19 April 2024, Friday

Related news

February 3, 2024
January 31, 2024
January 30, 2024
December 13, 2023
September 29, 2023
August 29, 2023
August 9, 2023
August 5, 2023
July 26, 2023
July 22, 2023

പാക് കലാപം; സംഘര്‍ഷങ്ങളില്‍ ആറ് മരണം, 1000 പേര്‍ അറസ്റ്റില്‍

Janayugom Webdesk
ഇസ്ലാമാബാദ്
May 10, 2023 10:08 pm
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തുണ്ടായ കലാപത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇമ്രാന്‍ഖാനെ മൂന്ന് എട്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു.
എന്നാല്‍ രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെട്ടെന്നും കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇമ്രാന്‍ പറ‍ഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജീവനില്‍ ഭീഷണിയുള്ളതായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെതിരെ കള്ളപ്പണ ഇടപാട് കേസിലെ ദൃക്സാക്ഷി മക്സൂദ് ചപ്രാസിയുടെ അവസ്ഥ വരുമെന്ന് ഭയപ്പെടുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ചപ്രാസി മരിച്ചത്.
    പെഷവാറില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ജീവഹാനിയുണ്ടായത്.  കൈകാലുകളില്‍ വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്.
      ലഹോറിലെ സമാന്‍ പാര്‍ക്കിലുള്ള ഇമ്രാന്‍ ഖാന്റെ വസതിയില്‍ പരിശോധന നടക്കുന്നതായി പിടിഐ നേതാവ് ഷിരീന്‍ മസാരി ട്വീറ്റ് ചെയ്തു. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയും ഏതാനും സഹായികളും മാത്രമാണ് വീട്ടിലുള്ളതെന്നും അവരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. പിടിഐ വൈസ് ചെയര്‍ ഷാ മഹമൂദ് ഖുറേഷിയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.

പാകിസ്ഥാനില്‍ 1000 പേര്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരം പേരെ അറസ്റ്റ് ചെയ്തു.
945 പേരെ അറസ്റ്റ് ചെയ്തതായും 130 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പൊലീസ് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടാതെ നൂറിലധികം പേരെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 25 പൊലീസ് വാഹനങ്ങളാണ് അക്രമികൾ പഞ്ചാബ് പ്രവിശ്യയിൽ മാത്രം തീയിട്ടത്. 14 സർക്കാർ മന്ദിരങ്ങൾ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
പ്രവിശ്യകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ പ്രതിനിധി അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അതിർത്തിരക്ഷാ സേന കോടതിയിൽ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. . അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ അംഗങ്ങൾ വാഹനത്തിന്റെ ജനാലച്ചില്ല തകർത്ത് അകത്തുകടന്ന് അദ്ദേഹത്തെ പിടികൂടിയത്.
ഇമ്രാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തു വലിയ തോതിലുള്ള കലാപമാണ് പൊട്ടിപുറപ്പെട്ടത്. പ്രതിഷേധത്തിനു പിടിഐ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ തെരുവിലിറങ്ങി. ഇസ്‌ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ലഹോർ കോർ കമാൻഡറുടെ വീട് അടിച്ചുതകർത്തു. ഫൈസലാബാദിൽ ആഭ്യന്തരമന്ത്രി റാണാ സനവുല്ലയുടെ വീട് ആക്രമിച്ചു. കറാച്ചി, പെഷാവർ, റാവൽപിണ്ടി തുടങ്ങി മറ്റു നഗരങ്ങളിലും സംഘർഷമുണ്ട്. സമൂഹമാധ്യങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്റര്‍നെറ്റ് വിശ്ചേദിച്ചിരിക്കുകയാണെന്ന് പാക് ദിനപത്രമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Sum­ma­ry; Pak­istan riots over Imran Khan’s arrest con­tin­ue as army deployed, 5 peo­ple killed in clashes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.