പാകിസ്ഥാൻ യാത്രാ വിമാനം കറാച്ചിയില്‍ തകര്‍ന്നു വീണു; 38 മരണം

Web Desk

കറാച്ചി

Posted on May 22, 2020, 4:12 pm

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. മുപ്പത്തിയെട്ട് യാത്രക്കാർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിമാനത്തിൽ 31 വനിതകളും 9 കുട്ടികളുമുണ്ടായിരുന്നു. തകർന്നുവീണ യാത്രാവിമാനത്തിൽ നിന്ന് രണ്ട് പേർ രക്ഷപ്പെട്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 16 വർഷം പഴക്കമുള്ളതാണു വിമാനമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.


ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നു വീണത്. എട്ട് വീടുകള്‍ തകര്‍ന്നു. പരിക്കേറ്റ 20 താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം താത്കാലികമായി അടച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ഡൗണ്‍ ഇളവ് നല്‍കി വിമാന സര്‍വീസിന് പാകിസ്ഥാന്‍ അനുമതി നല്‍കിയത്.

വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള ശ്രമത്തിനിടെ രണ്ട് എൻജിനുകളും തകരാറിലായെന്ന് പൈലറ്റ് കൺട്രോൾ ടവറിലേക്ക് സന്ദേശം അയച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ ഏതെങ്കിലുമൊന്നിൽ ലാൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ ലാൻഡിങ്ങിനിടെ സഹായം അഭ്യർഥിക്കുന്ന ‘മേയ്ഡേ’ സന്ദേശവും പൈലറ്റിൽനിന്നെത്തി. അതിനുശേഷം എല്ലാ ആശയവിനിമയങ്ങളും നിലച്ചെന്നും റിപ്പോർട്ടിലുണ്ട്.

വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തതാണു പ്രശ്നമെന്നാണ് പ്രാഥമിക നിഗമനമെന്ന് വ്യോമയാന മന്ത്രി ഗുലാം സർവർ പറഞ്ഞു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. 2016 ഡിസംബർ ഏഴിന് ഇസ്‌ലാമാബാദിലേക്കുള്ള വിമാനം തകർന്ന് 48 പേർ മരിച്ചതിനു ശേഷം പാകിസ്ഥാനിലുണ്ടായ ഏറ്റവും വലിയ അപകടമാണിത്. വിമാനാപകടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം അറിയിച്ചു.‌

you may also like this video;