Janayugom Online
akistan ill-treat Kulbhushan Jadhav's family

അമ്മയോട് പൊട്ടിത്തെറിച്ചെന്നു കുൽഭൂഷൺ പറയുന്ന പുതിയ വീഡിയോ

Web Desk
Posted on January 04, 2018, 5:57 pm

ഇന്ത്യൻ ഹൈ കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥൻ തന്റെ അമ്മയോട് ക്രൂദ്ധയായി എന്ന് കുൽഭൂഷൺ ജാദവ് പറയുന്ന പുതിയ വീഡിയോ ദൃശ്യം  പാകിസ്ഥാൻ ഇന്ന് പുറത്തു വിട്ടു.

അമ്മയും ഭാര്യയുമായി കൂടിക്കാഴ്ചക്ക് അവസരം നൽകിയ ഇന്ത്യൻ, പാകിസ്ഥാൻ സർക്കാരുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. “എന്നെ കണ്ടതിൽ  എന്റെ അമ്മ വളരെ സന്തോഷവതിയായിരുന്നു, പക്ഷെ എന്റെ അമ്മയുടെയും ഭാര്യയുടെയും മുഖത്ത് ഭയം കാണാനുണ്ടായിരുന്നു. കൂടിക്കാഴ്ച കഴിഞ്ഞപ്പോൾ ഇന്ത്യൻ നയതന്ത്രജൻ എന്റെ അമ്മയോട് ഒരു അന്യയെന്ന പോലെ പൊട്ടിത്തെറിച്ചു” കുൽഭൂഷൺ പറഞ്ഞു.

“എനിക്ക് ഇന്ത്യൻ പൊതു സമൂഹത്തോടും സർക്കാരിനോടും മാധ്യമങ്ങളോടും പറയാനുള്ളത്, ഞാൻ ഇന്ത്യൻ നേവിയുടെ കമ്മീഷൻ ചെയ്ത ഓഫീസറാണ്. ഞാനൊരു രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എന്തിനാണ് കള്ളം പറയുന്നത്?”

ജാദവിനെ 2016 മാർച്ചിൽ ഇറാനിയൻ അതിർത്തിയായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണ്  അറസ്റ്റ് ചെയ്തത്. ചാരവൃത്തിയും ഭീകര പ്രവർത്തനവും ആരോപിച്ച്  പട്ടാള കോടതി വിധിച്ച വധ ശിക്ഷക്കെതിരെയുള്ള  അപ്പീൽ കരസേനാ മേധാവി ഖമർ ബജ്‌വയുടെ പരിഗണനിയിലാണ്. വധ ശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ നിന്ന് കഴിഞ്ഞ മേയിൽ സ്റ്റേ നേടി. ഡിസംബർ 25 നാണ് ഇസ്ലാമബാദിൽ വച്ച് അമ്മയും ഭാര്യയും കുൽഭൂഷണെ കണ്ടത്.

“ഇത് ഒട്ടും അദ്‌ഭുതം ഉണ്ടാക്കുന്നില്ല,” ഇന്ത്യൻ വിദേശ മന്ത്രാലയം വീഡിയോയെക്കുറിച്ചു പ്രതിപാദിച്ചു. “പാകിസ്ഥാൻ നിർബന്ധിച്ചുള്ള പ്രസ്താവനകൾ വിഡിയോയിലൂടെ നൽകുകയാണ്. പ്രചാരണത്തിന് വേണ്ടിയുള്ള ഇത്തരം ഏർപ്പാടുകൾ ഒട്ടും വിശ്വാസ്യത ജനിപ്പിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. അന്താരാഷ്ട്ര മര്യാദകൾ പാലിക്കുകയും, മനുഷ്യവകാശ ധ്വംസനം നിർത്തുകയുമാണ് പാകിസ്ഥാൻ ചെയ്യേണ്ടത്,” മന്ത്രാലയം പറഞ്ഞു.