്ള ചർച്ചകൾക്ക് ശേഷം, ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.