അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് പാകിസ്ഥാന്‍: നിഷേധിച്ച് ഇന്ത്യ

Web Desk
Posted on August 16, 2019, 11:19 am

ശ്രീനഗര്‍: നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചതായുള്ള പാക് സൈന്യത്തിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെയ്പ്പിനെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം ഇന്നലെ അറിയിച്ചിരുന്നു.
ഉറി, രജൗരി സെക്ടറുകളില്‍ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പു നടത്തുകയായിരുന്നു. ലാന്‍സ് നായിക് തൈയ്മൂര്‍, നായിക് തന്‍വീര്‍, റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് പാക് സൈന്യം രംഗത്തെത്തിയത്. ഐഎസ്പിആര്‍ ഡിജി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായും നിരവധി ബങ്കറുകള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു. നേരത്തെ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെത്തുടര്‍ന്ന് പാക് സൈന്യം ലഡാക്ക് അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി സൂചനകളുണ്ടായിരുന്നു.