Janayugom Online
Mumbai attack

പാകിസ്ഥാന്‍ കുറ്റവാളികളെ നീതിക്ക് മുന്നിലെത്തിക്കുന്നില്ല: ഇന്ത്യ

Web Desk
Posted on November 26, 2018, 10:45 pm

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും മുഖ്യ ആസൂത്രകര്‍ പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ വീണ്ടും പ്രതികരിച്ചു. കുറ്റവാളികളെ നീതിക്ക് മുന്നിലെത്തിക്കാന്‍ വേണ്ടത്ര ആത്മാര്‍ഥത പാകിസ്ഥാന്‍ കാണിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തെ വിറപ്പിച്ച 58 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ 166 നിരപരാധികളാണ് കൊല്ലപ്പെട്ടത്.
പിടിക്കപ്പെടില്ലെന്ന ഉറപ്പിന്മേലാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകര്‍ പാകിസ്ഥാനിലെ നിരത്തുകളിലൂടെ സൈ്വര്യവിഹാരം നടത്തുന്നത്. ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാകിസ്ഥാനില്‍ നിന്നായിരുന്നു. ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ഭീകരാക്രമണത്തിന്റെ ആസൂത്രകരെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ജമാ അദ് ഉദ്ദവ തലവന്‍ ഹാഫിസ് സയിദ് പാകിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനെതിരെ ഇന്ത്യയും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ശക്തമായി അപലപിച്ചിരുന്നു. ആക്രമണം നടന്നതുമുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഹാഫിസ് സയിദിനെ 2009ലാണ് പാകിസ്ഥാന്‍ മോചിപ്പിച്ചത്. പിന്നീട് ഇയാള്‍ പാക് രാഷ്ട്രീയത്തിലും സജീവമായി.