ഇന്ത്യന്‍ ഗാനത്തിന് ദേശീയ പതാക വീശി നൃത്തം; പാകിസ്ഥാനി സ്‌കൂളിന്‍റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍റ് ചെയ്തു

Web Desk
Posted on February 17, 2019, 12:15 pm
കുട്ടികളവതരിപ്പിച്ച നൃത്തത്തില്‍ നിന്ന്‌

കറാച്ചി: ഇന്ത്യന്‍ ദേശീയ പതാക വീശി പാകിസ്ഥാനി വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തതിനെ തുടര്‍ന്ന് കറാച്ചിയിലെ സ്‌കൂളിന്‍റെ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തു. ‘ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ഗാനത്തിനാണ് ഇന്ത്യന്‍ ദേശീയ പതാക വീശി പാകിസ്ഥാനിലെ വിദ്യാര്‍ഥികള്‍ ചുവടുവെച്ചത്.

കറാച്ചിയിലെ മമ ബേബി കെയര്‍ സ്‌കൂളിലാണ് സംഭവം. സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളുടെ നൃത്തം കണ്ട സിന്ധിലെ ഡയറക്ടറേറ്റ് ഓഫ് ഇന്‍സ്‌പെക്ഷനിലെ ഉദ്യോഗസ്ഥരാണ് സ്‌കൂളിനെതിരെ നടപടി സ്വീകരിച്ചത്.

സ്‌കൂളിന്‍റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തത് വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഡയറക്ടറേറ്റ് സ്‌കൂള്‍ അധികൃതര്‍ക്ക് അയച്ചു. സ്‌കൂളിന്‍റെ പ്രവര്‍ത്തി അധിക്ഷേപകരമാണെന്നും രാജ്യത്തിന്‍റെ അന്തസ്സിന് എതിരാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഡയറക്ടറേറ്റിനു മുമ്പില്‍ ഹാജരാകാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കത്തിനോട് തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. സ്‌കൂളിന്‍റെ മറ്റ് ബ്രാഞ്ചുകളുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമോയെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍ ഭയക്കുന്നത്.

വ്യത്യസ്ഥ രാജ്യങ്ങളിലെ സംസ്‌കാരത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്‍റാണ് പരിപാടി സംഘടിപ്പിച്ചതെന്നും, പരിപാടിയില്‍ സൗദി അറേബ്യ, യുഎസ്, ഈജിപ്ത്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളുടെ സാംസ്‌ക്കാരത്തെ കുറിക്കുന്ന പരിപാടികള്‍ ഉണ്ടെന്നും എന്നാല്‍ ചിലര്‍ പരിപാടിയുടെ ചില ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്‌തെടുത്ത് കാര്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും സ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.