ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു?; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക

Web Desk
Posted on July 20, 2019, 12:29 pm

വാഷിംങ്ടണ്‍: 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2008 മുംബയ് ഭീകരാക്രമണത്തിന്റെയും മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ തലവനുമായ ഹാഫീസ് സയീദിനെ അറസ്റ്റ് ചെയ്ത പാകിസ്ഥാന്‍റെ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. അറസ്റ്റിന് ശേഷം സെയ്ദിന്‍റെ തീവ്രവാദ സംഘടന സജീവമാണെന്നും അതിനാല്‍ത്തന്നെ അറസ്റ്റ് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്നും അമേരിക്ക പറയുന്നു. അറസ്റ്റുകള്‍ ഇയാളുടെ പ്രവര്‍ത്തനങ്ങളിലോ ലഷ്‌കര്‍ ഇ തൊയ്ബയിലോ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് അമേരിക്കയുടെ പരാമര്‍ശം. ബുധനാഴ്ചയാണ് ഹാഫീസ് സയീദിനെ അറസ്റ്റ് ചെയ്തത്.

പാകിസ്ഥാന്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം മുമ്പത്തെ അറസ്റ്റുകള്‍ ഇയാളിലോ ഇയാളുടെ സംഘടനയിലോ  ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ജെയ്ഷ ഇ മുഹമ്മത് ലഷ്‌കര്‍ ഇ തൊയ്ബയും പോലുള്ള ഭീകര സംഘടനകള്‍ പാകിസ്ഥാനില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഉത്കണ്ഠയുണ്ട്. അതോടൊപ്പം പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗവും ഇത്തരം ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു.

അറസ്റ്റ് പുകമറ സൃഷ്ടിക്കാനായി നടത്തിയതല്ലെന്നും ആദ്യം നടത്തിയ അറസ്റ്റും ഇപ്പോഴത്തെ അറസ്റ്റും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള അവസരമാണ് പാകിസ്ഥാന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അമേരിക്കന്‍ വക്താക്കള്‍ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.