വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മിൽ വാക്കേറ്റം: വിഡിയോ വൈറൽ

Web Desk
Posted on February 27, 2018, 9:19 am

ഇസ്ലാമാബാദ്: വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ വൈറൽ. ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകർ തമ്മിലാണ് വാക്കേറ്റം നടന്നത്. ഉറുദുവിലാണ് ഇവര്‍ തമ്മിലുള്ള വാക്കേറ്റം.

വാര്‍ത്താ അവതരണത്തിന്റെ ഇടവേളയിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്.

തുടര്‍ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതിൻെറയും ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഇതിനോടുള്ള അവതാരകയുടെ മറുപടി.

ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്. അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി വാര്‍ത്താ വായനക്കാരന്‍.

https://www.facebook.com/MediaLive92/videos/2007917769448779/

വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാനും സാധിക്കുന്നുണ്ട്.