Web Desk

സ്വീഡന്‍

May 02, 2020, 11:49 am

സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയ പാക്ക് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

Janayugom Online

പാക്കിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് സ്വീഡനിൽ അഭയം തേടിയ മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പാക്കിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്ന ബലൂചിസ്താൻ ടൈംസ് എന്ന ഓൺലൈൻ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായിരുന്ന സാജിദ് ഹുസൈനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ച് മാസം മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു.  മൃതദേഹം കണ്ടെത്തിയിട്ട് ഓരാഴ്ചയോളമായെന്നാണ് വിവരം. ഏപ്രിൽ 23 ന് സ്റ്റോക്ഹോമിന് സമീപമുള്ള അപ്സലയിൽ ഫൈറിസ് നദീതീരത്ത് നിന്നാണ്  മൃതദേഹം കണ്ടെത്തുന്നതെന്ന് എഎഫ്പി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മൃതദേഹ പരിശോധനയിൽ മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. . അപകടമോ, കൊലപാതകമോ, ആത്മഹത്യയോ ആകാം. എന്നാൽ കാരണം നിലവിൽ അവ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. വധഭീഷണിയെ തുടർന്ന് പാക്കിസ്താനിൽ നിന്ന് പലായനം ചെയ്ത് സ്വീഡനിൽ രാഷ്ട്രീയാഭയം തേടിയ സാജിദ് ഹുസൈന്‍ അപ്സലായിൽ പാർട്ട് ടൈം പ്രൊഫസർ ആയി ജോലി ചെയ്യുകയായിരുന്നു.

2012ലാണ്  സാജിദ്  പാക്കിസ്താനിൽ നിന്ന് പലായനം ചെയ്തത്. 2017ൽ സ്വീഡനിൽ എത്തി. 2019ൽ സ്വീഡൻ ഇദ്ദേഹത്തിന് രാഷ്ട്രീയാഭയം നൽകി. പ്രവിശ്യയിലെ മയക്കുമരുന്ന് കള്ളക്കടത്തുകൾ, ആളുകളെ തട്ടിക്കൊണ്ടുപോകൽ, സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു സാജിദ്. ഇതേ തുടർന്നുണ്ടായ വധഭീഷണിയെ തുടർന്നാണ് ഇദ്ദേഹം പാലായനം ചെയ്തത്.

you may also like this video