പാക് പ്രസിഡന്‍റിന്‍റെ പിതാവ് നെഹ്റുവിന്‍റെ ദന്തിസ്റ്റ്

Web Desk
Posted on September 05, 2018, 2:20 pm

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ പുതിയ പ്രസിഡന്‍റ് ഡോ. ആരിഫ് അല്‍വിക്ക് ഇന്ത്യയുമായി വളരെ രസകരമായ ഒരു ബന്ധമുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ദന്ത ഡോക്ടറായിരുന്നു ആരിഫ് അല്‍വിയുടെ പിതാവ്. പാര്‍ട്ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആരിഫ് അല്‍വിയുടെ ജീവചരിത്രത്തിലാണ് ഈ രസകരമായ കാര്യം പറഞ്ഞിരിക്കുന്നത്.

ആരിഫ് അല്‍വിയുടെ പിതാവ് ഡോ.ഹബീബ് ഉര്‍ റഹ്മാന്‍ ഇലഹി അല്‍വിയാണ് ഇന്ത്യ‑പാക് വിഭജനത്തിനു മുന്നേ നെഹ്‌റുവിന്‍റെ ദന്ത ഡോക്ടറായി സേവനം അനുഷ്ടിച്ചത്. വിഭജനത്തിന് ശേഷം അല്‍വിയുടെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു. സ്വാതന്തത്തിന് ശേഷം കറാച്ചിയിലാണ് ആരിഫ് അല്‍വിയുടെ ജനനം.

പാകിസ്ഥാനിലേക്ക് കുടിയേറി പാര്‍ത്തതിന് ശേഷവും ഇരുവരും തമ്മില്‍ സൗഹൃദം പുലര്‍ത്തിയിരുന്നു. നെഹ്റു എഴുതിയ കത്തുകള്‍ ആരിഫ് അല്‍വിയുടെ കൈവശമുണ്ടെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിനെ പോലെ തന്നെ ദന്ത ഡോക്ടറാണ് ആരിഫ് അല്‍വിയും.