ചാരവൃത്തി: പാക് ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു

Web Desk

ന്യൂഡൽഹി

Posted on June 01, 2020, 10:07 pm

ചാരവൃത്തി നടത്തിയതിനെത്തുടർന്ന് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു. അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് പുറത്താക്കിയതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നാലുവർഷത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്. ചാരവൃത്തിയുടെ പേരിൽ 2016 ഒക്ടോബറിൽ ഇന്ത്യയും പാകിസ്ഥാനും ഇരുരാജ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

ഒരു ഇന്ത്യൻ വംശജനിൽ നിന്ന് ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തിന്റെ രേഖകൾ വാങ്ങി പണവും ഐഫോണും കൈമാറുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇന്ത്യൻ പൗരന്മാരാണെന്ന് അവകാശപ്പെട്ടതായും വ്യാജ ആധാർ കാർഡ് നിർമ്മിച്ചതായും ഔദ്യോഗികവൃത്തങ്ങൾ പറയുന്നു. പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരാണെന്നും ഐ‌എസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും ചോദ്യം ചെയ്യലിൽ അവർ സമ്മതിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഉദ്യാഗസ്ഥരെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയെ പാകിസ്ഥാൻ അപലപിച്ചു. ചാരപ്പണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാൻ അറിയിച്ചു.

Eng­lish sum­ma­ry: Pak­istani offi­cials to leave India

You may also like this video: